ADVERTISEMENT

ന്യൂഡൽഹി ∙ ഇന്റർനെറ്റ് ഇല്ലാതെയും ചെറിയ തുക ഡിജിറ്റലായി വിനിമയം ചെയ്യാവുന്ന സാങ്കേതികവിദ്യ (ഓഫ്‍ലൈൻ മോഡ്) പണം നൽകുന്നയാളും സ്വീകരിക്കുന്നയാളും അടുത്തടുത്തുണ്ടെങ്കിൽ (ഫെയ്സ് ടു ഫെയ്സ്) മാത്രം ഉപയോഗിക്കാവുന്ന തരത്തിലായിരിക്കണമെന്ന് റിസർവ് ബാങ്കിന്റെ മാർഗരേഖയിൽ നിഷ്കർഷിച്ചു.

പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കിയപ്പോൾ ഫെയ്സ് ടു ഫെയ്സ് രീതിക്കു പുറമേ അകലെ നിന്ന് പരസ്പരം പണം അയയ്ക്കുന്ന റിമോട്ട് രീതിയും അനുവദിച്ചിരുന്നു. 2020 സെപ്റ്റംബർ മുതൽ 2021 ജൂലൈ വരെ നടന്ന പരീക്ഷണത്തിനൊടുവിലാണ് ഇന്നലെ പുറത്തിറക്കിയ അന്തിമ മാർഗരേഖയിൽ റിമോട്ട് രീതി ഒഴിവാക്കിയത്.

ഒരു ഇടപാടിൽ പരമാവധി 200 രൂപ വരെ മാത്രമേ ഓഫ്‍ലൈനായി അയയ്ക്കാൻ കഴിയൂ. ആകെ അയയ്ക്കാവുന്ന തുക 2,000 ആയിരിക്കും. പണം റീചാർജ് ചെയ്യുന്നത് ഓൺലൈനായിട്ടായിരിക്കും. കാർഡ്, വോലറ്റ്, മൊബൈൽ ഫോൺ തുടങ്ങിയവ ഉപയോഗിച്ച് ഇടപാടുകൾ നടത്താം. അധികസുരക്ഷയ്ക്കുള്ള അഡീഷനൽ ഫാക്ടർ ഓഫ് ഓതന്റിക്കേഷൻ (എഎഫ്എ) ഉണ്ടാകില്ല. ഉപയോക്താവിന്റെ പൂർണ അനുമതി തേടിയ ശേഷമേ ഓഫ്‍ലൈൻ സൗകര്യം നൽകാവൂ.

ഇടപാട് നടന്ന ശേഷം അതിന്റെ വിവരങ്ങൾ ബാങ്കുകൾ അപ്പോൾ തന്നെ അയച്ചുകൊടുക്കണം. പരാതികൾ റിസർവ് ബാങ്കിന്റെ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന് നൽകാം. ഇന്റർനെറ്റ് ലഭ്യത കുറഞ്ഞ സ്ഥലങ്ങളിൽ ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കാനാണ് ഓഫ്‍ലൈൻ പേയ്മെന്റുകൾ.

പരീക്ഷണം വിജയം

മൂന്നിടങ്ങളിലായി നടന്ന പരീക്ഷണത്തിൽ 2.41 ലക്ഷം ഇടപാടുകളിലായി 1.16 കോടി രൂപയുടെ കൈമാറ്റം നടന്നതായി ആർബിഐ മുൻപ് വ്യക്തമാക്കിയിരുന്നു. ഫോണിലെ നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻഎഫ്സി) ഉപയോഗിച്ചുള്ള പ്രീപെയ്ഡ്/പിഒഎസ് (പോയിന്റ് ഓഫ് സെയിൽ) ഇടപാട് നടത്തുന്ന സിറ്റി കാഷ്, സാധാരണ ഫീച്ചർ ഫോണുകളിൽ ശബ്ദതരംഗങ്ങൾ ഉപയോഗിക്കുന്ന യുബോണ, സിം കാർഡിനൊപ്പം ചേർത്തുവയ്ക്കുന്ന ചിപ്പിലൂടെ ഇടപാട് നടത്തുന്ന എൻറൂട്ട് ടെക്നോളജീസ് എന്നീ കമ്പനികൾക്കാണ് പരീക്ഷണം നടത്താൻ റിസർവ് ബാങ്ക് അനുമതി നൽകിയത്.

English Summary: Reserve bank guidlines regarding offline money transfer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com