മുംബൈ ∙ ഭീമ–കൊറേഗാവിലെ ദലിത്– മറാഠ കലാപവുമായി ബന്ധപ്പെട്ട കേസിൽ 3 വർഷം ജയിലിൽ കഴിഞ്ഞ മനുഷ്യാവകാശ പ്രവർത്തക സുധ ഭരദ്വാജ് (60) ജാമ്യത്തിലിറങ്ങി. ബോംബെ ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യത്തിന് അനുകൂല നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് പുറത്തിറങ്ങാനായത്. എങ്കിലും മുംബൈ വിടാനോ മാധ്യമങ്ങളോടു സംസാരിക്കാനോ രാജ്യാന്തര ഫോൺകോളുകൾ ചെയ്യാനോ അനുവാദമില്ല. 2018 ഓഗസ്റ്റ് 28നാണ് അറസ്റ്റ് ചെയ്തത്. ഛത്തീസ്ഗഡിലെ വീട്ടുതടങ്കലിൽ നിന്നു പിന്നീടു ജയിലിലേക്കു മാറ്റുകയായിരുന്നു. 2017 ഡിസംബർ 31ന് പുണെയ്ക്കു സമീപം ഭീമ-കൊറേഗാവിൽ സംഘടിപ്പിച്ച ദലിത് സംഗമമാണു പിറ്റേന്നത്തെ കലാപത്തിനു കാരണമായതെന്ന് ആരോപിച്ച് മലയാളികൾ ഉൾപ്പെടെ16 പേരെയാണ് എൻഐഎ പിടികൂടിയത്.
English Summary: Lawyer-Activist Sudha Bharadwaj Released After 3 Years In Jail