ഒമിക്രോൺ: യാത്രാവിലക്കുമായി കൂടുതൽ രാജ്യങ്ങൾ; ഭീതി, ആശങ്ക, നിയന്ത്രണം

saudi-covid-corona-virus
SHARE

ന്യൂഡൽഹി∙ കോവിഡ് വകഭേദമായ ഒമിക്രോൺ പടരുന്നതിനിടെ യാത്രാ വിലക്കും നിയന്ത്രണങ്ങളും ഏർപ്പെടുത്തി കൂടുതൽ രാജ്യങ്ങൾ ജാഗ്രത പ്രഖ്യാപിച്ചു. ഇതിനിടെ, തെക്കേ ആഫ്രിക്കൻ രാജ്യങ്ങൾക്കു പിന്നാലെ കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും ഒമിക്രോൺ സാന്നിധ്യം കണ്ടെത്തി. മലാവിയിൽ നിന്നെത്തിയ യാത്രക്കാരനിലാണ് ഇസ്രയേലിൽ വൈറസ് സ്ഥിരീകരിച്ചതെങ്കിൽ മൊസാംബിക്കിൽ നിന്നെത്തിയ യാത്രക്കാരനിലാണ് ഇറ്റലിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്.

ഇസ്രയേലിൽ വകഭേദം സംശയിക്കുന്ന 7 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എല്ലാ വിദേശികൾക്കും യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇസ്രയേൽ, ഫോൺ നമ്പർ ട്രാക്ക് ചെയ്ത് വൈറസ് പടരാനുള്ള സാധ്യത കണ്ടെത്താനുള്ള സംവിധാനവും ഏർപ്പെടുത്തി. വിദേശയാത്രക്കാർക്ക് 2 ആഴ്ചത്തെ വിലക്കാണ് ഏർപ്പെടുത്തിയത്.

ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ 14 യാത്രക്കാരിലെ 2 പേരിലാണ് ഓസ്ട്രേലിയയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. വാക്സിനേഷൻ എടുത്തവരാണ്. രോഗലക്ഷണങ്ങളുമില്ല.സഹയാത്രികരായ 260 പേരും വിമാനജീവനക്കാരും നിരീക്ഷണത്തിലാണ്.

ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ കോവിഡ് പോസിറ്റീവായ 61 യാത്രക്കാരിൽ 13 പേർക്കു നെതർലൻഡ്സിൽ വകഭേദം സ്ഥിരീകരിച്ചു. ഇവർ ഹോട്ടലിൽ ക്വാറന്റീനിലാണ്. നെഗറ്റീവ് ആയവരോടും അഞ്ചു ദിവസം വീട്ടിൽ ഐസലേഷനിൽ ഇരിക്കാൻ അധികൃതർ നിർദേശിച്ചു. തിങ്കളാഴ്ചയ്ക്കു ശേഷം ലെസോത്തോ, എസ്വാട്ടീനി, മൊസാംബിക്, നമീബിയ, ബോട്സ്വാന, സിംബാബ്‌വെ എന്നിവിടങ്ങളിൽ നിന്നെത്തിയ 5,000 ത്തിലേറെ യാത്രക്കാരെയും കണ്ടെത്താൻ ഡച്ച് അധികൃതർ ശ്രമം തുടങ്ങി. കഴിഞ്ഞ ദിവസമെത്തിയ 600ലേറെ യാത്രക്കാർക്കാണു കോവിഡ് പരിശോധന നടത്തിയത്. 

3 പേരിൽ വകഭേദം സ്ഥിരീകരിച്ചതിനെ തുടർന്നാണു ബ്രിട്ടൻ നിയന്ത്രണങ്ങൾ കടുപ്പിച്ചത്. രാജ്യത്ത് എത്തുന്നവർ തൊട്ടടുത്ത ദിവസം പിസിആർ പരിശോധന നടത്തണമെന്നും ഫലം ലഭിക്കുന്നതുവരെ ഐസലേഷനിൽ കഴിയണമെന്നും നിർദേശമുണ്ട്. സമാനമായ നിയന്ത്രണങ്ങളാണു മറ്റു പല രാജ്യങ്ങളും ഏർപ്പെടുത്തിയിട്ടുള്ളത്.

യൂറോപ്യൻ യൂണിയനു പുറമേ, യുഎസ്, ബ്രസീൽ, കാനഡ, ഓസ്ട്രേലിയ, ജപ്പാൻ, ദക്ഷിണകൊറിയ, മാലദ്വീപ്, ഇന്തൊനീഷ്യ, ന്യൂസീലൻഡ്,ശ്രീലങ്ക, തായ്‌ലൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ദക്ഷിണാഫ്രിക്ക അടക്കം 6 തെക്കേ ആഫ്രിക്കൻ രാജ്യങ്ങൾക്കാണു യാത്രാവിലക്കുള്ളത്.

വകഭേദത്തിനു ലക്ഷണങ്ങൾ ഇല്ലെന്നതാണു പ്രത്യേകത. ഇതു വ്യാപനത്തിനു സാധ്യത കൂട്ടുന്നു. വാക്സിനേഷൻ പൂർത്തിയായവരിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വാക്സീൻ പ്രതിരോധത്തെ വകഭേദം മറികടക്കുന്നുവെന്നു വ്യക്തമായിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് വ്യാപനം സമീപ ആഴ്ചകളിൽ കൂടിയിട്ടുണ്ട്. പലയിടത്തും ആശുപത്രികൾ നിറഞ്ഞതോടെ ചികിത്സാപ്രതിസന്ധിയും നേരിടുന്നു.

ഡെൽറ്റ വകഭേദത്തിന്റെയത്രയും മാരകമല്ലെങ്കിലും വ്യാപനശേഷി കൂടുതലാണെന്നാണു പ്രാഥമിക നിഗമനം. ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞർ കഴിഞ്ഞയാഴ്ചയാണു ഒമിക്രോൺ കണ്ടെത്തിയത്.  തിരക്കിട്ട് ആഫ്രിക്കൻ രാജ്യങ്ങൾക്കു യാത്രാവിലക്കുകൾ ഏർപ്പെടുത്തിയ നടപടിയെ കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന വിമർശിച്ചിരുന്നു.

English Summary: Omicron; alert and regulations in countries

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA