ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ; ഇന്ത്യയിൽ നേരത്തേ എത്തിയവർക്കും നിരീക്ഷണം

HIGHLIGHTS
  • വിദേശത്തുനിന്നു നവംബർ ആദ്യം മുതൽ എത്തിയവരുടെ യാത്രാവിവരം പരിശോധിക്കും
  • ആർടിപിസിആർ പരിശോധന കൂട്ടാൻ സംസ്ഥാനങ്ങൾക്ക് നിർദേശം
covid-testing-corona-1248
പ്രതീകാത്മക ചിത്രം
SHARE

ന്യൂഡൽഹി ∙ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിച്ചിരിക്കെ, വിദേശത്തുനിന്നു നവംബർ ആദ്യ ആഴ്ച മുതൽ ഇന്ത്യയിലെത്തിയവരുടെ യാത്രാവിവരങ്ങൾ പരിശോധിക്കും. കോവിഡ് വിദഗ്ധ സമിതി കേന്ദ്ര സർക്കാരിനോട് ഇക്കാര്യം ശുപാർശ ചെയ്തു. 24നാണു സ്ഥിരീകരിച്ചതെങ്കിലും നവംബർ ആദ്യ ആഴ്ച തന്നെ തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദമുണ്ടായിരുന്നുവെന്നു വ്യക്തമായ പശ്ചാത്തലത്തിലാണിത്.

ദക്ഷിണാഫ്രിക്കയിൽ നവംബർ 9നു ശേഖരിച്ച സാംപിളിൽ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങൾ, സമീപനാളുകളിൽ ഈ രാജ്യങ്ങൾ വഴിയെത്തിയവർ തുടങ്ങിയവരെ കണ്ടെത്തുകയാണു ലക്ഷ്യം. ഇതിന് ഇമിഗ്രേഷൻ വിഭാഗത്തിന്റെ സഹായം തേടും.

കോവിഡ് പരിശോധന, വിദേശത്തുനിന്ന് എത്തുന്നവർക്കുള്ള മുൻകരുതൽ നടപടികൾ എന്നിവ സംബന്ധിച്ച മാർഗരേഖ പരിഷ്കരിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഹോട്സ്പോട്ടുകൾ കണ്ടെത്തി, കോവിഡ് ജാഗ്രത ശക്തമാക്കാൻ നിർദേശിച്ച് സംസ്ഥാനങ്ങൾക്കു കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു. ‘റിസ്ക്’ പട്ടികയിലുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്കു തുടർനിരീക്ഷണം, എല്ലാ സംസ്ഥാനങ്ങളിലും കൂടുതൽ ആർടിപിസിആർ പരിശോധന തുടങ്ങിയ നിർദേശങ്ങളുണ്ട്.

രാജ്യാന്തര തലത്തിലെ പതിവു വിമാന സർവീസുകൾ വരുംദിവസങ്ങളിലെ സാഹചര്യം കൂടി വിലയിരുത്തിയ ശേഷം മാത്രം പുനരാരംഭിക്കാമെന്നാണ് ഇന്നലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലെ ധാരണ. ഡിസംബർ 15നു സർവീസ് പുനരാരംഭിക്കാനുള്ള മുൻതീരുമാനമാണു പുനഃപരിശോധിക്കുന്നത്.

വ്യാപനം ഏറുന്നു, നെതർലൻഡ്സിൽ മാത്രം 13 പേർ

ഒമിക്രോണിന്റെ തീവ്ര വ്യാപനശേഷി പരിഗണിക്കുമ്പോൾ മൂന്നാഴ്ചയ്ക്കിടെ കൂടുതൽ രാജ്യങ്ങളിൽ വൈറസ് എത്തിയിരിക്കാനാണു സാധ്യത. നെതർലൻഡ്സിൽ മാത്രം 13 പേർക്കു സ്ഥിരീകരിച്ചു. ഓസ്ട്രേലിയയിൽ രണ്ടു പേർക്കും ചെക്ക് റിപ്പബ്ലിക്കിൽ ഒരാൾക്കും പുതുതായി കണ്ടെത്തി. ഇറ്റലി, ജർമനി, യുകെ, ഇസ്രയേൽ, ഹോങ്കോങ്, ബോട്സ്വാന, ബൽജിയം എന്നിവിടങ്ങളിലും ഒമിക്രോൺ കേസുകളുണ്ട്. ഓസ്ട്രിയയും സംശയിക്കുന്നു. കിഴക്കൻ ആഫ്രിക്കയിലെ മലാവിയിൽനിന്നുള്ളയാൾക്ക് ഇസ്രയേലിലും മൊസാംബിക്കിൽനിന്നുള്ളയാൾക്ക് ഇറ്റലിയിലും ഒമിക്രോൺ സ്ഥിരീകരിച്ചത് വ്യാപനത്തിന്റെ സൂചന നൽകുന്നു.

ഇസ്രയേലും വിദേശികൾക്കു രണ്ടാഴ്ചത്തെ പ്രവേശന വിലക്ക് പ്രഖ്യാപിച്ചു.ഒരാഴ്ചയ്ക്കിടെ ലോകത്താകെയുണ്ടായ കോവിഡ് കേസുകളിൽ പകുതിയിലധികവും യൂറോപ്പിലും യുകെയിലുമാണ്. എന്നാൽ, ഇതു പ്രധാനമായും ഡെൽറ്റ വകഭേദം വഴിയാണെന്നു ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. ഇന്ത്യയിൽ രണ്ടാം കോവിഡ് തരംഗം സൃഷ്ടിച്ചതു ഡെൽറ്റ വകഭേദമായിരുന്നു.3 പേരിൽ ഒമിക്രോൺ സ്ഥിരീകരിച്ച ബ്രിട്ടനിൽ പൊതുസ്ഥലത്ത് മാസ്ക് നിർബന്ധമാക്കി. ബൂസ്റ്റർ ഡോസുകൾ നൽകുന്നതും ത്വരിതപ്പെടുത്തി.

English Summary: More Testing, Check Hotspots, Centre Tells States On 'Omicron'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS