ADVERTISEMENT

ന്യൂഡൽഹി∙ ആർഎസ്പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും മുൻ രാജ്യസഭാംഗവുമായ അബനി റോയ് (82) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്നലെ രാവിലെ 11ന് റാം മനോഹർ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം. ലോധി റോഡ് ശ്മശാനത്തിൽ സംസ്കാരം നടത്തി. 

ഇടതു കക്ഷികളുടെ ഐക്യത്തിനും യുപിഎ സർക്കാർ രൂപീകരണത്തിലും നിർണായക പങ്കുവഹിച്ച അദ്ദേഹം, ദേശീയതലത്തിൽ ആർഎസ്പിയുടെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. തൊഴിലാളി സംഘടനയായ യുടിയുസിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. ആർഎസ്പിയുടെ ഡൽഹി കേന്ദ്ര കമ്മിറ്റി ഓഫിസിന്റെ ചുമതലയും വഹിച്ചു. 

യുപിയിലെ അലഹാബാദിൽ 1939 മാർച്ച് 10ന് ജനിച്ച അദ്ദേഹം, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നു വിദ്യാഭ്യാസം പൂർത്തിയാക്കി. 1959 ൽ ആർഎസ്പിയിൽ ചേർന്നു. 1978– 80 ൽ കൊൽക്കത്ത കോർപറേഷൻ കൗൺസിലറായി. 1998 – 2009 ൽ 2 തവണ രാജ്യസഭാംഗമായി. തൊഴിൽ, ടൂറിസം, റയിൽവേ, ധനം, ആരോഗ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതികളിൽ അംഗമായിരുന്നു. എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ ഡൽഹിയിലെ വസതിയിലായിരുന്നു താമസം. അവിവാഹിതനാണ്. 

ഇടത്, വലത് ആർഎസ്പിയുടെ ദേശീയ മുഖം

ഇടതുമുന്നണിയിലുള്ള ബംഗാൾ ആർഎസ്പിയും യുഡിഎഫിലുള്ള കേരള ആർഎസ്പിയും ഡൽഹിയിൽ എൻ.കെ.പ്രേമചന്ദ്രന്റെ വീട്ടിൽ ഒരുമിച്ചു. അബനി റോയ് എന്നായിരുന്നു ആ ഒരുമയുടെ പേര്. പാർട്ടിയുടെ സൈദ്ധാന്തികനല്ല, മികച്ച വാഗ്മിയുമല്ല. എങ്കിലും അബനിയായിരുന്നു ഏറെക്കാലം ഡൽഹിയിൽ ആർഎസ്പിയുടെ വക്താവ്. മനുഷ്യപ്പറ്റോടെയുള്ള ഇടപെടലായിരുന്നു ആ ലളിത ജീവിതത്തിന്റെ മുഖമുദ്ര.

ഐക്യമുന്നണി സർക്കാരിന്റെ കാലത്ത് അതിന്റെ സ്റ്റിയറിങ് കമ്മിറ്റിയിലും യുപിഎ സർക്കാരിന്റെ കാലത്ത് യുപിഎ–ഇടത് ഏകോപന സമിതിയിലും അബനി അംഗമായിരുന്നു. ആർക്കും കടന്നു ചെല്ലാവുന്ന ആർഎസ്പി ഓഫിസും ചിരിച്ചുകൊണ്ടു മാത്രം സ്വീകരിക്കുന്ന അബനിയും സ്വാഭാവികമായും മാധ്യമപ്രവർത്തകർക്ക് പ്രിയപ്പെട്ട ഇടമായി. ഏറെക്കാലം, ബംഗാളിൽനിന്നു ഡൽഹിയിൽ സ്ഥിരമായുള്ള ഇടതു നേതാവ് അബനി മാത്രമായിരുന്നു. പാർട്ടി കേന്ദ്രനേതൃത്വത്തിന്റെ വിമർശനത്തിനു മുന്നിൽ പതറിയപ്പോൾ 2009 ൽ അബനി പ്രാഥമിക അംഗത്വം രാജിവച്ചു. അപ്പോഴേക്കും അബനി പാർട്ടിയിലെത്തിയിട്ട് അരനൂറ്റാണ്ട് തികഞ്ഞിരുന്നു. രാജി പാർട്ടി അംഗീകരിച്ചില്ല. 

പാർട്ടി ജനറൽ സെക്രട്ടറി ത്രിദീപ് കുമാർ ചൗധരി തിരുവനന്തപുരത്ത് ആയുർവേദ ചികിൽസയ്ക്ക് എത്തിയപ്പോൾ സഹായിയായി അബനിയാണുണ്ടായിരുന്നത്. ആ 3 മാസംകൊണ്ട് അബനിക്ക് മലയാളം കേട്ടാൽ മനസ്സിലാവും, ഏതാനും വാക്കുകൾ പറയാം എന്ന നിലയെത്തി. ബംഗാളിനാവുകൊണ്ടായിരുന്നു ഉച്ചാരണം എന്നതിനാൽ പറയുന്ന മലയാളം അത്ര മനസ്സിലാവണമെന്നില്ലെന്നു മാത്രം.

എന്നാൽ, 2014 ൽ കേരളത്തിലെ ആർഎസ്പി മുന്നണി മാറാൻ തീരുമാനിച്ചപ്പോൾ അതിനുള്ള ന്യായവാദങ്ങൾ കൃത്യമായി മനസ്സിലായ കേന്ദ്ര നേതാവ് അബനിയായിരുന്നു. അബനിയെയാണ് വിഷയം പഠിക്കാൻ കേരളത്തിലേക്ക് നേതൃത്വം നിയോഗിച്ചതും. കേരളത്തിലെ പാർട്ടി യുഡിഎഫിലേക്കു പോകുന്നതു ശരിയെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളിലും കേരളത്തിലും രണ്ടുമുന്നണിയിലെങ്കിലും ഡൽഹിയിലാകുമ്പോൾ പക്ഷം ഇടതുതന്നെയെന്നും. അതിന്റെ അടയാളമെന്നോളമായിരുന്നു കഴിഞ്ഞ ഏഴര വർഷം പ്രേമചന്ദ്രന്റെ വസതിയിൽ അബനിയുടെ ജീവിതം.

English Summary: RSP leader Abani Roy passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com