കരുതൽ ഡോസ്: പല വാക്സീൻ നൽകുന്നത് പരിഗണനയിൽ

covid-vaccine-saudi
SHARE

ന്യൂഡൽഹി ∙ രാജ്യത്ത് അടിയന്തരാനുമതി ലഭിച്ച വാക്സീനുകൾ മൂന്നാം ഡോസായി ഉപയോഗിക്കാനുള്ള സാധ്യത കേന്ദ്രം പരിശോധിക്കുന്നു. ആരോഗ്യ പ്രവർത്തകർക്കും കോവിഡ് പോരാളികൾക്കും 60നു മുകളിൽ പ്രായമുള്ള ഗുരുതര രോഗമുള്ളവർക്കും ജനുവരി 10 മുതൽ കരുതൽ ഡോസായി മൂന്നാമത്തെ കുത്തിവയ്പ് തുടങ്ങും. 

നേരത്തേ, കുത്തിവച്ച അതേ വാക്സീൻ തന്നെ മൂന്നാം ഡോസായി നൽകുന്ന രീതിക്കു പുറമേ, പുതിയൊരു വാക്സീൻ നൽകാൻ കഴിയുമോയെന്നാണ് സാങ്കേതിക ഉപദേശക സമിതി പരിശോധിക്കുന്നതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ് പറഞ്ഞു.

പുതിയൊരു വാക്സീൻ നൽകുന്നത് ഫലപ്രദമാകുമോയെന്നു മനസ്സിലാക്കാൻ സിഎംസി വെല്ലൂരിൽ ഉൾപ്പെടെ പഠനം നടക്കുന്നുണ്ടെങ്കിലും പൂർത്തിയാകാൻ സമയമെടുക്കും. എന്നാൽ, ഇതുസംബന്ധിച്ച വിദേശ ഡേറ്റ ലഭ്യമാണെന്നും അന്തിമ നയം രൂപീകരിക്കുന്നതിനു മുൻപ് ഇതുൾപ്പെടെയുള്ളവ ഉപദേശക സമിതി കണക്കിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

എസ്എംഎസ് ലഭിക്കും

കരുതൽ ഡോസിനു സമയമാകുന്നവർക്കു ജനുവരി 10 മുതൽ എസ്എംഎസ് അയച്ചുതുടങ്ങുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആദ്യ ഡോസുകൾക്കു കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്ത അതേ നമ്പറിലേക്കാണ് എസ്എംഎസ് ലഭിക്കുക. 18 വയസ്സിനു മുകളിലുള്ളവരിൽ 90% പേർക്കും ഒരു ഡോസ് വാക്സീനെങ്കിലും ലഭിച്ചുകഴിഞ്ഞു. 

ഏതു വകഭേദമായാലും മനുഷ്യരിലേക്ക് എത്തുന്നത് ഒരേ വഴികളിലൂടെയാണെന്നും ഇതു തടയാൻ മാസ്ക് ആണ് ഏറ്റവും ഫലപ്രദമെന്നും നിതി ആയോഗ് അംഗം ഡോ. വി.കെ.പോൾ പറഞ്ഞു.

കോവാക്സിൻ: പ്രതിരോധമേറെ കുട്ടികൾക്ക്

ന്യൂഡൽഹി ∙ കോവാക്സിൻ വഴി മുതിർന്നവർക്കു ലഭിക്കുന്നതിനെക്കാൾ 1.7 മടങ്ങ് പ്രതിരോധശേഷി കുട്ടികൾക്കു ലഭിക്കുമെന്ന് ഉൽപാദകരായ ഭാരത് ബയോടെക് വ്യക്തമാക്കി. ജനുവരി 3 മുതൽ കോവാക്സിൻ 15–18 പ്രായക്കാർക്കു നൽകാനിരിക്കെയാണ് 2, 3 ഘട്ട ട്രയൽ ഫലം ചൂണ്ടിക്കാട്ടി വാക്സീൻ സുരക്ഷിതവും കൂടുതൽ ഫലം നൽകുന്നതുമാണെന്നു കമ്പനി അവകാശപ്പെട്ടത്.

2–18 പ്രായക്കാരിൽ നടത്തിയ ട്രയൽ ഫലം കൂടുതൽ പ്രതീക്ഷ നൽകുന്നതാണെന്ന് കമ്പനി എംഡി കൃഷ്ണ എല്ല അറിയിച്ചു. രക്തം കട്ടപിടിക്കുന്നത് ഉൾപ്പെടെ കാര്യമായ പാർശ്വഫലം ആർക്കുമില്ലെന്നും അറിയിച്ചു.

English Summary: India to provide booster dose 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA