ADVERTISEMENT

ന്യൂഡൽഹി ∙ മേഘാലയയിൽ മുൻ മുഖ്യമന്ത്രി അടക്കമുള്ള മുൻനിര നേതാക്കളെ അടർത്തിയെടുത്ത് കോൺഗ്രസിനെ തൃണമൂൽ കോൺഗ്രസ് ഞെട്ടിച്ചു. സംസ്ഥാനത്തെ 17 കോൺഗ്രസ് എംഎൽഎമാരിൽ മുൻ മുഖ്യമന്ത്രി മുകുൾ സാങ്മ ഉൾപ്പെടെ 12 പേരും തൃണമൂലിൽ ചേർന്നു. തൃണമൂൽ ആവും സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷം. തൃണമൂലിൽ ചേരുകയാണെന്നറിയിച്ച് എംഎൽഎമാർ സ്പീക്കർക്കു കത്തു നൽകി. മൂന്നിൽ രണ്ടിൽ കൂടുതൽ പേരും മറുകണ്ടം ചാടിയതിനാൽ കൂറുമാറ്റ നിയമം എംഎൽഎമാർക്ക് ബാധകമാവില്ല. 

കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് തൃണമൂൽ കൂടുതൽ സംസ്ഥാനങ്ങളിൽ വലവിരിക്കുന്നതിന്റെ സൂചനയാണ് മേഘാലയ നൽകുന്നത്. യുപി, ഗോവ, അസം സംസ്ഥാനങ്ങളിലും നേരത്തെ നേതാക്കളെ അടർത്തിയെടുത്തിരുന്നു. ഏതാനും നേതാക്കളെ കേന്ദ്രീകരിച്ചാണു മുൻപ് നീക്കങ്ങൾ നടത്തിയിരുന്നതെങ്കിൽ ഒരുപടി കൂടി കടന്ന് സംസ്ഥാനത്തെ പാർട്ടി നേതാക്കളെ ഒന്നിച്ചു വിഴുങ്ങുന്ന തരത്തിലേക്കാണ് തൃണമൂൽ തന്ത്രം മാറ്റിയത്. 

രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ആണ് തൃണമൂലിന്റെ ‘മിന്നലാക്രമണ’ത്തിനു ചുക്കാൻ പിടിച്ചത്. അടുത്തിടെ സാങ്മയും പ്രശാന്തും കൊൽക്കത്തയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. 2023ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയയിലെ രാഷ്ട്രീയക്കളത്തിൽ തൃണമൂലിനെ രംഗത്തിറക്കാൻ പ്രശാന്തും സംഘവും ഏതാനും നാളുകളായി സംസ്ഥാനത്ത് ക്യാംപ് ചെയ്യുന്നുണ്ട്. 

മേഘാലയ രാഷ്ട്രീയം ഏതാനും വർഷങ്ങളായി 2 സാങ്മമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇടയിലാണ്. മുകുൾ സാങ്മയും ഇപ്പോഴത്തെ മുഖ്യമന്ത്രി കൊൺറാഡ് സാങ്മയും ഗാരോ ഹിൽസിൽ നിന്നുള്ളവരാണ്. മുകുൾ സാങ്മയും എംഎൽഎമാരായ ഭാര്യ ഡിക്കാഞ്ചി ഷിറ, സഹോദരൻ സെനിത്ത് സാങ്മ, മകൾ മിയാനി ഷിറ എന്നിവരും തൃണമൂലിൽ ചേർന്നതോടെ ഗാരോ കുന്നുകളിൽ കോൺഗ്രസ് തുടച്ചുനീക്കപ്പെട്ടു. 

കഴിഞ്ഞ നിയമസഭാ സീറ്റിൽ 21 സീറ്റുമായി കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയായത്. എന്നാൽ 19 സീറ്റുള്ള നാഷനൽ പീപ്പീൾസ് പാർട്ടിയെ (എൻപിപി) ബിജെപി ഉൾപ്പെടെയുള്ള മറ്റു പാർട്ടികൾ പിന്തുണച്ചതോടെയാണ് കൊൺറാഡ് സാങ്മ മുഖ്യമന്ത്രിയായത്. 

English Summary: 12 Of 17 Congress MLAs Join Trinamool In Meghalaya In Late-Night Coup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com