‘മെയ്ഡ് ഇൻ ബംഗ്ലദേശ്’

bangladesh-map
SHARE

പാക്കിസ്ഥാനിൽനിന്നു മോചിപ്പിച്ച് ഇന്ത്യ ബംഗ്ലദേശ് എന്ന സ്വതന്ത്രരാഷ്ട്രം യാഥാ‍ർഥ്യമാക്കി. ശേഷം, അവരുടെ വളർച്ചയുടെ കഥ

കോവിഡ് തകർത്തു തരിപ്പണമാക്കിയ സമ്പദ്‌വ്യവസ്ഥകളുടെ ഇടയിൽ തലയുയർത്തി നിൽക്കും ബംഗ്ലദേശ്. ‘വിസ്മയകരം’ എന്നു സാമ്പത്തിക വിദഗ്ധർ വിശേഷിപ്പിക്കുന്ന വളർച്ചയാണു പോയ വർഷങ്ങളിൽ ബംഗ്ലദേശിനുണ്ടായത്. അവികസിത രാജ്യങ്ങളുടെ പട്ടികയിൽനിന്നു വികസ്വര രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് ഐക്യരാഷ്ട്ര സംഘടന ബംഗ്ലദേശിനെയും നേപ്പാളിനെയും ഉയർത്തിയത് ഈയിടെയാണ്.

ആഗോള പട്ടിണി സൂചികയിലും മനുഷ്യശേഷി സൂചികയിലുമൊക്കെ ഇന്ത്യയെപ്പോലും മറികടക്കുന്ന നിലവാരമാണു ബംഗ്ലദേശ് കാണിക്കുന്നത്. കഴിഞ്ഞ 7 വർഷത്തിനിടെ അവരുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) പ്രതിവർഷം 6 ശതമാനത്തോളം ശരാശരി വളർച്ചയുണ്ട്. കോവിഡ് കാലത്ത് ആഗോള സമ്പദ്‌വ്യവസ്ഥ 3.5% ചുരുങ്ങിയപ്പോൾ ബംഗ്ലദേശിനു 4 % വളർച്ചയുണ്ടായി എന്നാണു കണക്ക്. പ്രതിശീർഷ വരുമാനത്തിലും വലിയ വർധനയുണ്ടായി. രാജ്യം പിറവിയെടുത്തപ്പോൾ 93 ഡോളറായിരുന്നത് 2228 ഡോളറായി വർധിച്ചു. 1974ൽ 800 കോടി ഡോളറിന്റേതായിരുന്ന സമ്പദ്‌വ്യവസ്ഥ ഇപ്പോൾ 35,500 കോടി ഡോളറിന്റേതാണെന്നു വിവിധ രേഖകളിൽ പറയുന്നു. ഈ നിലയ്ക്കാണു വളർച്ചയെങ്കിൽ 2034ൽ ബംഗ്ലദേശ് സമ്പദ്‌വ്യവസ്ഥ ലോകത്തെ 34–ാം സ്ഥാനത്തെത്തുമെന്നാണു ബ്രിട്ടനിലെ സെന്റർ ഫോർ ഇക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ചിന്റെ അനുമാനം. ഐഎംഎഫിന്റെ കണക്കുകൾ പ്രകാരം 2026ൽ 51,700 കോടി ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയായിരിക്കും ബംഗ്ലദേശിനുണ്ടാവുക.

വസ്ത്രങ്ങളുടെ കയറ്റുമതിയാണ് ഉയർച്ചയിലേക്കുള്ള ബംഗ്ലദേശിന്റെ ഏണി. ദുബായ് അടക്കമുള്ള പല ഗൾഫ് രാജ്യങ്ങളിലെയും യുഎസിലെയും വിപണിയിൽ ഇപ്പോൾ ‘മെയ്ഡ് ഇൻ ബംഗ്ലദേശ്’ ബ്രാൻഡാണു കൂടുതലെന്നാണു റിപ്പോർട്ടുകൾ.

താഴേത്തട്ടിൽ വരെ വരുമാനമുറപ്പാക്കിയ പദ്ധതികളിലൂടെയാണു കോവിഡ്കാലത്ത് ബംഗ്ലദേശ് പിടിച്ചുനിന്നത്. ചൈന–യുഎസ് വ്യാപാരത്തർക്കത്തിന്റെ സാധ്യതകൾ മുതലെടുത്ത് യുഎസ് ഓർഡറുകൾ കൂടുതലും ധാക്കയിലേക്കു തിരിച്ചുവിടാൻ ബംഗ്ലദേശിനു കഴിഞ്ഞു. ഇതു ഗ്രാമങ്ങളുടെ സമ്പദ്‌വ്യസ്ഥയെ ചലിപ്പിച്ചു. അതിന്റെ പ്രതിഫലനം മറ്റു മേഖലകളിലുമുണ്ടായി.

1971ൽ ലോകത്തെ ഏറ്റവും കുറഞ്ഞ പ്രതിശീർഷ വരുമാനമുള്ള രാജ്യങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനത്തായിരുന്നു ബംഗ്ലദേശ്. കുറഞ്ഞ ഇടത്തരം വരുമാന മേഖലയിലേക്ക് 2015ലാണു രാജ്യം ചുവടുവച്ചത്. 1991ൽ 43.5 ശതമാനമായിരുന്ന പട്ടിണി 2016 ആയപ്പോഴേക്ക് 14.3 ശതമാനമായി കുറഞ്ഞു. എന്നാൽ, 2020ൽ പട്ടിണി 18.1 ശതമാനമായി വർധിച്ചതു രാജ്യത്തിനു വെല്ലുവിളിയാണെന്നു വിദഗ്ധർ പറയുന്നു. 

ബംഗ്ലദേശ്: ഒറ്റനോട്ടത്തിൽ

ജനസംഖ്യ: 16 കോടി 

(ലോകത്ത് എട്ടാമത്)

സ്ത്രീ പുരുഷ അനുപാതം : 

1000 സ്ത്രീകൾക്ക് 970 പുരുഷൻമാർ

ശരാശരി ആയുസ്സ് : 72.71 വയസ്

ജിഡിപി : 31 ലക്ഷം കോടി രൂപ

പ്രതിശീർഷ വരുമാനം:  1,62,558 രൂപ 

സാക്ഷരത : 74.9 ശതമാനം

വിസ്തൃതി : 1,48,460 ചതുരശ്ര കിലോമീറ്റർ

ജനസാന്ദ്രത :  ചതുരശ്ര കിലോമീറ്ററിൽ 1265

കറൻസി : ടാക്ക  

(1 ഇന്ത്യൻ രൂപ – 1.12 ബംഗ്ലാദേശ് ടാക്ക) 

English Summary: Bangladesh developments after 1971 war 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA