ADVERTISEMENT

ന്യൂഡൽഹി ∙ കൃഷി നിയമങ്ങൾ പിൻവലിച്ചതിനു പിന്നാലെ, വിളകൾക്കു താങ്ങുവില ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള അടുത്ത പോരാട്ടത്തിനു കർഷകർ കച്ചമുറുക്കുന്നു. നിയമം വഴി താങ്ങുവില ഉറപ്പാക്കുകയോ അതു സംബന്ധിച്ച നടപടികൾക്കു കേന്ദ്രം തുടക്കമിടുകയോ ചെയ്യും വരെ പ്രക്ഷോഭം തുടരുമെന്നു സംയുക്ത കിസാൻ മോർച്ച അറിയിച്ചു. പാർലമെന്റിലേക്കു നടത്താനിരുന്ന ട്രാക്ടർ റാലി പിൻവലിച്ചെങ്കിലും താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഡിസംബർ നാലിനു യോഗം ചേർന്നു തുടർപ്രക്ഷോഭത്തിനു രൂപം നൽകും. 

വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ കേന്ദ്രം പാസാക്കിയതിനെ സ്വാഗതം ചെയ്ത കർഷകർ, അതിലെ വാദങ്ങൾ ചോദ്യം ചെയ്തു രംഗത്തുവന്നു. വിളകൾ സ്വതന്ത്രമായി വിൽക്കാനുള്ള അവകാശം നിയമം വഴി ആദ്യമായി നൽകിയതു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് കിസാൻ മോർച്ച ചൂണ്ടിക്കാട്ടി. ഇഷ്ടമുള്ളവർക്കു വിളകൾ വിൽക്കാനുള്ള അവകാശം കർഷകർക്കു ലഭ്യമാക്കുന്ന നിയമം പല സംസ്ഥാനങ്ങളും പാസാക്കിയിട്ടുണ്ട്. നിയമങ്ങൾ കർഷകരെ ചൂഷണങ്ങളിൽനിന്നു രക്ഷിക്കാനാണെന്ന വാദവും ശരിയല്ല. കർഷകരെയല്ല, കോർപറേറ്റുകളെ സംരക്ഷിക്കുകയായിരുന്നു കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും കർഷകർ ആരോപിച്ചു. 

ബില്ലിൽ കണക്ക് തെറ്റി

നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിലെ കണക്കിൽ പിശക്. കർഷക ക്ഷേമത്തിനായി ഈ വർഷം 124 ലക്ഷം കോടി രൂപ അനുവദിച്ചെന്ന കണക്കിലാണു പിശക് കടന്നുകൂടിയത്. 1.24 ലക്ഷം കോടി എന്നതാണു തെറ്റായി രേഖപ്പെടുത്തിയത്. അബദ്ധം പിന്നീടു തിരുത്തി. കൃത്യമായി വായിക്കുക പോലും ചെയ്യാതെയാണു കേന്ദ്രം ബിൽ തയാറാക്കിയതെന്ന് ഇതിലൂടെ വ്യക്തമായെന്നു കർഷക പ്രക്ഷോഭത്തിന്റെ മുൻനിരയിലുള്ള രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോ–ഓർഡിനേറ്റർ കെ.വി. ബിജു വിമർശിച്ചു. 

English Summary: Farmers for more protests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com