ADVERTISEMENT

ന്യൂഡൽഹി/തിരുവനന്തപുരം ∙ വോട്ടർ പട്ടികയിലെ പേര് ആധാർ നമ്പരുമായി ബന്ധിപ്പിക്കുന്നതുൾപ്പെടെ നിർദേശങ്ങളടങ്ങിയ തിരഞ്ഞെടപ്പുനിയമ ഭേദഗതിബിൽ ലോക്സഭ പാസാക്കി. ലഖിംപുർ ഖേരി വിഷയത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളം അവഗണിച്ചാണു കേന്ദ്ര സർക്കാർ ബിൽ അവതരിപ്പിച്ചതും പാസാക്കിയതും. പാർലമെന്ററി സമിതിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യം പരിഗണിച്ചില്ല. ഇന്നലെ ഉച്ചയ്ക്ക് 2.45നു പരിഗണനയ്ക്കെടുത്ത ബിൽ, 3.10 ആയപ്പോഴേക്കും പാസായി. ബിൽ രാജ്യസഭ ഇന്നു പരിഗണിക്കും. സഭയിൽ ഹാജരാകാൻ അംഗങ്ങൾക്ക് കോൺഗ്രസ് വിപ്പ് നൽകി. 

കേരളത്തിൽ 2.74 കോടി വോട്ടർമാരാണുള്ളത്. പുതിയ നിയമം നടപ്പാകുമ്പോൾ ഇവരെല്ലാം ആധാറുമായി ബന്ധിപ്പിക്കണം. വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള തിരിച്ചറിയൽ രേഖയായി ആധാർ നമ്പർ നൽകിയവരും ബന്ധിപ്പിക്കൽ പ്രക്രിയ ചെയ്യേണ്ടി വരുമെന്നാണു സൂചന. ആധാറുമായി ബന്ധിപ്പിക്കുന്നതോടെ കേരളത്തിൽ 15 ലക്ഷത്തോളം പേരെങ്കിലും വോട്ടർപട്ടികയ്ക്കു പുറത്താകുമെന്നാണു നിഗമനം. 

കള്ളവോട്ടിനായി പലവട്ടം പട്ടികയിൽ പേരു ചേർത്തവരും സ്ഥലം മാറിപ്പോകുമ്പോൾ പുതിയ അപേക്ഷ നൽകിയതു കാരണം പേര് ഇരട്ടിച്ചവരുമായി 20 ലക്ഷത്തോളം പേരുണ്ടെന്നായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ആരോപണം.

1248-parliament
പാർലമെന്റ് (ഫയൽ ചിത്രം)

ഇതേസമയം, വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും ബന്ധിപ്പിക്കുന്നതു നിർബന്ധമല്ലെന്നു നിയമമന്ത്രി കിരൺ റിജിജു ലോക്സഭയിൽ പറഞ്ഞു. വ്യാജ വോട്ടർമാരെ ഒഴിവാക്കേണ്ടതുണ്ട്. നിലവിലെ നിയമത്തിലെ പഴുതുകൾ പരിഹരിക്കാനാണ് ഭേഗഗതിയെന്നും അദ്ദേഹം വ്യക്തമാക്കി.

voter-id-aadhar
പ്രതീകാത്മക ചിത്രം

English Summary: Electoral Reforms Bill that links Aadhaar to voter ID among other changes cleared by Lok Sabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com