ADVERTISEMENT

ന്യൂഡൽഹി ∙ അടിയന്തര സാഹചര്യങ്ങൾക്കായുള്ള കരുതൽ ശേഖരത്തിൽനിന്നു കമ്പനികൾക്ക് ക്രൂഡ് നൽകാൻ യുഎസും ഇന്ത്യയും ഉൾപ്പെടെ തീരുമാനിച്ചതോടെ പെട്രോളിയം വിപണിയിൽ ഉൽപാദകരും പ്രധാന ഉപയോക്താക്കളും തമ്മിൽ ഏറ്റുമുട്ടൽ ശക്തമായി. ക്രൂഡിന്റെ കരുതൽ ശേഖരത്തിൽനിന്ന് യുഎസ് 5 കോടി ബാരലും ഇന്ത്യ 50 ലക്ഷം ബാരലുമാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ കമ്പനികൾക്കു നൽകുക. ഇതോടെ, ഇന്ധനവില കുറയുമെന്ന സൂചനയുമുണ്ട്.

വില നിയന്ത്രണത്തിന് യുഎസ് മുൻകൈയെടുത്ത നീക്കത്തിനെതിരെ സൗദി അറേബ്യയും റഷ്യയും നേതൃത്വം നൽകുന്ന എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് രംഗത്തെത്തി. കോവിഡ് പ്രതിസന്ധിക്കുശേഷം വിപണിയുടെ ഉത്തേജനം സാധ്യമാക്കാൻ ഉൽപാദനം വർധിപ്പിക്കണമെന്നാണ് ഒപെക് പ്ലസിനോട് ആവശ്യപ്പെട്ടത്. എന്നാൽ, പ്രമുഖ ഉപയോക്താക്കൾ കരുതൽ ശേഖരം തുറന്നതോടെ, ഉൽപാദനം കുറയ്ക്കുമെന്നാണു കയറ്റുമതി രാജ്യങ്ങളുടെ ഭീഷണി. എന്തുവേണമെന്ന് അടുത്ത മാസം 2ന് ഒപെക് പ്ലസ് തീരുമാനിക്കും.

കഴിഞ്ഞ മാസം രാജ്യാന്തര വിപണിയിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വില കുത്തനെ ഉയർന്നപ്പോൾ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണു കരുതൽ ശേഖരത്തിൽനിന്ന് എണ്ണ ലഭ്യമാക്കാൻ നീക്കം നടത്തിയത്. ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, ബ്രിട്ടൻ എന്നിവയും ഇതേ നടപടി സ്വീകരിക്കണമെന്ന് ബൈഡൻ അഭ്യർഥിച്ചു. നാലു രാജ്യങ്ങളും അനുകൂലമായി പ്രതികരിച്ചു. കരുതൽ ശേഖരത്തിൽനിന്നു ക്രൂഡ് ലഭ്യമാക്കി രാജ്യങ്ങൾ വിപണിയിൽ ഇടപെടുമെന്ന സൂചന വന്നപ്പോൾ, കഴി‍ഞ്ഞ കുറെ ദിവസങ്ങളായി എണ്ണവില കുറയുന്നുണ്ട്.

കഴിഞ്ഞ മാസം ബാരലിന് 86 ഡോളർവരെ വില ഉയർന്നിരുന്നെങ്കിൽ, ഇന്നലെ അത് 79–80 ഡോളറായി. എന്നാൽ, കരുതൽ ശേഖരത്തിൽനിന്നു രാജ്യങ്ങൾക്കു ലഭ്യമാക്കാവുന്നതിനെക്കാൾ കൂടുതൽ എണ്ണ വിപണിയിൽനിന്നു തടഞ്ഞുവച്ച് തിരിച്ചടിക്കാൻ ഉൽപാദകർ ശ്രമിക്കുമെന്ന ആശങ്കയുമുണ്ട്.

English Summary: Japan, India Working on Oil-Stock Release With U.S., Timing Unclear -Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com