ഉത്തർപ്രദേശ്: വികസനമന്ത്രം, ജാതിതന്ത്രം; മോദിക്ക് മൂന്നാമൂഴത്തിന് വേണം യോഗിക്ക് രണ്ടാമൂഴം

uttar-pradesh-leaders
യോഗി ആദിത്യനാഥ്, അഖിലേഷ് യാദവ്, മായാവതി, പ്രിയങ്ക ഗാന്ധി
SHARE

ന്യൂഡൽഹി ∙ ഏതാനും മാസം മുൻപു യുപിയി‍ൽ പ്രസംഗിക്കുമ്പോൾ ആഭ്യന്തരമന്ത്രി അമിത്ഷാ ഒരു കാര്യം പറഞ്ഞിരുന്നു: 2024 ൽ മോദിക്കു മൂന്നാം തവണ അധികാരത്തിൽ വരണമെങ്കിൽ 2022 ൽ യുപിയിൽ യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തിൽ വരണം. അമിത്ഷാ പറഞ്ഞതിനു ദേശീയ മാധ്യമങ്ങൾ പതിവിൽ കവിഞ്ഞ പ്രാധാന്യം നൽകിയില്ല. എന്നാൽ അതു ബിജെപി രാഷ്ട്രീയത്തിൽ നിർണായകമായ വസ്തുതയാണ്. 

80 ലോക്സഭാ സീറ്റുകളുള്ള ഉത്തർപ്രദേശ് ദേശീയ രാഷ്ട്രീയ ഗതി നിർണയിക്കുന്ന ഏറ്റവും പ്രധാനമായ സംസ്ഥാനമാണ്. 403 സീറ്റുകളുള്ള യുപി നിയമസഭ പിടിക്കാനുള്ള പോരാട്ടം ദേശീയ ശ്രദ്ധയാകർഷിക്കുന്നതും അതുകൊണ്ടു തന്നെ. ഹിന്ദുത്വ രാഷ്ട്രീയത്തിൽ മോദിക്കു പറ്റിയ പകരക്കാരൻ ആരെന്ന ചോദ്യത്തിന് ഉത്തരമാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപി രാഷ്ട്രീയത്തിലില്ലെങ്കിൽ ദേശീയ രാഷ്ട്രീയത്തിലേക്കു യോഗി കൊടുങ്കാറ്റു പോലെ കടന്നുവരുമെന്നു കരുതാത്തവർ ബിജെപിയിൽ കുറവാണ്. ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിയിൽ യുപിയിൽ ഭരണം നഷ്ടപ്പെടുമെന്നു ബിജെപിക്കു വലിയ ആശങ്കയില്ല. എന്നാൽ, കർഷക സമരം, കോവിഡ് തുടങ്ങിയവ സാധാരണക്കാർക്കിടയിൽ ഉണ്ടാക്കിയ പ്രത്യാഘാതമെന്തെന്നതിനെക്കുറിച്ച് ആശങ്കയില്ലാതെയുമില്ല.

കഴിഞ്ഞ തവണ 403 ൽ 312 സീറ്റും നേടിയാണു ബിജെപി അധികാരത്തിലേറിയത്. ആ സീറ്റുകൾ നിലനിർത്തുകയെന്നതാണു ബിജെപിയുടെ ഏറ്റവും വലിയ വെല്ലുവിളിയും. ഉള്ളതിൽ 100 സീറ്റ് കുറഞ്ഞാൽപോലും അധികാരത്തിലെത്തുമെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ അതുണ്ടാക്കുന്ന പ്രത്യാഘാതം ചെറുതാവില്ല. വരാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽപോലും യുപിയിലെ സീറ്റെണ്ണം വലിയ ചലനങ്ങളുണ്ടാക്കുമെന്നതു തന്നെ കാരണം.

പറന്നുവരുന്ന വികസനം

വികസനത്തിന്റെ കണക്കു പറഞ്ഞാണ് ഒരുവർഷം മുൻപു ബിജെപി പ്രചാരണമാരംഭിച്ചതെങ്കിലും തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോൾ അതു ജാതിരാഷ്ട്രീയത്തിലേക്കും ഹിന്ദുത്വ രാഷ്ട്രീയത്തിലേക്കും എത്തിച്ചേർന്നിട്ടുണ്ട്. രാമക്ഷേത്ര നിർമാണവും കാശി നഗരത്തിന്റെ വീണ്ടെടുപ്പും മുഖ്യ വിഷയങ്ങളിലൊന്നായി യോഗി തന്നെ അവതരിപ്പിക്കുന്നുണ്ട്. മുൻ ബിജെപി സർക്കാരുകളുടെ കാലത്തുപോലുമില്ലാത്ത വികസനം കഴിഞ്ഞ 5 വർഷം കൊണ്ട് നടന്നതായി വാരാണസിയിൽനിന്നുള്ള എംപിയായ പ്രധാനമന്ത്രി നരേന്ദ്രമോദിയും സാക്ഷ്യപ്പെടുത്തുന്നു.  

മോദിയും യോഗിയുമുണ്ടെങ്കിൽ വികസനം പറന്നുവരുമെന്ന ബിജെപി മുദ്രാവാക്യത്തിനു നഗരങ്ങളിൽ വലിയ സ്വീകാര്യതയുണ്ട്. കോവിഡ് കൈകാര്യം ചെയ്തതിലെ പാളിച്ചയടക്കമുള്ള വിഷയങ്ങൾ മറച്ചുപിടിക്കാൻ പ്രചണ്ഡ പ്രചാരണമാണു പാർട്ടി നടത്തുന്നത്. ഇത്തവണ മുസ്‌ലിം ജനവിഭാഗങ്ങളുടെ വോട്ടുകൂടി നേടാൻ മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ സാന്നിധ്യവും പ്രയോജനപ്പെടുത്തുന്നുണ്ട്. കാശി, മഥുര ക്ഷേത്രങ്ങളോടു ചേർന്ന പള്ളികൾ നീക്കണമെന്ന ആവശ്യംപോലും വികസനത്തിന്റെ മധുരം പുരട്ടിയാണു ബിജെപി അവതരിപ്പിക്കുന്നത്.  

ജാതി രാഷ്ട്രീയത്തിന്റെ കളി

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദലിത് വിഭാഗങ്ങളിൽ നിന്നുള്ള നല്ലൊരു പങ്ക് വോട്ട് ബിജെപിക്കു കിട്ടി. 20% വരുന്ന ബ്രാഹ്മണ വോട്ടുകളിൽ ഭൂരിഭാഗവും ഇപ്പോഴും ബിജെപിക്കൊപ്പം തന്നെയാണ്. ദലിത് വോട്ടുകളുടെ 60 % ബിജെപിക്കൊപ്പം നിൽക്കുമെന്നാണു കണക്കുകൂട്ടൽ. കഴിഞ്ഞ തവണ സംവരണ സീറ്റുകളിൽ കൂടുതലും ബിജെപിക്കാണു കിട്ടിയത്. സമാജ്‌വാദി പാർട്ടിയുടെയും ബിഎസ്പിയുടെയും പട്ടികവിഭാഗ സ്ഥാനാർഥികൾക്കെതിരെ ദലിത് ഇതര വോട്ടുകൾ സമാഹരിച്ച് തങ്ങളുടെ സ്ഥാനാർഥിക്ക് അനുകൂലമാക്കുന്ന വിചിത്രമായ തന്ത്രമാണ് അവിടെ പയറ്റിയത്.   

കർഷകസമരവും കോവിഡും വെല്ലുവിളി

കോവിഡ് രണ്ടാംതരംഗത്തിൽ യുപി ശ്വാസം മുട്ടിപ്പിടഞ്ഞതു ലോകം കണ്ടതാണ്. പുറത്തിറങ്ങാനാവാത്ത അവസ്ഥയാണെന്നു ബിജെപിയുടെ കേന്ദ്രമന്ത്രിയായിരുന്ന സന്തോഷ് ഗാങ്‌വാർ തന്നെ യുപി മുഖ്യമന്ത്രിക്കു കത്തെഴുതിയ സാഹചര്യമുണ്ടായി. കർഷക സമരമാണു മറ്റൊന്ന്. ജാട്ടുകൾക്കിടയിൽ കൃഷി നിയമങ്ങളെക്കുറിച്ചു വലിയ അതൃപ്തിയുള്ളതു പടിഞ്ഞാറൻ യുപിയിൽ വിഷയമാണ്. ലഖിംപുർ ഖേരിയിൽ കർഷകർക്കുമേൽ വാഹനമോടിച്ചു കയറ്റിയ സംഭവവും അതിൽ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയുടെ മകൻ മുഖ്യപ്രതിയായതും കിഴക്കൻ യുപിയിലും പാർട്ടിയെ പ്രതിരോധത്തിലാക്കുന്നു. 

അവകാശവാദങ്ങൾ തള്ളി പ്രതിപക്ഷം

ക്രമസമാധാന പാലനത്തിൽ മുൻപന്തിയിലെത്തി എന്ന ബിജെപിയുടെ വാദത്തെ വെട്ടിമുറിച്ചാണു പ്രതിപക്ഷം പ്രതിരോധിക്കുന്നത്. സന്ധ്യകഴിഞ്ഞാൽ സ്ത്രീകൾക്കു പുറത്തിറങ്ങാനാവില്ലെന്നു ബിജെപി നേതാക്കൾ തന്നെ യോഗങ്ങളിൽ ്രപസംഗിച്ചതു ചൂണ്ടിക്കാട്ടി അവർ തെളിവു നിരത്തുന്നു. 

പ്രതിപക്ഷ നിരയിൽ സമാജ്‌വാദി പാർട്ടിയാണു മുഖ്യഎതിരാളിയായുള്ളത്. പഞ്ചായത്തു തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് നേടിയതിന്റെ ആത്മവിശ്വാസവുമായാണ് അഖിലേഷ് ഗോദയിലിറങ്ങുന്നത്. പരമ്പരാഗത യാദവ (9 %) – മുസ്‍ലിം (15 %) വോട്ട് ബാങ്കിനു പുറത്തേക്കു സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് എസ്പി. യുപിയിലെ യാദവ ഇതര ഒബിസി വോട്ടുകൾ 35 ശതമാനമാണ്. ബിജെപിയെ വെട്ടി ഇതിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കാൻ സാധിച്ചാൽ നേട്ടം കൊയ്യാമെന്നാണ് എസ്പിയുടെ കണക്കുകൂട്ടൽ. ബിഎസ്പി, ബിജെപി എന്നീ പാർട്ടികളിൽനിന്നു പോലും അണികൾ എസ്പിയിലേക്കു ചേക്കേറുന്നതു വരാനിരിക്കുന്നതിന്റെ സൂചനയാണെന്നു കണക്കുകൂട്ടുന്നവരുണ്ട്.  

കഴി‍ഞ്ഞ തവണ വെറും 7 സീറ്റിലൊതുങ്ങിയ കോൺഗ്രസാകട്ടെ പ്രിയങ്ക ഗാന്ധിയുടെ ചുമലിലേറി തിരിച്ചുവരവിനൊരുങ്ങുകയാണ്. സ്ത്രീകൾക്കു സ്കൂട്ടറടക്കമുള്ള വാഗ്ദാനങ്ങൾ ഇപ്പോഴെ നിരത്തിക്കഴിഞ്ഞു. വാരാണസിയിലടക്കം പ്രിയങ്ക പ്രസംഗിച്ച റാലികളിലെ വൻ ജനക്കൂട്ടം കഴിഞ്ഞ കുറെ വർഷങ്ങൾക്കുശേഷമാണു കോൺഗ്രസ് കാണുന്നത്.   

ബിഎസ്പി നിറം മങ്ങിയ അവസ്ഥയിലാണ്. എസ്പിയും ബിജെപിയും നടത്തുന്ന കടന്നുകയറ്റത്തിനിടയിൽ ആവും വിധം പയറ്റാൻ മായാവതി ശ്രമിക്കുന്നുണ്ട്. അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം പോലുള്ള സംഘടനകൾ മുസ്‌ലിം വോട്ടുകളിൽ പിളർപ്പുണ്ടാക്കുമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്.

പ്രതിപക്ഷ സഖ്യ സാധ്യതകൾ

വലിയ പാർട്ടികളുമായി സഖ്യത്തിനില്ലെന്നാണു കോൺഗ്രസിന്റെയും എസ്പിയുടെയും പരസ്യ നിലപാടെങ്കിലും സഖ്യത്തിനുള്ള സാധ്യതകൾ ഇരു കക്ഷികളും പരിശോധിക്കുന്നുണ്ട്. എസ്പിയുമായി അവസാന നിമിഷം സഖ്യമുണ്ടാക്കാനുള്ള സാധ്യത കോൺഗ്രസ് തള്ളിക്കളയുന്നില്ല. പകരം ചന്ദ്രശേഖർ ആസാദിന്റെ ഭീം ആർമി, രാഷ്ട്രീയ ലോക്ദൾ എന്നീ കക്ഷികളുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യതയുണ്ട്.

മുഖ്യപോരാളികൾ

യോഗി ആദിത്യനാഥ്: നിലവിലെ മുഖ്യമന്ത്രി. മോദിക്കു പറ്റിയ പകരക്കാരനാകാൻ രണ്ടാംവട്ട വിജയം അനിവാര്യം.  

അഖിലേഷ് യാദവ്: സമാജ്‌വാദി പാർട്ടി മേധാവി. യോഗിയുടെ മുഖ്യ എതിരാളിയെങ്കിലും നിലവിൽ മത്സരരംഗത്തില്ല.

മായാവതി: മുൻമുഖ്യമന്ത്രിയും ബിഎസ്പി മേധാവിയും. പഴയ പ്രതാപമില്ല.

പ്രിയങ്ക ഗാന്ധി: മത്സരരംഗത്തില്ല. കോൺഗ്രസിന്റെ മുഖ്യപ്രചാരക.

English Summary: Uttar Pradesh Assembly Elections 2022

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA