ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യം പോകുന്നത് ഏറ്റവും ശക്തമായ കോവിഡ് വ്യാപനത്തിലേക്കെന്ന് ആരോഗ്യമന്ത്രാലയം. ഇന്ത്യയിൽ വൈറസിന്റെ വ്യാപനശേഷി (ആർ വാല്യു) ഇതുവരെയുള്ളതിൽവച്ച് ഏറ്റവും ഉയർന്ന നിരക്കായ 2.69 ആയി. ഇതനുസരിച്ച്, കോവിഡ് പിടിപെട്ട ഓരോ 10 പേരിൽ നിന്നു കുറഞ്ഞത് 26 പേരിലേക്കു വരെ പകരാൻ സാധ്യതയുണ്ട്. 

കഴിഞ്ഞ 8 ദിവസത്തിനിടെ, പ്രതിദിന കേസുകൾ 6.3 മടങ്ങ് വർധിച്ചു. കോവിഡ് സ്ഥിരീകരണ നിരക്കായ ടിപിആറും കുത്തനെ കൂടി. കഴിഞ്ഞ ഡിസംബർ 29ന്, 0.79% ആയിരുന്ന ടിപിആർ ഇന്നലെ 5.03 % ആയി. 

കഴിഞ്ഞദിവസം മാത്രം 58,097 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. തൊട്ടു മുൻപത്തെ ദിവസത്തെക്കാൾ 55% വർധന. കോവിഡ്മൂലം 534  മരണം കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തു. നഗരങ്ങളിലാണു ക്രമാതീത വർധന. കഴിഞ്ഞദിവസം വരെ ഡെൽറ്റ വകഭേദമാണ് നഗരങ്ങളിൽ ഏറ്റവും കൂടുതൽ പേർക്കെന്നു പറഞ്ഞ ആരോഗ്യമന്ത്രാലയം ഒമിക്രോണാണു കൂടുതലെന്ന് ഇപ്പോൾ വ്യക്തമാക്കി. 

എന്നാൽ, മൂന്നാംതരംഗത്തിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ പ്രകടമായ കുറവുണ്ട്. രണ്ടാം തരംഗത്തിൽ ആകെ രോഗികളിൽ 20 ശതമാനത്തിൽ അധികം പേർക്ക് ആശുപത്രി ചികിത്സ ആവശ്യമായിരുന്നു. ഇപ്പോൾ ലഭ്യമായ കണക്കുപ്രകാരം ഡൽഹിയിൽ ചികിത്സ തേടിയവരിൽ 3.5% പേരും മുംബൈയിൽ 5% പേരും മാത്രമാണ് ആശുപത്രിയിലുള്ളത്.

കേരളത്തിന് ആശ്വാസം

മൂന്നാം തരംഗത്തിൽ മറ്റു സംസ്ഥാനങ്ങളുമായി തട്ടിക്കുമ്പോൾ കേരളത്തിൽ കേസുകൾ കുറവ്. ഡൽഹിയിൽ 9.24 മടങ്ങും മഹാരാഷ്ട്രയിൽ 4.6 മടങ്ങും ബംഗാളിൽ 3.42 മടങ്ങും കേസുകൾ വർധിച്ചു. കർണാടക(1.81 മടങ്ങ്), തമിഴ്നാട് (1.9 മടങ്ങ്) എന്നിവിടങ്ങളിലും എണ്ണം കൂടി. കേരളത്തിൽ 0.99 മാത്രം വർധന.  

കോവിഡ് ഇന്ത്യയിൽ 

∙നിലവിൽ ചികിത്സയിലുള്ളവർ– 2.14 ലക്ഷം 

∙ഒരാഴ്ചയായി ശരാശരി 

∙പ്രതിദിന കേസ് – 29,925 

∙ഒരാഴ്ചയായി സ്ഥിരീകരണ നിരക്ക്  – 2.6%

English Summary: Massive Covid surge in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com