ADVERTISEMENT

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ ബി.1.1.529 കോവിഡ് വൈറസ് വകഭേദത്തിനു വാക്സീൻ വഴിയുള്ള പ്രതിരോധത്തെ മറികടക്കാനുള്ള ശേഷി(ബ്രേക്ക്ത്രൂ) ഉണ്ടെന്നാണ് സൂചനയെന്നു ജീനോമിക്സ് സയന്റിസ്റ്റ് ഡോ. വിനോദ് സ്കറിയ വ്യക്തമാക്കി. ഇന്ത്യയിൽ രണ്ടാം കോവിഡ് തരംഗം തീർത്ത ഡെൽറ്റ വകഭേദം പോലെയോ അതിലധികമോ ബ്രേക്ക്ത്രൂ സ്വഭാവം പുതിയ വകഭേദത്തിനുണ്ട്. ഇതുവഴി കോവിഡ് പിടിപെട്ട 4 പേർ ബോട്സ്വാനയിൽ നിന്നും 2 പേർ ഹോങ്കോങ്ങിൽ നിന്നുമാണ്. അവരെല്ലാം വാക്സീനെടുത്തവരായിരുന്നു. വാക്സീൻ പ്രതിരോധത്തെ മറികടക്കുന്ന ബ്രേക്ക്ത്രൂ സ്വഭാവം കൂടുതലെന്ന സൂചനയാണിത്.–അദ്ദേഹം പറ‍ഞ്ഞു.

ബി.1.1.529 വകഭേദത്തെ എത്രമാത്രം ആശങ്കപ്പെടണം?

ലഭ്യമായ വിവരങ്ങൾ വച്ചു നോക്കിയാൽ ആശങ്കപ്പെടേണ്ടതുണ്ട്. ഡെൽറ്റ ഉൾപ്പെടെ നേരത്തെ പല വൈറസ് വകഭേദങ്ങളിൽ കണ്ടതിനെക്കാളും ജനിതകമാറ്റം സംഭവിച്ചിട്ടുണ്ട്. വൈറസിനെ മനുഷ്യകോശത്തിൽ നുഴഞ്ഞുകയറാൻ സഹായിക്കുന്ന സ്പൈക് പ്രോട്ടീനിൽ മാത്രം 32 മാറ്റങ്ങൾ സംഭവിച്ചു. ഇതു ഗൗരവകരമാണ്. പ്രതിരോധശേഷിയെ മറികടക്കാനും കൂടുതൽ വ്യാപനശേഷിക്കും ഇതു കാരണമാകുമെന്നു വ്യക്തമാണ്. അതേസമയം, ഇതുവഴി രോഗം എത്രമാത്രം കടുക്കും എന്ന കാര്യത്തിൽ കൂടുതൽ പഠനങ്ങൾ വരാനിരിക്കുന്നതേയുള്ളു.

ഇപ്പോൾ ബൂസ്റ്റർ ഡോസ് എത്രമാത്രം പ്രധാനമാണ്?

വാക്സീൻ ഡോസ് പൂർണമായി എടുത്തവർക്കാണ് അധികപ്രതിരോധത്തിനായി ബൂസ്റ്റർ ഡോസ് നൽകാൻ കഴിയുക. ഇന്ത്യയിൽ തന്നെ രണ്ടും എടുത്തുകഴിഞ്ഞവരുടെ എണ്ണം കുറവാണ് എന്നത് ഒരു പരിമിതിയാണ്. അതേസമയം, എല്ലാ ആളുകൾക്കും തൽക്കാലം ബൂസ്റ്റർ ഡോസിന്റെ ആവശ്യമില്ല. കോവിഡ് പിടിപെടാൻ സാധ്യതയേറിയ ഹൈറിസ്ക് വിഭാഗത്തിൽപെടുന്നവരെയാണ് ഇതിനു പരിഗണിക്കേണ്ടത്.

അതായത്, 45 വയസ്സിനു മുകളിലുള്ള, 2 ഡോസും എടുത്ത് 6 മാസം പിന്നിട്ടവരെയാണ് ഇതിനു പരിഗണിക്കേണ്ടത്. ബൂസ്റ്റർ ഡോസിന്റെ കാര്യത്തിൽ ബലം നൽകുന്ന ഫലങ്ങൾ ഇന്ത്യയിൽ ഇല്ല. യുഎസിലെയും മറ്റും ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ബൂസ്റ്റർ ഡോസിനെക്കുറിച്ചു ചിന്തിക്കുന്നത്.

പുതിയ വകഭേദവും കേരളത്തിലെ സാഹചര്യവും എങ്ങനെ കാണാം?

കേരളത്തിൽ ജനിതക ശ്രേണീകരണം ഫലപ്രദമായി നടക്കുന്നുണ്ട്. പുതിയ വകഭേദങ്ങളെ കണ്ടെത്താൻ ഇതു സഹായിക്കും. നിലവിൽ ഈ ആശങ്ക കേരളത്തിൽ ഇല്ല. വാക്സീൻ കുത്തിവയ്പും കാര്യമായി നടന്നത് ഗുണകരമാണ്. ചെറിയൊരു ശതമാനം ആളുകൾ മാത്രമാണ് വാക്സീൻ കിട്ടാതെയുള്ളത്. അവർക്കു കൂടി വാക്സീൻ നൽകുകയാണ് വേണ്ടത്.

കോവിഡ് ഇളവുകൾ സ്ഥിതി ഗുരുതരമാക്കുമോ?

വകഭേദങ്ങൾ വന്നു കൊണ്ടേയിരിക്കും. ഈ സ്വാഭാവിക പരിണാമത്തെ നിയന്ത്രിക്കാൻ കഴിയില്ല. പകരം, വാക്സീൻ, മാസ്ക്, സാമൂഹിക അകലം തുടങ്ങി പൊതുജനാരോഗ്യ മാർഗങ്ങൾ സ്വീകരിക്കുക. ഇതു ഫലപ്രദമാണെന്നു ന്യൂസീലൻഡ് പോലുള്ള രാജ്യങ്ങൾ തെളിയിച്ചതാണ്. ഡെൽറ്റ വകഭേദത്തെ പോലും അവർക്കു പ്രതിരോധിക്കാൻ കഴിഞ്ഞത് പൊതുജനാരോഗ്യ മാർഗങ്ങൾ വഴിയാണ്.

ഇനിയൊരു കോവിഡ് തരംഗത്തിന് ഇതു കാരണമാകുമോ?

പുതിയ വകഭേദം വഴി വ്യാപന തരംഗമായിട്ടില്ലെങ്കിലും അതിന്റെ സൂചനകളുണ്ട്. ഡെൽറ്റ മൂലം ഇന്ത്യയിൽ വകഭേദം ഉണ്ടായെന്നു കരുതി ഇനി പുതിയ തരംഗം ഇന്ത്യയിൽ ഉണ്ടായികൂടെന്നില്ല. ഇന്ത്യയിൽ നേരത്തെ പ്രശ്നമുണ്ടാക്കിയ ഡെൽറ്റ വകഭേദമാണ് പിന്നീട് ദക്ഷിണാഫ്രിക്കയിൽ കോവിഡ് തരംഗമുണ്ടാക്കിയത്. സമാനരീതിയിൽ പ്രശ്നം ആവർത്തിക്കാം.

അതിനു വൈറസ് വകഭേദം പുറത്തു നിന്നു തന്നെ വരണമെന്നില്ല. ഇന്ത്യയിൽ തന്നെ ഇനിയും പുതിയ വകഭേദം രൂപപ്പെടാം. കാര്യമായി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങൾ കണ്ടെത്തുകയോ അവിടെ ജനിതക ശ്രേണീകരണം നടക്കുകയോ ചെയ്യാതെ പോയാൽ ഒരുപക്ഷേ, വകഭേദങ്ങൾ കണ്ടെത്താതെ പോകാം.

English Summary: New Covid Variant in South Africa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com