പഞ്ചാബ്: പാടം കൊയ്യുംമുൻപ് ഭരണം കൊയ്യാൻ; ചൂടേറിയ ചതുഷ്കോണ പോരാട്ടം

punjab-leaders
ചരൺജിത് സിങ് ഛന്നി, അമരിന്ദർ സിങ്, നവജ്യോത് സിങ് സിദ്ദു, അരവിന്ദ് കേജ്‌രിവാൾ, സുഖ്ബീർ സിങ് ബാദൽ
SHARE

പഞ്ചാബിലെ കൃഷിയിടങ്ങളിൽ വിളവെടുപ്പ് ആരംഭിക്കുന്നതു മാർച്ച് അവസാനമാണ്. സംസ്ഥാനത്തെ കൊയ്ത്തുകാലം. ഇക്കുറി, അതിനു മുൻപ് മറ്റൊരു വിളവെടുപ്പിനു കച്ചമുറുക്കുകയാണു പഞ്ചാബ്; ഉഴുതുമറിച്ചിട്ട രാഷ്ട്രീയക്കളത്തിൽ വിജയം കൊയ്യാൻ അരയുംതലയും മുറുക്കി രാഷ്ട്രീയ കക്ഷികൾ ഇറങ്ങുന്നു. 

ചതുഷ്കോണ പോരാട്ടം

കഴിഞ്ഞ തവണ ത്രികോണ മത്സരമായിരുന്നെങ്കിൽ ഇത്തവണ ചതുഷ്കോണ പോരാട്ടമാണു പഞ്ചാബിൽ. കർഷകപ്രക്ഷോഭം ആളിക്കത്തിയ സംസ്ഥാനത്ത് രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിഞ്ഞു. 2017 ൽ കോൺഗ്രസിനെ മുന്നിൽനിന്നു നയിച്ച് അധികാരത്തിലെത്തിച്ച മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ് ബിജെപിക്കൊപ്പമാണ്. മുൻപു ബിജെപിക്കൊപ്പം സഖ്യത്തിൽ മത്സരിച്ച ശിരോമണി അകാലിദൾ അവരുമായി തെറ്റിപ്പിരിഞ്ഞു. ആം ആദ്മി പാർട്ടി, ഭരണകക്ഷിയായ കോൺഗ്രസ് എന്നിവയും രംഗത്തുള്ള തിരഞ്ഞെടുപ്പുകളത്തിൽ പൊടിപാറും പോരാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്. 

പ്രതീക്ഷയോടെ കോൺഗ്രസ്

തിരഞ്ഞെടുപ്പു നടക്കുന്ന 5 സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഏറ്റവുമധികം പ്രതീക്ഷയർപ്പിക്കുന്ന സംസ്ഥാനമാണു പഞ്ചാബ്. ബിജെപിക്കെതിരെ ആളിക്കത്തിയ കർഷക പ്രക്ഷോഭം ഗുണം ചെയ്യുമെന്നു പാർട്ടി കണക്കുകൂട്ടുന്നു. ഏതാനും മാസം മുൻപ് അമരിന്ദറിനെ മാറ്റി സംസ്ഥാനത്തെ ആദ്യ ദലിത് മുഖ്യമന്ത്രിയായി ചരൺജിത് സിങ് ഛന്നിയെ നിയമിച്ചതു സമീപകാലത്ത് പാർട്ടി നടത്തിയ ഏറ്റവും തന്ത്രപരമായ നീക്കമാണെന്നു കോൺഗ്രസ് ഹൈക്കമാൻഡ് വിലയിരുത്തുന്നു. 

സംസ്ഥാനത്തെ 32% ദലിത് വോട്ടുകളാണ് ഛന്നിയിലൂടെ ഉന്നമിടുന്നത്. ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയ ശിരോമണി അകാലിദൾ ദലിത് വോട്ടുകൾ പിടിക്കാൻ നടത്തുന്ന നീക്കത്തിനു തടയിടാനും ലക്ഷ്യമിടുന്നു. ഛന്നിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ ദലിത് വോട്ടുകൾ ഒപ്പം നിൽക്കുമെന്നു കണക്കുകൂട്ടുമ്പോഴും മറുവശത്ത് ജാട്ട് സിഖ്, ഹിന്ദു വോട്ടുകൾ കൈവിട്ടു പോകുമോ എന്ന ആശങ്ക കോൺഗ്രസിനുണ്ട്.

ജാട്ട് സിഖ് വിഭാഗക്കാരനായ പിസിസി പ്രസിഡന്റ് നവജ്യോത് സിങ് സിദ്ദു ഇടഞ്ഞുനിൽക്കുന്നതു പാർട്ടിക്കു തലവേദനയാണ്. പാർട്ടിക്കുള്ളിൽ ഛന്നിയുടെ പ്രതിഛായ ഉയരുന്നതിൽ സിദ്ദു അസ്വസ്ഥനാണ്. ഛന്നിക്കു പകരം തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കണമെന്ന സിദ്ദുവിന്റെ ആവശ്യം അംഗീകരിക്കാൻ ഹൈക്കമാൻഡ് തയാറല്ല. മുഖ്യമന്ത്രി സ്ഥാനാർഥിയെ മുൻകൂട്ടി പ്രഖ്യാപിക്കാതെ, ഛന്നിയെയും സിദ്ദുവിനെയും ഒന്നിച്ചിറക്കി ദലിത്, ജാട്ട് സിഖ് വോട്ടുകളുറപ്പിക്കാനുള്ള ശ്രമമാണു കോൺഗ്രസ് നടത്തുന്നത്. 

ഭരണപക്ഷമാകാൻ ആം ആദ്മി

ഡൽഹിക്കു പുറത്തേക്കു വികസിക്കുക എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ആം ആദ്മി പാർട്ടി ഏറ്റവും സാധ്യത കാണുന്ന സംസ്ഥാനമാണു പഞ്ചാബ്. 2017 ൽ ആദ്യമായി മത്സരിച്ചപ്പോൾ 20 സീറ്റോടെ മുഖ്യ പ്രതിപക്ഷമായ സംസ്ഥാനത്ത് ഇക്കുറി ഭരണം പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് അരവിന്ദ് കേജ്‍രിവാളും കൂട്ടരും. ദേശീയതലത്തിൽ പ്രസക്തിയുള്ള പാർട്ടിയായി ആം ആദ്മിക്കു മാറാൻ സാധിക്കുമോയെന്നു പഞ്ചാബ് ഫലം വ്യക്തമാക്കും. 

117 സീറ്റുള്ള സംസ്ഥാനത്ത് 104 ഇടങ്ങളിൽ സ്ഥാനാർഥികളെ ഇതിനകം പ്രഖ്യാപിച്ച പാർട്ടി, പ്രചാരണത്തിൽ മറ്റു കക്ഷികളെ പിന്തള്ളി മുന്നേറാനുള്ള ശ്രമത്തിലാണ്. പഞ്ചാബ് ഘടകം പ്രസിഡന്റും ലോക്സഭാംഗവും ജാട്ട് സിഖ് വിഭാഗക്കാരനുമായ ഭഗവന്ത് മൻ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്നാണു സൂചന. അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി ദലിത് വിഭാഗത്തിൽ നിന്നായിരിക്കുമെന്ന പ്രഖ്യാപനത്തിലൂടെ ദലിത് വോട്ടുകളും ലക്ഷ്യമിടുന്നു. ഡൽഹിയിലേതുപോലെ നഗര വോട്ടർമാർ ഒപ്പം നിൽക്കുമെന്നാണു പാർട്ടിയുടെ കണക്കുകൂട്ടൽ. അതേസമയം, സ്ഥാനാർഥി നിർണയത്തിന്റെ പേരിൽ ഏതാനും മണ്ഡലങ്ങളിൽ ഉൾപാർട്ടി പോര് ശക്തമായതു നേതൃത്വത്തെ ആശങ്കയിലാഴ്ത്തുന്നു. കേജ്‍രിവാളിന്റെ മധ്യസ്ഥതയിൽ പ്രശ്നങ്ങൾ ഒത്തുതീർക്കാനുള്ള ശ്രമത്തിലാണു പാർട്ടി. 

പുതിയ കൂട്ടുകെട്ടിൽ ബിജെപി

പഞ്ചാബിൽ പരമ്പരാഗത സഖ്യകക്ഷിയായ ശിരോമണി അകാലിദൾ ഇല്ലാതെ രംഗത്തിറങ്ങുന്ന ബിജെപിക്കൊപ്പമുള്ളതു മുൻകാലങ്ങളിലെ ബദ്ധശത്രുവാണ് – ക്യാപ്റ്റൻ അമരിന്ദർ സിങ്. അദ്ദേഹത്തിന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ്, സുഖ്ദേവ് സിങ് ധിൻസയുടെ സംയുക്ത ശിരോമണി അകാലിദൾ എന്നിവയുമായാണു ബിജെപിയുടെ സഖ്യം. മുൻപ് അകാലിദൾ നേതൃത്വം നൽകുന്ന സഖ്യത്തിൽ രണ്ടാമന്റെ റോൾ വഹിച്ചിരുന്ന ബിജെപി ഇക്കുറി സഖ്യത്തിലെ ഒന്നാം കക്ഷി എന്ന നിലയിലാണു കളത്തിലിറങ്ങുന്നത്.

മുഖ്യമന്ത്രി സ്ഥാനാർഥിയെ മുൻകൂട്ടി പ്രഖ്യാപിക്കാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖം ഉയർത്തിക്കാട്ടിയും അമരിന്ദറിന്റെ പ്രതിഛായയിൽ പ്രതീക്ഷയർപ്പിച്ചുമാണു ബിജെപി പോരിനിറങ്ങുന്നത്. സൈനികനാണെന്നും തോറ്റു മടങ്ങില്ലെന്നും പ്രഖ്യാപിച്ച് കോൺഗ്രസിൽനിന്നു പടിയിറങ്ങിയ അമരിന്ദറിനു രാഷ്ട്രീയ പ്രസക്തി നിലനിർത്താനുള്ള പോരാട്ടമാണു മുന്നിലുള്ളത്. വിവാദ കൃഷിനിയമങ്ങൾ പിൻവലിച്ചെങ്കിലും ബിജെപിക്കെതിരായ കർഷകരോഷം പൂർണമായി കെട്ടടങ്ങിയിട്ടില്ല. തിരഞ്ഞെടുപ്പിനുശേഷം മറ്റൊരു രൂപത്തിൽ കൃഷി നിയമങ്ങൾ വീണ്ടും കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ശ്രമിച്ചേക്കുമെന്നു കർഷകർ സംശയിക്കുന്നു.

അകാലിദളിന് ജീവന്മരണ പോരാട്ടം

ജീവന്മരണ പോരാട്ടത്തിനാണു ശിരോമണി അകാലിദൾ രംഗത്തിറങ്ങുന്നത്. ഇക്കുറിയും ഭരണം പിടിക്കാനായില്ലെങ്കിൽ പാർട്ടിയുടെ നിലനിൽപ് അപകടത്തിലാകും. 1990 നു ശേഷം ഒരിക്കൽപോലും തുടർച്ചയായി 2 വട്ടം അകാലിദൾ പ്രതിപക്ഷത്തിരുന്നിട്ടില്ല. കർഷക പ്രക്ഷോഭത്തിനു പിന്നാലെ ബിജെപിയുമായി കൂട്ടുവെട്ടുകയും കേന്ദ്ര മന്ത്രിസ്ഥാനം ഉപേക്ഷിക്കുകയും ചെയ്ത അകാലിദൾ, കർഷകരുടെ മനസ്സു പിടിക്കാനുള്ള തീവ്രശ്രമത്തിലാണ്.

മറുവശത്ത് കോൺഗ്രസ് ഛന്നിയെ മുഖ്യമന്ത്രിയാക്കിയതോടെ, തങ്ങൾക്ക് അനുകൂലമായി ജാട്ട് സിഖ് വോട്ടുകൾ ഏകീകരിക്കുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു. ദലിത് വോട്ടുകൾ പൂർണമായി കോൺഗ്രസിലേക്കു പോകുന്നതു തടയാൻ ലക്ഷ്യമിട്ടാണു മായാവതിയുടെ ബിഎസ്പിയുമായി അകാലിദൾ സഖ്യമുണ്ടാക്കിയത്. പാർട്ടി അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രിമാരിലൊരാൾ ബിഎസ്പിയിൽ നിന്നായിരിക്കുമെന്നാണ് അകാലി നേതാവ് സുഖ്ബീർ സിങ് ബാദലിന്റെ വാഗ്ദാനം.

ഉറ്റുനോക്കി ദേശീയരാഷ്ട്രീയം

പോരാട്ടം ചതുഷ്കോണമായതിനാൽ നേരിയ വോട്ടുവ്യത്യാസം പോലും ജയപരാജയങ്ങൾ നിർണയിക്കും. സർവ സന്നാഹങ്ങളോടെയും പോരിനിറങ്ങാനുള്ള തയാറെടുപ്പിലാണു കക്ഷികൾ. പഞ്ചാബിലെ സംഭവവികാസങ്ങൾ ഡൽഹിയെയും കേന്ദ്രത്തെയും സ്വാധീനിക്കുക പതിവാണ്. 

കേന്ദ്രത്തിനെതിരെ പ്രക്ഷോഭവുമായി പഞ്ചാബിലെ കർഷകരെത്തിയത് ഡൽഹിയിലേക്കാണ്. പഞ്ചാബിലെ കൃഷിയിടങ്ങളിൽ മാലിന്യം കത്തിക്കുമ്പോഴുള്ള പുകമൂലം ശ്വാസംമുട്ടുന്നതും ‍ഡൽഹിക്കാണ്. രാഷ്ട്രീയ വിളവെടുപ്പിൽ ആരു വിജയം കൊയ്യുമെന്നു കാണാൻ ഡൽഹിയും ദേശീയരാഷ്ട്രീയവും പഞ്ചാബിലേക്ക് ഉറ്റുനോക്കുകയാണ്.

മുഖ്യപോരാളികൾ

ചരൺജിത് സിങ് ഛന്നി: നിലവിൽ മുഖ്യമന്ത്രി. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന കോൺഗ്രസിന്റെ പ്രതീക്ഷ.

അമരിന്ദർ സിങ്: മുൻമുഖ്യമന്ത്രി. കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടിയുമായി ബിജെപി പാളയത്തിൽ.

നവജ്യോത് സിങ് സിദ്ദു: പിസിസി പ്രസിഡന്റ്. ഛന്നിയുമായുള്ള പോര് കോൺഗ്രസിനു തലവേദന.

അരവിന്ദ് കേജ്‌രിവാൾ: മുഖ്യപ്രതിപക്ഷമായ ആം ആദ്മി പാർട്ടി മേധാവിയും ഡൽഹി മുഖ്യമന്ത്രിയും. 

സുഖ്ബീർ സിങ് ബാദൽ: അകാലിദൾ നേതാവ്. ബിഎസ്പിയുമായി ചേർന്നു പോരാട്ടം.

Content Highlight: Punjab Assembly Elections 2022

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA