ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെല്ലാവരും ഭരണഘടനയുടെ ആമുഖം വായിക്കാനും അതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ നൽകാനും കേന്ദ്ര സർക്കാരിന്റെ നിർദേശം. ഇതിനായി മലയാളം ഉൾപ്പെടെ 23 ഭാഷകളിൽ ഭരണഘടനയുടെ ആമുഖം പ്രത്യേക പോർട്ടലിലൂടെ ലഭ്യമാക്കും. നവംബർ 26നു നടക്കുന്ന ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായാണിത്. അന്നു രാവിലെ 11ന് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഭരണഘടനയുടെ ആമുഖം വായിക്കും. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവരും പങ്കെടുക്കും. 

കോവിഡ് മാനദണ്ഡം പാലിച്ചു പരിപാടി നടത്താൻ സ്കൂളുകൾ, കോളജുകൾ, ഓഫിസുകൾ തുടങ്ങിയവയ്ക്കും നിർദേശം നൽകും. ജനപങ്കാളിത്തം ഉറപ്പാക്കാൻ സംസ്ഥാന സർക്കാരുകളോടും അഭ്യർഥിക്കുമെന്നു പാർലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി വി. മുരളീധരൻ, വാർത്താവിതരണ സഹമന്ത്രി എൽ. മുരുകൻ എന്നിവർ അറിയിച്ചു. ഭരണഘടന വായിച്ച് വിഡിയോ സമൂഹമാധ്യമങ്ങളിൽ നൽകി ഓൺലൈൻ സർട്ടിഫിക്കറ്റും കേന്ദ്ര സർക്കാർ ലഭ്യമാക്കും. പത്മശ്രീ ജേതാവ് ജയ്പ്രകാശ് ലഖിവാളാണ് ഈ സർട്ടിഫിക്കറ്റ് രൂപകൽപന ചെയ്തത്. 

ഭരണഘടന, ജനാധിപത്യം എന്ന വിഷയത്തിൽ ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിക്കും. ആർക്കും ഇതിൽ പങ്കെടുക്കാം. പങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭിക്കും. ഭരണഘടന വായനയ്ക്കും ക്വിസിനുമുള്ള പോർട്ടലുകൾ 26 മുതൽ സജ്ജമാകും. അതേസമയം, ഭരണഘടന ബോധവൽക്കരണമാണ് ഉദ്ദേശിക്കുന്നതെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. കേന്ദ്ര സർക്കാരിനെതിരെ നേരത്തെ കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും നടത്തിയ പ്രതിഷേധ പരിപാടിയും ഭരണഘടനയുടെ ആമുഖം വായിച്ചായിരുന്നു. 

Content Highlight: Constitution day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com