ജയ ജയ ഭാരതം: ലുങ്കിയുടുത്ത് ഇന്ത്യൻ സേന; കാളവണ്ടിയിൽ ആയുധം!

515398960
വിജയദിനം, സ്വാതന്ത്ര്യപ്പുലരി: 1971 ഡിസംബർ 16ന് ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലേക്കു പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ സൈനികരെ കിഴക്കൻ പാക്കിസ്ഥാനിലെ ജനങ്ങൾ ആവേശത്തോടെ സ്വീകരിക്കുന്നു.
SHARE

ബംഗ്ലദേശ് വിമോചന യുദ്ധത്തിൽ ഇന്ത്യൻ വിജയത്തിന്റെ 50 –ാം വാർഷിക ദിനമാണ് ഇന്ന്. 1971 ഡിസംബർ 3ന് ആരംഭിച്ച യുദ്ധം 13–ാം ദിവസം ധാക്കയിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ കീഴടങ്ങലിൽ കലാശിച്ചു. ബംഗ്ലദേശ് എന്ന പുതുരാഷ്ട്രം പിറന്നു. ഇന്ത്യയെ പ്രധാന ശക്തിയെന്ന നിലയിൽ ലോകം അംഗീകരിച്ചു.

ജയ് ജവാൻ

ബംഗ്ലദേശ് വിമോചന യുദ്ധത്തിലെ ഇന്ത്യൻ സേനയുടെ സാഹസികവും കൗതുകകരവുമായ മുന്നേറ്റങ്ങളുടെ കഥ പറയുന്നു, അന്ന് ഇന്ത്യൻ സേനയെ മുന്നിൽനിന്ന് നയിച്ച ഓഫിസർമാരിലൊരാളായ കണ്ണൂർ സ്വദേശി ലഫ്. ജനറൽ (റിട്ട.) സതീഷ് നമ്പ്യാർ.

1971  ഡിസംബർ മൂന്നിനാണ് ബംഗ്ലദേശ് വിമോചന യുദ്ധം ഒൗദ്യോഗികമായി തുടങ്ങിയതെങ്കിലും അതിന് ഏതാനും ആഴ്ചകൾ മുൻപ് തന്നെ ഇന്ത്യൻ സേന പോരാട്ടം ആരംഭിച്ചിരുന്നു; രഹസ്യമായി. മറാഠ ലൈറ്റ് ഇൻഫെൻട്രിയിലെ ഒന്നാം ബറ്റാലിയന്റെ ഭാഗമായിരുന്നു ഞാൻ. ആസ്ഥാനം നാഗാലാൻഡ്. ‘ജംഗി പൾട്ടൺ’ എന്നായിരുന്നു ബറ്റാലിയന്റെ വിളിപ്പേര്; നിരന്തരം യുദ്ധമുഖത്തുള്ള ബറ്റാലിയൻ എന്നർഥം.‌

ലുങ്കിയുടുത്ത് ഇന്ത്യൻ സേന

മേഘാലയ അതിർത്തിക്കപ്പുറമുള്ള കമാൽപുരിൽ പാക്ക് സേന നിരീക്ഷണ പോസ്റ്റ് സജ്ജമാക്കിയിരുന്നു. ആ പോസ്റ്റ് തകർക്കാൻ ഞങ്ങൾ തീരുമാനിച്ചു. എന്റെയും മേജർ കേശവ് പുന്തംബേക്കറുടെയും നേതൃത്വത്തിലുള്ള 2 കമ്പനികളെ അതിനായി നിയോഗിച്ചു (എന്റേത് വൈ കമ്പനി, മറ്റേത് സി കമ്പനി).

മുൻപ് നിരീക്ഷണ പോസ്റ്റ് ഇന്ത്യൻ സേന ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ബക്ഷിഗ‍ഞ്ചിൽനിന്നെത്തിയ പാക്ക് പീരങ്കിപ്പട അതിനെ നേരിട്ടിരുന്നു. പോസ്റ്റ് തകർക്കണമെങ്കിൽ പീരങ്കിപ്പടയെ നേരിടണമെന്നു ഞങ്ങൾ മനസ്സിലാക്കി. നവംബർ 9നു രാത്രി ഞാനുൾപ്പെടെയുള്ള ഏതാനും സൈനികർ ബംഗ്ലദേശിലെ വിമോചന പോരാളികളായ മുക്തി ബാഹിനി സേനാംഗങ്ങൾക്കൊപ്പം അതിർത്തിക്കപ്പുറത്തേക്കു കടന്നു. അന്ന് ഒൗദ്യോഗികമായി യുദ്ധം ആരംഭിച്ചിട്ടില്ല. അതുകൊണ്ട് അതീവരഹസ്യമായിട്ടായിരുന്നു നീക്കങ്ങൾ. മുക്തി ബാഹിനി അംഗങ്ങളെപ്പോലെ ലുങ്കിയുടുത്ത് ഞങ്ങൾ നീങ്ങി. പാക്ക് സേനാ സംഘം കടന്നുവരാൻ സാധ്യതയുള്ള വഴികൾ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഞാനുൾപ്പെടെയുള്ള 25 പേർ രാത്രിയുടെ മറവിൽ അതിർത്തി കടന്നു.

കരിമ്പു പാടത്തെ പോരാട്ടം

അതിർത്തി ഗ്രാമങ്ങളിൽ പാക്ക് സേനയ്ക്കു വിവരം കൈമാറുന്നവരുണ്ടായിരുന്നു. ഗ്രാമങ്ങൾ ഒഴിവാക്കി, ചതുപ്പു നിറഞ്ഞ സ്ഥലത്തു കൂടി ഞങ്ങൾ നീങ്ങി. കമാൽപുർ നിരീക്ഷണ പോസ്റ്റ് കടന്ന്, ബക്ഷിഗഞ്ചിലെ അവരുടെ സേനാ കമ്പനി താവളം എത്തുന്നതിനു മുൻപുള്ള ഒരു കരിമ്പു പാടം ആക്രമണത്തിനുള്ള സ്ഥലമായി നിശ്ചയിച്ചു. അതിനോടു ചേർന്ന്, അൽപം ഉയരത്തിലായിരുന്നു പാക്ക് പീരങ്കിപ്പട കടന്നുപോകേണ്ട റോഡ്. നേരം വെളുക്കുന്നതിനു മുൻപ് ഞങ്ങൾ ഇന്ത്യൻ ഭാഗത്തു തിരിച്ചെത്തി.  കമാൻഡിങ് ഓഫിസറോട് സ്ഥിതിഗതികൾ വിശദീകരിച്ചു.

india-pakistan
ഇന്ത്യയുടെ ലഫ്. ജനറൽ ജെ.എസ്. അറോറയ്ക്കു മുന്നിൽ കീഴടങ്ങൽ കരാറിൽ ഒപ്പുവയ്ക്കുന്ന പാക്ക് ലഫ്. ജനറൽ എ. എ.കെ. നിയാസി. ചിത്രീകരണം: അജിൻ കെ.കെ.

ദൗത്യത്തിനു മുൻപ് ടോസിടൽ

നവംബർ 13നു രാത്രി ആക്രമണം നടത്താൻ തീരുമാനിച്ചു. കമാൽപുർ പോസ്റ്റിനും ബക്ഷിഗഞ്ച് താവളത്തിനുമിടയിൽ നമ്മുടെ ഏതു സേനാ സംഘം നിലയുറപ്പിക്കണമെന്ന് ടോസിട്ടാണു ഞങ്ങൾ തീരുമാനിച്ചത്. ടോസ് എന്റെ സേനാ സംഘത്തിനു (വൈ കമ്പനി) വീണു. ഏതാനും ദിവസങ്ങൾ മുൻപു പോയ അതേ ചതുപ്പിലൂടെ അതിർത്തി കടന്ന് ഞാനും സംഘവും നീങ്ങി. അർധരാത്രിയോടെ ഞങ്ങൾ കരിമ്പു പാടത്തെത്തി. അവിടെ കിടങ്ങു കുഴിച്ച് അതിനുള്ളിൽ പതിയിരുന്നു. നമ്മുടെ രണ്ടാം കമ്പനി (സി) ഇന്ത്യൻ അതിർത്തിയോടു ചേർന്നു നിലയുറപ്പിച്ചു. മറ്റൊരു ചെറു സേനാസംഘം കമാൽപുർ പോസ്റ്റിനു സമീപം പതിയിരുന്നു. പീരങ്കിപ്പടയെത്തുമ്പോൾ അവർക്കു നേരെ വെടിയുതിർക്കുകയായിരുന്നു ഈ സംഘത്തിന്റെ ദൗത്യം. അങ്ങനെ ചെയ്യുമ്പോൾ പിന്നിലേക്കു മാറുന്ന പാക്ക് സൈനികരെ അപ്രതീക്ഷിത ആക്രമണത്തിലൂടെ വധിക്കുകയായിരുന്നു എന്റെ സംഘത്തിന്റെ ദൗത്യം.

നേരം വെളുക്കാറായതോടെ ഇന്ത്യൻ ഭാഗത്തുനിന്ന് കമാൽപുർ പോസ്റ്റിനു നേരെ ആക്രമണം നടത്തി. പീരങ്കിപ്പടയെ പുറത്തെത്തിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇത്. ആ കണക്കുകൂട്ടൽ തെറ്റിയില്ല. അൽപം കഴിഞ്ഞപ്പോൾ പീരങ്കിപ്പട വരുന്ന ശബ്ദം ഞാൻ കേട്ടു. കടുത്ത മൂടൽമഞ്ഞുണ്ടായിരുന്നു. ശത്രു എത്തിയെന്നും തയാറായിരിക്കാനും വിവിധ സ്ഥലങ്ങളിൽ നിലയുറപ്പിച്ച സേനാ സംഘങ്ങൾക്കു ഞാൻ റേഡിയോ സെറ്റിലൂടെ സന്ദേശം നൽകി. എന്റെ തൊട്ടുമുന്നിലൂടെ പീരങ്കി വലിച്ച് 5 സായുധ വാഹനങ്ങൾ കടന്നുപോയി. മൂടൽമഞ്ഞു കാരണം പാക്ക് പടയെ കാണാനാവുന്നില്ലെന്നും മുൻനിശ്ചയപ്രകാരമുള്ള ആക്രമണം സാധ്യമല്ലെന്നും എനിക്കു സന്ദേശം ലഭിച്ചു.

അപ്പോഴേക്കും ആറാമത്തെ സായുധവാഹനം ഞങ്ങളുടെ തൊട്ടുമുന്നിലെത്തിയിരുന്നു. അതിനു നേർക്ക് ആക്രമണം നടത്താൻ ഒപ്പമുള്ള സൈനികനു ഞാൻ നിർദേശം നൽകി. ലക്ഷ്യം തെറ്റിയില്ല. ആയുധങ്ങളും സ്ഫോടകവസ്തുക്കളും വഹിച്ചു നീങ്ങിയ വാഹനം ഉഗ്രശബ്ദത്തോടെ പൊട്ടിച്ചിതറി. ഇന്ത്യൻ ഭടന്മാർ ചാടിവീണു. നിനച്ചിരിക്കാതെയുള്ള ആക്രമണത്തിൽ സ്തംഭിച്ചു പോയ പാക്ക് പടയെ ഞങ്ങൾ തരിപ്പണമാക്കി.  അവരുടെ നിരീക്ഷണ പോസ്റ്റ് പൂർണമായി തകർത്തു.യുദ്ധത്തിനു മുന്നോടിയായുള്ള ആദ്യ രഹസ്യ ദൗത്യങ്ങളിലൊന്ന് ഇന്ത്യൻ സേന വിജയകരമായി പൂർത്തിയാക്കി.

satheesh
ലഫ്. ജനറൽ (റിട്ട.) സതീഷ് നമ്പ്യാർ.

പാക്കിസ്ഥാന്റെ തിരിഞ്ഞോട്ടം

യുദ്ധം ആരംഭിച്ച ഡിസംബർ മൂന്നിനു രാത്രി പാക്ക് സേനാ കമ്പനി ആസ്ഥാനമായ ബക്ഷിഗഞ്ച് ലക്ഷ്യമാക്കി മേഘാലയ അതിർത്തിയിൽനിന്നു ഞങ്ങൾ വീണ്ടും പുറപ്പെട്ടു. യുദ്ധം ഒൗദ്യോഗികമായി ആരംഭിച്ചതിനാൽ ഇക്കുറി യൂണിഫോമിൽ തന്നെയായിരുന്നു നീക്കം. നാലിനു പുലർച്ചെയോടെ ഞങ്ങൾ പല വശങ്ങളിൽനിന്നായി ബക്ഷിഗഞ്ച് വളഞ്ഞു. അന്ന് അർധരാത്രി ആക്രമണം ആരംഭിച്ചു. കാര്യമായി തിരിച്ചടിക്കാൻ ശ്രമിക്കാതെ പാക്ക് സേന താവളം വിട്ടു പിൻമാറി.  ബക്ഷിഗഞ്ച് ഞങ്ങൾ പിടിച്ചെടുത്തു. ഇനിയായിരുന്നു ഞങ്ങളുടെ യഥാർഥ വെല്ലുവിളി: പാക്ക് സേനയുടെ പ്രമുഖ താവളമായ ജമാൽപുർ ഗാരിസൺ.

കാളവണ്ടിയിൽ ആയുധം! 

അഞ്ചാം തീയതി രാത്രി ഞങ്ങൾ ബക്ഷിഗഞ്ചിൽ വിശ്രമിച്ചു. പിറ്റേന്ന് രാവിലെ ജമാൽപുരിലേക്കു യാത്ര ആരംഭിച്ചു. പ്രധാന റോഡുകൾ ഒഴിവാക്കി, നാട്ടുവഴികളിലൂടെയാണു നീങ്ങിയത്. പാക്ക് സേന അറിയാതെ, കറങ്ങിയെത്തി അവരുടെ പിന്നിൽ നിലയുറപ്പിക്കാനായിരുന്നു ഇത്. ഞങ്ങളുടെ ആയുധങ്ങൾ കൊണ്ടു പോകുന്നതിനു മുക്തി ബാഹിനി അംഗങ്ങൾ കാളവണ്ടികൾ ഏർപ്പാടാക്കി. പാക്ക് സേനയുടെ കണ്ണിൽപ്പെടാതെ പടക്കോപ്പുകൾ വഹിച്ച് നാട്ടുവഴികളിലൂടെ കാളവണ്ടികൾ നീങ്ങി; ഒപ്പം ഇന്ത്യൻ സേനയും. ബ്രഹ്മപുത്ര നദിക്കപ്പുറമായിരുന്നു ജമാൽപുർ. ചെറു ബോട്ടുകളിൽ ഞങ്ങൾ അപ്പുറമെത്തി.

കത്തിനു മറുപടി വെടിയുണ്ട !

എട്ടാം തീയതി രാവിലെ ഞങ്ങൾ ജമാൽപുർ താവളത്തിന്റെ പിന്നിൽ, ഏതാനും കിലോമീറ്റർ അകലെ വരെയെത്തി. അവിടെ കിടങ്ങുകൾ കുഴിച്ച് നിലയുറപ്പിച്ചു. മറ്റൊരു ദിശയിലൂടെയെത്തിയ രണ്ടാം സംഘം ഒൻപതിനു രാവിലെ താവളത്തിന്റെ മുന്നിലും നിലയുറപ്പിച്ചു. അപ്പോഴേക്കും പ്രദേശത്തെ ആകാശമേഖല ഇന്ത്യൻ വ്യോമസേന നിയന്ത്രണത്തിലാക്കിയിരുന്നു. ഞങ്ങളുടെ ബ്രിഗേഡിന്റെ കമാൻഡർ ബ്രിഗേഡിയർ എച്ച്.എസ്. ക്ലെയർ പിന്നാലെ ഹെലികോപ്റ്ററിൽ അവിടേക്കെത്തി. ജമാൽപുർ പാക്ക് താവളത്തിന്റെ കമാൻഡിങ് ഓഫിസർ ലഫ്. കേണൽ സുൽത്താൻ അഹമ്മദിന് അദ്ദേഹം കത്തയച്ചു: ‘പല വശങ്ങളിൽ നിന്നായി ഞങ്ങൾ നിങ്ങളെ വളഞ്ഞു കഴിഞ്ഞു; കീഴടങ്ങുക. ജനീവ ചട്ടമനുസരിച്ച് യുദ്ധത്തടവുകാർക്കുള്ള പരിഗണന ഞങ്ങൾ നൽകാം’.

മുക്തി ബാഹിനി അംഗം സോഹൽ ഹഖ് മുൻഷിയുടെ കൈവശം കത്തു കൊടുത്തുവിട്ടു. സൈക്കിളിൽ ജമാൽപുർ താവളത്തിലെത്തിയ മുൻഷി  സുൽത്താൻ അഹമ്മദിനു കത്തു കൈമാറി. അൽപസമയം കഴിഞ്ഞ് മടങ്ങിയെത്തിയ മുൻഷിയുടെ കയ്യിലുണ്ടായിരുന്ന മറുപടിക്കത്തിൽ ഇങ്ങനെ എഴുതിയിരുന്നു: ‘നമുക്ക് പോരിനിറങ്ങാം. താങ്കൾക്കു പേനയും നന്നായി വഴങ്ങും. പക്ഷേ, അടുത്ത തവണ കാണുമ്പോൾ പേനയ്ക്കു പകരം തോക്കുമായി താങ്കളെ കാണാൻ ആഗ്രഹിക്കുന്നു’. കത്തിനൊപ്പം മറ്റൊന്നു കൂടിയുണ്ടായിരുന്നു– ഒരു വെടിയുണ്ട. പാക്കിസ്ഥാന്റെ യുദ്ധ പ്രഖ്യാപനമായിരുന്നു അത്. പിന്നാലെ ബ്രിഗേഡ് കമാൻഡറുടെ നിർദേശം ഞങ്ങൾക്കെത്തി: രണ്ടും കൽപിച്ചുള്ള പോരാട്ടത്തിനു തയാറാവുക.

ലക്ഷ്യം ജമാൽപുർ

ഒൻപതാം തീയതി ഇരുട്ടുവീണതിനു പിന്നാലെ ജമാൽപുർ താവളം ലക്ഷ്യമിട്ടു ഞങ്ങൾ നീങ്ങി. 10നു പുലർച്ചയോടെ പാക്ക് താവളത്തിന് ഒരു കിലോമീറ്റർ വരെ അടുത്തെത്തി. അവിടെ കിടങ്ങുകുഴിച്ചു പതിയിരുന്നു. എനിക്കൊപ്പമുള്ള ക്യാപ്റ്റൻ രാജേന്ദ്ര ഡഫ്ലെയുടെ നേതൃത്വത്തിലുള്ള ചെറുസംഘം (പ്ലറ്റൂൺ) 500 മീറ്റർ കൂടി മുന്നിലേക്കു കയറി നിലയുറപ്പിച്ചു.  ഞങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ടെന്നു മനസ്സിലാക്കിയ പാക്ക് സേന ഷെല്ലാക്രമണം തുടങ്ങിയിരുന്നു. 10നു രാത്രി നിരീക്ഷണ യാത്രയ്ക്കിടെ, ഞാൻ അൽപം വിശ്രമിക്കാനിരുന്നു. പാക്ക് ഷെൽ വീണ് രൂപംകൊണ്ട ഗർത്തത്തിലേക്ക് ഇറങ്ങിക്കിടന്നു. ദിവസങ്ങളോളം നടന്നതു മൂലം മുറിവേറ്റ കാലിൽനിന്ന് ബൂട്ടുകൾ ഊരിവച്ചു. തൊട്ടുപിന്നാലെ ക്യാപ്റ്റൻ ഡഫ്ലെയുടെ സന്ദേശമെത്തി: താവളത്തിൽ നിന്നു പാക്ക് സേനാ വാഹനങ്ങൾ പുറത്തേക്കു വരുന്നു. വാഹനങ്ങൾ അടുത്തെത്തുമ്പോൾ അവ തകർക്കാൻ ഞാൻ നിർദേശിച്ചു. ഡഫ്ലെയ്ക്ക് ഉന്നം പിഴച്ചില്ല. നിമിഷങ്ങൾക്കുള്ളിൽ പാക്ക് വാഹനം അഗ്നിഗോളമായി ഉയർന്നു. 

പോരാട്ടം; ഹവായ് ചെരിപ്പിട്ട്

ഇരു സേനകളും തമ്മിലുള്ള തീപാറും പോരാട്ടമായിരുന്നു പിന്നീട്. തലങ്ങുംവിലങ്ങും വെടിവയ്പ്. ഗർത്തത്തിൽ നിന്നെഴുന്നേറ്റ് ബൂട്ട് ഇടാൻ നോക്കിയ ഞാൻ ഞെട്ടി; വെടിയുണ്ട കയറി അവ ചിതറിക്കിടക്കുന്നു. ബൂട്ടിടാതെ  ജവാൻമാർക്കരികിലേക്കോടി. അനാവശ്യമായി വെടിവച്ചു വെടിയുണ്ട പാഴാക്കരുതെന്നും ശത്രു കൺമുന്നിലെത്തുമ്പോൾ മാത്രം വെടിവയ്ക്കാനും നിർദേശിച്ചു. ഇന്ത്യൻ ജവാൻമാർ കിടങ്ങുകളിലും പാക്ക് ജവാൻമാർ തുറസ്സായ സ്ഥലത്തുമായിരുന്നു. ഇന്ത്യൻ ജവാന്മാരുടെ പോരാട്ടവീര്യത്തിനു ജമാൽപുർ സാക്ഷിയായി. പാക്ക് സൈന്യത്തെ നമ്മൾ തകർത്തു. ഇതിനിടെ, ജവാൻമാരിലൊരാൾ കൈവശമുണ്ടായിരുന്ന ഹവായ് ചെരിപ്പ് എനിക്കു നൽകി.

പുലർച്ചെ നാലരയോടെ വെടിയൊച്ച നിലച്ചു. കൈകളുയർത്തി ഞങ്ങൾക്കു മുന്നിലേക്കെത്തിയ അറുപതോളം പാക്ക് സൈനികർ കീഴടങ്ങുകയാണെന്നറിയിച്ചു. ഞങ്ങൾ പിന്നാലെ ജമാൽപുർ താവളത്തിനകത്തേക്കു കയറി. അവിടെ മുന്നൂറ്റിയൻപതിലധികം പാക്ക് സൈനികരുണ്ടായിരുന്നു. അവരുടെ നേതാവ് ലഫ്. കേണൽ സുൽത്താൻ അഹമ്മദ് കടന്നുകളഞ്ഞിരുന്നു. പാക്ക് സൈനികരിലൊരാൾ വെള്ളക്കൊടി വീശി. കീഴടങ്ങൽ ഒൗദ്യോഗികമായി രേഖപ്പെടുത്താൻ ചെരിപ്പുമിട്ടാണു ഞാനെത്തിയത്. പിന്നാലെ ഞങ്ങളുടെ സേനാ കമാൻഡറും (ജനറൽ ഓഫിസർ കമാൻഡിങ് ഇൻ ചീഫ്) ഏതാനും ഇന്ത്യൻ മാധ്യമപ്രവർത്തകരും അവിടേക്ക് ഹെലികോപ്റ്ററിലെത്തി. മാധ്യമപ്രവർത്തകരിലൊരാളുടെ കൈവശം എന്റെ ഭാര്യയ്ക്കൊരു കുറിപ്പ് കൊടുത്തുവിട്ടു: ‘യുദ്ധം തുടരുകയാണ്. പേടിക്കേണ്ട, ഞാൻ സുരക്ഷിതനാണ്’.

കൊട്ടാരത്തിലെ രാത്രി

12നു രാവിലെ ലഭിച്ച നിർദേശപ്രകാരം ജമാൽപുരിനപ്പുറത്തുള്ള തംഗെയ്‌ലിലേക്കു ജമാൽപുരിൽനിന്നു പിടിച്ചെടുത്ത പാക്ക് ജീപ്പുകളിൽ ഞങ്ങൾ നീങ്ങി. അപ്പോഴേക്കും നമ്മുടെ പാരഷൂട്ട് സേനാ സംഘം തംഗെയ്‌ലിൽ പറന്നിറങ്ങിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ നമ്മൾ ധാക്ക പിടിച്ചെടുത്തു. 16ന് ഉച്ചയ്ക്ക് ധാക്കയിലേക്കു നീങ്ങാൻ ഞങ്ങൾക്കു നിർദേശമെത്തി. ഉച്ചയ്ക്ക് 3 മണിയോടെ ഞാനും എന്റെ കമ്പനിയും ധാക്കയിൽ പ്രവേശിച്ചു. കന്റോൺമെന്റ് മേഖലയിലേക്കു കയറിയപ്പോൾ അവിടെ ഒരു കെട്ടിടം കണ്ടു: പ്രസിഡന്റിന്റെ കൊട്ടാരം! ഞാൻ സേനാംഗങ്ങളോട് പറഞ്ഞു: ‘ബോയ്സ്. നമ്മൾ ഇന്ന് രാത്രി ഇവിടെ താമസിക്കുന്നു’. അവിടേക്കു കയറി ഞങ്ങൾ ചപ്പാത്തിയും പൂരിയും കറിയുമുണ്ടാക്കി. കൊട്ടാരത്തിലെ വിലകൂടിയ പാത്രങ്ങളിൽ അവ വിളമ്പി കഴിച്ചു. ബംഗ്ലദേശ് സന്ദർശിക്കുമ്പോൾ പാക്ക് പ്രസിഡന്റ് യാഹ്യ ഖാൻ കിടന്നിരുന്ന കിടക്കയിൽ അന്നു രാത്രി ഞാനുറങ്ങി. യുദ്ധത്തിനു ശുഭാന്ത്യം!

(ലഫ്. ജനറൽ (റിട്ട.) സതീഷ് നമ്പ്യാരെ വീർചക്ര, അതിവിശിഷ്ട സേവാ മെഡൽ,പരമവിശിഷ്ട സേവാ മെഡൽ, പത്മഭൂഷൺ എന്നിവ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.)

English Summary: 1971 India Pakistan war 50th anniversary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA