ഇന്ത്യയുടെ വരവ്

war
SHARE

എല്ലാ ദിശകളിൽനിന്നും സമ്മർദമേറിയിട്ടും ഇന്ത്യ യുദ്ധത്തിലേക്ക് തിരക്കിട്ട് എടുത്തു ചാടിയില്ല; എല്ലാ ഘട്ടങ്ങളിലും നയതന്ത്രത്തിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തി.

ആധുനികകാലത്ത് ഒരു യുദ്ധം ജയിക്കുകയെന്നാൽ പോരാട്ട മികവിനോടു കിടപിടിക്കുന്ന നയതന്ത്രശേഷിയും ഒപ്പം ഇതു രണ്ടിന്റെയും കൃത്യമായ നിർവഹണവും കൂടി ചേർന്നാൽ മാത്രം സാധിക്കുന്ന ഒന്നാണ്. നയതന്ത്രമികവ് പോരാട്ടമികവിനെക്കാൾ കൂടിയില്ലെങ്കിലും അണുവിട പോലും കുറയാൻ പാടില്ല. ആന്തരികമായ ബലതന്ത്രങ്ങളെ വിദഗ്ധമായി കൈകാര്യം ചെയ്യാനുള്ള ഉൾക്കാഴ്ചയും വേണം. ഈ ഘടകങ്ങളെയെല്ലാം സവിശേഷ മികവോടെ സംയോജിപ്പിക്കുകയായിരുന്നു 1971ൽ ഇന്ത്യ ചെയ്തത്.

ഇന്ത്യയുടെ സൈനികവിജയങ്ങളുടെ ഒട്ടേറെ അടയാളങ്ങൾ പുരാതന, മധ്യകാല ചരിത്രത്തിൽ കണ്ടെത്താം. പക്ഷേ, പാക്കിസ്ഥാനുമായി 1971ൽ നടന്ന യുദ്ധവും ബംഗ്ലദേശ് വിമോചനത്തിനുവേണ്ടി ഒരു ആധുനിക രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ വഹിച്ച പങ്കുമാണ് മുൻപു പറഞ്ഞ മൂന്നു മികവുകളും കൂടിച്ചേർന്നു സൃഷ്ടിച്ച ആദ്യത്തെ വിജയ ദൗത്യമായി വിലയിരുത്താവുന്നത്.

dylan
ബംഗ്ലദേശിനു സഹായമെത്തിക്കാൻ ന്യൂയോർക്കിലെ മാഡിസൻ സ്ക്വയർ ഗാർഡനിൽ 1971 ഓഗസ്റ്റ് ഒന്നിനു നടത്തിയ സംഗീതപരിപാടിയിൽ പ്രശസ്ത ഗായകർ ബോബ് ഡിലനും ജോർജ് ഹാരിസണും.

ദരിദ്രലക്ഷങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം ഉറപ്പാക്കാൻപോലും ഇന്ത്യ പാടുപെട്ടിരുന്ന പട്ടിണിയുടെ കാലത്തായിരുന്നു ആ നേട്ടം കൈവരിച്ചതെന്നും ഓർക്കണം. വിഭവങ്ങളുടെ അപര്യാപ്തതയും മറ്റു പോരായ്മകളും സൃഷ്ടിച്ച വലിയ കുറവുകൾ ഇന്ത്യ തീർത്തത് ചില ചെറിയ ചുവടുകളിലൂടെയും ഉറച്ച നിലപാടുകളിലൂടെയുമാണ്. ഒരു കോടി അഭയാർഥികൾ എത്തിയതുൾപ്പെടെ എല്ലാ ദിശകളിൽനിന്നും സമ്മർദമേറിയിട്ടും ഇന്ത്യ യുദ്ധത്തിലേക്കു തിരക്കിട്ട് എടുത്തു ചാടിയില്ല എന്നതാണ് ഇവയിൽ ഏറ്റവും ശ്രദ്ധേയം. മറിച്ച് എല്ലാ ഘട്ടങ്ങളിലും നയതന്ത്രത്തിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തി. ബഹുസ്വരത മുഖമുദ്രയാക്കിയ ജനതയ്ക്കിടയിൽ തികച്ചും അനുകൂലമായ പൊതുജനാഭിപ്രായം രൂപപ്പെടുത്തിയെടുത്തു. ഒപ്പം, പ്രതികൂലമോ ഉദാസീനമോ ആയ നിലപാടെടുത്ത വിദേശസർക്കാരുകളെ അവരുടെ വഴിക്കുവിട്ട് അവിടങ്ങളിലെ ജനകീയ കൂട്ടായ്മകളെയും ജനപ്രിയതാരങ്ങളെയും ഉപയോഗിച്ചുള്ള ‘സോഫ്റ്റ് ഡിപ്ലോമസി’ സാധിച്ചെടുത്തു.

കാര്യങ്ങളെല്ലാം പെട്ടെന്നങ്ങു സംഭവിക്കുകയായിരുന്നില്ല. മറിച്ച്, ഏറിയപങ്കും ഗൂഢമായി സൃഷ്ടിച്ച സാഹചര്യങ്ങളെല്ലാം കൂടി ഒരേ സമയം ഒത്തുവന്ന് സങ്കീർണമായി പരിണമിക്കുകയായിരുന്നു. ഒരു വൻശക്തിയുടെ വൈരം മറികടക്കാനായി മറ്റൊരു വൻശക്തിയുമായി സമാധാന ഉടമ്പടി ഒപ്പുവയ്ക്കാനായെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതായിരുന്നു.

ബംഗ്ലദേശിന്റെ പിറവി ലോകഭൂപടം മാത്രമല്ല മാറ്റിവരച്ചത്. ദക്ഷിണേഷ്യയിലെ ബലതന്ത്ര സമവാക്യങ്ങളെ അത് അപ്പാടെ മാറ്റിമറിക്കുക കൂടിയായിരുന്നു. കരുതലോടെയെങ്കിലും ലോകരാഷ്ട്രങ്ങൾ മേഖലയിലെ മുഖ്യശക്തിയായി ഇന്ത്യയെ അംഗീകരിക്കാൻ തുടങ്ങി.

അന്നത്തെ പതിവനുസരിച്ച് ഒരു ദുർബല റിപ്പബ്ലിക്കിനോട് എന്ന മട്ടിലായിരുന്നില്ല ലോകത്തിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. യുഎസിന് തണുപ്പൻ ഭാവമായിരുന്നെങ്കിൽ ബ്രിട്ടന് ഉദാസീനതയായിരുന്നു. അതേ സമയം സോവിയറ്റ് യൂണിയനാകട്ടെ ആയുധവും സഹായവും നൽകി. ബംഗ്ലദേശിനു ശേഷവും നാലു പതിറ്റാണ്ടു നീണ്ടുനിന്ന ഊഷ്മളതയായിരുന്നു അത്. ബംഗ്ലദേശിന്റെ ആവിർഭാവം ശീതയുദ്ധ സ്പർധ വീണ്ടും രൂക്ഷമാക്കിയെങ്കിലും ഇന്ത്യയെ വളരെ സവിശേഷതയോടെയാണു ലോകം അക്കാലത്തു കണ്ടത്.

mahendra
മഹേന്ദ്ര വേദ്

അതുകഴിഞ്ഞുള്ള മാസങ്ങളിൽ ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിലെ വിപ്ലവകാരികൾക്കുനേരെ ആക്രമണം അഴിച്ചുവിട്ടു. പ്രതിരോധസുരക്ഷയുടെ സൈനികേതര തലങ്ങളിൽ ഇന്ദിര കർമനിരതയായി. അവർ ലോക പരിസ്ഥിതി സമ്മേളനത്തിൽ പങ്കെടുത്തു. ആഭ്യന്തര ടെലിവിഷൻ ശൃംഖലയുടെ പ്രക്ഷേപണപരിധി വിപുലപ്പെടുത്തുന്നതിനു ചുക്കാൻ പിടിച്ചു.

1974ൽ ആണവപരീക്ഷണങ്ങൾ നടത്തി ഇന്ദിര ഉപരോധങ്ങൾ ക്ഷണിച്ചുവരുത്തി. 1962ലെ യുദ്ധത്തിനു ശേഷം ബന്ധം വിച്ഛേദിച്ചിരുന്ന ചൈനയുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള ചങ്കൂറ്റം അവർ കാട്ടി. 1976ൽ അങ്ങോട്ട് അംബാസഡറെ അയച്ചു; പകരം ചൈനീസ് അംബാസഡറെ വരവേറ്റു. ബംഗ്ലദേശ് വിമോചനം പകർന്ന ഊർജത്തിനും കരുത്തിനും ശേഷം നയതന്ത്രരംഗത്ത് ഇന്ത്യയെ കണ്ടില്ലെന്നു നടിക്കാനാകില്ലെന്ന സ്ഥിതി ഉടലെടുത്തു കഴിഞ്ഞിരുന്നു. വിശേഷിച്ചും സുരക്ഷയുമായ ബന്ധപ്പെട്ട നയതന്ത്രചർച്ചകളിൽ ഇന്ത്യയെ ഒഴിവാക്കാൻ തീരെ കഴിയുമായിരുന്നില്ല.

ആഭ്യന്തര അസ്വസ്ഥതകൾക്കിടയിലും ഷെയ്ഖ് മുജീബുർ റഹ്മാന്റെ വധവും തുടർന്ന് സൈന്യം അധികാരം പിടിച്ചതും ഉൾപ്പെടെ ബംഗ്ലദേശിൽത്തന്നെ നേരിട്ട തിരിച്ചടികൾക്കിടയിലും ഇന്ത്യയെന്ന ഉഗ്രശക്തി യാത്ര തുടരുകയായിരുന്നു. പക്ഷേ, അഞ്ചു പതിറ്റാണ്ടു പിന്നിടുമ്പോൾ, ഈ ‘ബംഗ്ലദേശ് ബഹുമതി’ അതിവേഗം അസ്തമിച്ചുകൊണ്ടിരിക്കുകയാണെന്നതു കാണാതിരുന്നു കൂട. മേഖലയിലും ആഗോളതലത്തിലും ചൈന ഉദിച്ചുനിൽക്കുന്നു. ഉഭയകക്ഷി നയതന്ത്രത്തിലൂടെയും ബെൽറ്റ്, റോഡ് വാണിജ്യമാർഗ പദ്ധതി (ബിആർഐ) യിലൂടെയും അവർ മറ്റു രാജ്യങ്ങൾക്കു ലക്ഷങ്ങൾ വാഗ്ദാനം ചെയ്യുന്നു. അങ്ങനെ, ഭൂമിശാസ്ത്രപരമായ രാഷ്ട്രീയ, സാമ്പത്തിക തലങ്ങളിൽ ഇന്ത്യയെ ചുറ്റിവരിഞ്ഞ് ഇപ്പോൾ ചൈനയുണ്ട്.

ജോ ബൈഡൻ നയിക്കുന്ന പടിഞ്ഞാറിന്റെ ഭ്രമണകേന്ദ്രമായി ഇന്ത്യയ്ക്കു മാറാനാകും. പക്ഷേ, ദേശീയ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള തന്ത്രപ്രധാനമായ സ്വയംഭരണാവകാശം കാത്തുസൂക്ഷിക്കാൻ ഇന്ത്യയ്ക്കു നിരന്തരം ശ്രദ്ധ പുലർത്തേണ്ടി വരും.

(പ്രശസ്ത മാധ്യമപ്രവർത്തകനായ മഹേന്ദ്ര വേദ് യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (യുഎൻഐ) യുടെ ധാക്ക ബ്യൂറോ ചീഫ് ആയിരുന്നു.)

English Summary: 1971 India Pakistan war; India's strategy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA