കാലം ഒന്നും മറക്കുന്നില്ല; ധാക്കയിലെ വിമോചന യുദ്ധ മ്യൂസിയം ഓർമപ്പെടുത്തുന്നത്

bangladesh-museum
ധാക്കയിലെ യുദ്ധ മ്യൂസിയം.
SHARE

‘ആകാശത്തിലെ ചന്ദ്രനും സൂര്യനും തൊട്ട്, രക്തക്കറ വീണ ബംഗാളിന്റെ മണ്ണിനെ തൊട്ടു ഞങ്ങൾ ശപഥം ചെയ്യുന്നു: ഞങ്ങൾക്കായി മരണം വരിച്ചവരെയും ഞങ്ങളുടെ ഇന്നലെകളിൽ നടന്നതിനെയും ഞങ്ങൾ മറക്കില്ല’ – ധാക്ക സെഗുൺ ബഗിച്ചയിലെ പഴയ ഇരുനില കെട്ടിടത്തിന്റെ പുറത്തു മാത്രമല്ല, ഓരോ ബംഗ്ലദേശിയും അയാളുടെ ഹൃദയത്തിലും കുറിച്ചിട്ട വാക്കുകളാണിത്. ആ ഇരുനില വാടകക്കെട്ടിടത്തിൽ നിന്ന് 2017ൽ സ്ഥിരം കെട്ടിടത്തിലേക്കു മാറിയ ആ ഓർമവീടിന്റെ ഔദ്യോഗിക പേര് ‘ലിബറേഷൻ വാർ മ്യൂസിയം’ എന്നാണ്. 1971ൽ ഒരു രാജ്യമായി മാറിയ വിമോചന യുദ്ധകാലത്ത് ബംഗ്ലദേശ് അനുഭവിച്ച വേദനയുടെയും ത്യാഗത്തിന്റെയും ഓർമകൾ തളംകെട്ടി നിൽക്കുന്ന മ്യൂസിയം. ബംഗ്ലദേശിലെ സർക്കാരുകൾ പടുത്തുയർത്തിയതല്ല, ഈ മ്യൂസിയം. പകരം, 8 പേർ ചേർന്നു നടത്തിയ ആലോചന ഒരു ജനത ഏറ്റെടുത്ത് ആ നാടിന്റെ ഭൂതവും ഭാവിയും വർത്തമാനവുമായി നിലനിർത്തിപ്പോരുന്ന അപൂർവ കാഴ്ച. 1996 മാർച്ച് 22നു വാടക കെട്ടിടത്തിലായിരുന്നു തുടക്കം. വിമോചന സമരത്തിന്റെ ഏറ്റവും വിശ്വസനീയ രേഖകളും തെളിവുകളും സൂക്ഷിക്കുന്ന ഒരിടം എന്നതായിരുന്നു ആദ്യ ആശയം. ഇതിനു നാടിന്റെ നാനാഭാഗത്തുനിന്നും പിന്തുണയെത്തി; പണമായും ചരിത്ര ശേഷിപ്പുകളായും. 2017ൽ സ്വന്തം കെട്ടിടമായി. അപ്പോഴേക്കും സർക്കാർ പിന്തുണയും ലഭിച്ചു തുടങ്ങി.

1971ൽ സ്വാതന്ത്ര്യത്തിന്റെ ആകാശത്തേക്കു കൺതുറന്നതിനു മുൻപുള്ള കാലം ബംഗ്ലദേശ് അനുഭവിച്ച സഹനത്തിന്റെ അടയാളമാണ് ഈ മ്യൂസിയം. 6 ഗാലറികളിലായാണു കാഴ്ചകൾ. അതിൽ ആദ്യത്തേത് ബംഗ്ലദേശിന്റെ പാരമ്പര്യവും കോളനിവാഴ്ചക്കാലത്തെ പോരാട്ടങ്ങളുമാണ്. രണ്ടാമത്തേത് 1947 മുതൽ പാക്കിസ്ഥാൻ കിഴക്കൻ പാക്കിസ്ഥാനിൽ   നടത്തിയ അടിച്ചമർത്തലുകളും ചെറുത്തുനിൽപ്പും. അടുത്തതിലാണു ചോരമണക്കുന്ന ശേഷിപ്പുകൾ. ‌‌1971 മാർച്ച് മുതൽ ഡിസംബർ വരെയുള്ള കാലത്തെ അരുംകൂട്ടക്കൊലകളിൽ ബംഗ്ലദേശിൽ 30 ലക്ഷം പേർക്കു ജീവൻ നഷ്ടമായി. പതിനായിരക്കണക്കിനു സ്ത്രീകൾ പീഡനത്തിനിരയായി. ആ കാലത്തെ ത്യാഗവും സഹനവും ചെറുത്തുനിൽപ്പും ഒടുവിൽ സ്വാതന്ത്ര്യ പ്രഖ്യാപനവും വരെ തുടിക്കുന്ന ശേഷിപ്പുകൾ ഇവിടെയുണ്ട്. പിന്നീടു പല കാലങ്ങളിലായി രാജ്യത്തിന്റെ പലഭാഗത്തു നിന്നു കുഴിച്ചെടുക്കപ്പെട്ട ശരീരാവശിഷ്ടങ്ങളും കൂട്ടത്തിലെ നൊമ്പരക്കാഴ്ചയാണ്.  തലയോട്ടികളും ഫയലുകളും മുതൽ തോക്കുകൾ വരെ മ്യൂസിയത്തിലാകെയുള്ളത് 6.48 ലക്ഷം വസ്തുക്കൾ. കൂട്ടക്കൊല ചെയ്ത് ആളുകളെ കുഴിച്ചുമൂടിയ ജല്ലാദ്ഖാന, മിർപുർ സെക്ടർ 10 എന്നിവിടങ്ങളിലെ സ്ഥലങ്ങളും മ്യൂസിയത്തിന്റെ സംരക്ഷണത്തിലാണ്.

sunday-times

ലോകം അറിഞ്ഞത്  ഇങ്ങനെ

കിഴക്കൻ പാക്കിസ്ഥാനിൽ പാക്ക് സൈന്യം നടത്തിയ കൊടുംക്രൂരതകളെക്കുറിച്ചു ലോകമറിഞ്ഞതു പാക്കിസ്ഥാനിൽനിന്നു തന്നെയുള്ള ഒരു മാധ്യമപ്രവർത്തകനിലൂടെയാണ്: ആന്റണി മസ്കരാനസ്. കർണാടകയിലെ ബെളഗാവിയിൽ ജനിച്ചു പാക്കിസ്ഥാനിലെ കറാച്ചിയിൽ മോണിങ് ന്യൂസ് പത്രത്തിന്റ അസിസ്റ്റന്റ് എഡിറ്ററായിരുന്ന ആന്റണിയെ ‘ഓപ്പറേഷൻ സേർച് ലൈറ്റ്’ നേരിട്ടു കാണാൻ ക്ഷണിച്ചുകൊണ്ടു പോയതു പാക്കിസ്ഥാനി പട്ടാളം തന്നെയായിരുന്നു. ക്രൂരമായ പലതും നേരിട്ടു കാണാൻ ഇടയായ ആന്റണി, ഇതെല്ലാം നോട്ടുബുക്കിൽ കുറിച്ചുവച്ചു. ചിലതൊക്കെ ക്യാമറയിൽ പകർത്തി.

പാക്കിസ്ഥാനിലെ മാധ്യമങ്ങൾ ഇതു റിപ്പോർട്ട് ചെയ്യില്ലെന്നു തിരിച്ചറിഞ്ഞ അദ്ദേഹം ലണ്ടനിലെ സൺഡേ ടൈംസിന്റെ എഡിറ്ററായിരുന്ന ഹാരൾഡ് ഇവാൻസിനെ ബന്ധപ്പെട്ടു. റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിനു മുൻപ് ആന്റണി തന്റെ കുടുംബത്തെ ഇംഗ്ലണ്ടിലേക്കു മാറ്റി. 1971 ജൂൺ 13നു സൺഡേ ടൈംസിൽ ‘വംശഹത്യ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ ബംഗ്ലദേശിൽ സംഭവിക്കുന്നതു ലോകമറിഞ്ഞു. അതിനു ശേഷമുണ്ടായ കോലാഹലങ്ങളാണ് ഇന്ത്യയുടെയും മറ്റു ലോകരാഷ്ട്രങ്ങളുടെയും ഇടപെടലുകളിലേക്കും യുദ്ധത്തിലേക്കും തുടർന്നു ബംഗ്ലദേശിന്റെ സ്വാതന്ത്ര്യത്തിലേക്കും നയിച്ചതെന്നു പറയാം.

English Summary: 1971 India- Pakistan War; Bangladesh war museum

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA