ന്യൂഡൽഹി ∙ ഇഎസ്ഐയിൽ അംഗമാകാനുള്ള കൂടിയ പരിധിയായ 21,000 രൂപ ശമ്പളത്തിൽ നിന്ന് യാത്രാ അലവൻസുകൾ ഒഴിവാക്കി ഉത്തരവിറക്കാൻ ഇഎസ്ഐ സ്ഥിരം സമിതി യോഗം തീരുമാനിച്ചു. കോവിഡ് കാലഘട്ടത്തിലെ ആനുകൂല്യങ്ങൾക്ക് 78 ദിവസത്തെ ഹാജർ വേണമെന്നത് 39 ആയി കുറച്ച നടപടി ഉടൻ നടപ്പാക്കാനും ഹൈദരാബാദിൽ നടന്ന യോഗം തീരുമാനിച്ചതായി ബോർഡ് അംഗം വി. രാധാകൃഷ്ണൻ അറിയിച്ചു.
യാത്രാ, സഞ്ചാര അലവൻസ് കൂടി ഉൾപ്പെടുത്തി പരിധി തീരുമാനിക്കുന്നത് ഒട്ടേറെ തൊഴിലാളികളെ പദ്ധതിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഉദാഹരണത്തിന് 22,000 രൂപ ശമ്പളമുള്ളയാൾക്ക്, 1500 രൂപ അലവൻസാണെങ്കിൽ ഇനി മുതൽ അത് ഒഴിവാക്കിയാകും ശമ്പളം കണക്കാക്കുക.
മറ്റു പ്രധാന തീരുമാനങ്ങൾ: ഇഎസ്ഐ മെഡിക്കൽ കോളജുകളിലേക്കുള്ള പ്രവേശന നടപടികൾ ഉടൻ ആരംഭിക്കും.
∙ കൊല്ലം ആശ്രാമം ആശുപത്രി 300 കിടക്കകളുള്ള ആശുപത്രിയാക്കാൻ അംഗീകാരം.
∙ കൊല്ലം നാവായിക്കുളം, തൃശൂർ കൊരട്ടി, ആലുവ എന്നിവിടങ്ങളിൽ ഡിസ്പെൻസറി, ബ്രാഞ്ച് ഓഫിസ് നിർമാണത്തിന് അനുമതി. ആലുവയിൽ ഉടൻ നിർമാണ പ്രവർത്തനം ആരംഭിക്കും.
∙എറണാകുളം കളമശേരി പാതാളം ആശുപത്രി 200 കിടക്കയുള്ള ആശുപത്രിയായി ഉയർത്തും.
∙ 50 വയസ്സ് പൂർത്തിയായ എല്ലാ ഇഎസ്ഐ അംഗങ്ങൾക്കും സൗജന്യ മെഡിക്കൽ ചെക്കപ്പ്.
വരുമാനത്തിൽ ഇടിവ്
കോവിഡ് പിടിമുറുക്കിയ പോയ വർഷം ഇഎസ്ഐയുടെ വരുമാനത്തിൽ 1020 കോടിയുടെ കുറവ്. വിഹിതമടയ്ക്കുന്നതിലെ കുറവും വിവിധ ആനൂകൂല്യങ്ങൾ നൽകിയതും വരുമാനത്തെ ബാധിച്ചു. ഇഎസ്ഐയുടെ സമഗ്രവികസനം സംബന്ധിച്ച് അടുത്ത മാസം നാലിന് ഡൽഹിയിൽ തൊഴിൽമന്ത്രി ഭൂപേന്ദർ യാദവിന്റെ അധ്യക്ഷതയിൽ യോഗം ചേരും.
Content Highlight: Employees' State Insurance membership