ADVERTISEMENT

ബെംഗളൂരു ∙ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ മരിച്ച കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ട ഏക സൈനികനും മരിച്ചു. 80 ശതമാനത്തിലേറെ പൊള്ളലേറ്റു ചികിത്സയിലായിരുന്ന വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് (39), എട്ട് ദിവസത്തെ പോരാട്ടത്തിനൊടുവിൽ ഇന്നലെ ഉച്ചയോടെ മരണത്തിനു കീഴടങ്ങി. മൃതദേഹം ഇന്ന് യെലഹങ്ക വ്യോമതാവളത്തിൽ പൊതുദർശനത്തിനു ശേഷം ഭോപാലിലേക്ക് പ്രത്യേക വിമാനത്തിൽ കൊണ്ടു പോകും. നാളെയാകും സംസ്കാരമെന്നാണ് വ്യോമസേനാ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. അപകടമുണ്ടായ ഉടൻ സമീപവാസികൾ അടിയന്തര രക്ഷാപ്രവർത്തനം നടത്തിയതിനെ തുടർന്നാണ് സിങ്ങിനെ ആശുപത്രിയിലേക്കു മാറ്റാനായത്. 

വെല്ലിങ്ടൺ സൈനിക ആശുപത്രിയിലെത്തുമ്പോൾ അദ്ദേഹത്തിനു ബോധമുണ്ടായിരുന്നതായും ഭാര്യയോടു സംസാരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും അധികൃതർ പറഞ്ഞു. തുടർന്ന് എയർ ആംബുലൻസിൽ ബെംഗളൂരുവിൽ എത്തിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ നേതൃത്വത്തിൽ ചികിത്സ ആരംഭിച്ചു. മരുന്നുകളോടു പ്രതികരിച്ചതോടെ രക്ഷപ്പെടുമെന്ന നേരിയ പ്രതീക്ഷയുണ്ടായിരുന്നു. പൊള്ളിയടർന്ന ചർമത്തിനു പകരം പുതിയതു വച്ചുപിടിപ്പിക്കുന്ന (സ്കിൻ ഗ്രാഫ്റ്റ്) ശസ്ത്രക്രിയയ്ക്കു തയാറെടുപ്പു തുടങ്ങിയിരുന്നു. ഈ മാസം 8ന് വെല്ലിങ്ടൺ ഡിഫൻസ് സർവീസ് സ്റ്റാഫ് കോളജിലെ ചടങ്ങിനാണ് റാവത്തും സംഘവും എത്തിയത്. 

കോളജിലെ ഡയറക്ടിങ് സ്റ്റാഫ് ആയ വരുൺസിങ്, റാവത്തിനെയും സംഘത്തെയും കോയമ്പത്തൂരിനു സമീപം സൂലൂർ വ്യോമതാവളത്തിൽ സ്വീകരിച്ച് കോളജിലേക്ക് അനുഗമിക്കാൻ നിയോഗിക്കപ്പെട്ടതായിരുന്നു. ഉത്തർപ്രദേശിലെ ഗാസിപുരിൽ വേരുകളുള്ള അദ്ദേഹത്തിന്റെ കുടുംബം ഏറെക്കാലമായി ഭോപാലിലാണു താമസം. പിതാവ് കെ.പി.സിങ് കരസേനാ റിട്ട. കേണലും സഹോദരൻ തനുജ് സിങ് നാവിക സേനയിൽ ലഫ്. കമാൻഡറുമാണ്. മാതാവ്: ഉമ സിങ്. ഭാര്യ: ഗീതാഞ്ജലി. ഒരു മകനും മകളുമുണ്ട്. 

എ.പ്രദീപിന്റെ ഭാര്യയ്ക്ക് ജോലി; കുടുംബത്തിന് 8 ലക്ഷം

തിരുവനന്തപുരം ∙ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറന്റ് ഓഫിസർ തൃശൂർ പുത്തൂർ സ്വദേശി എ.പ്രദീപിന്റെ ഭാര്യയ്ക്കു സർക്കാർ സർവീസിൽ ജോലി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. കുടുംബത്തിന് 8 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകും.

Varun-Singh-Copter-Crash
ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്, കൂനൂരിൽ ഹെലികോപ്റ്റർ അപകടമുണ്ടായ സ്ഥലത്തെ ദൃശ്യം.

പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി എംകോം ബിരുദധാരിയാണ്. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി നൽകും. കുടുംബത്തിനു സൈനിക ക്ഷേമനിധിയിൽ നിന്ന് 5 ലക്ഷം രൂപയും വെന്റിലേറ്ററിൽ കഴിയുന്ന പിതാവിന്റെ ചികിത്സയ്ക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു 3 ലക്ഷം രൂപയും നൽകുമെന്നു മന്ത്രി കെ.രാജൻ അറിയിച്ചു.

English Summary: Group Captain Varun Singh, Injured In Chopper Crash, Dies In Hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com