ADVERTISEMENT

ന്യൂഡൽഹി ∙ തുടർച്ചയായ മൂന്നാം ദിവസവും ഉത്തർപ്രദേശിൽ ബിജെപി മന്ത്രി രാജിവച്ചു. ആയുഷ് വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ധരം സിങ് സയ്നി സമാജ്‍വാദി പാർട്ടിയിൽ ചേരുമെന്നു പ്രഖ്യാപിച്ചു. എംഎൽഎമാരായ മുകേഷ് വർമ, വിനയ് ശാക്യ, ബാല പ്രസാദ് അവസ്തി എന്നിവരും ബിജെപിയിൽനിന്നു രാജിവച്ച് സമാജ്‍വാദി പാർട്ടി (എസ്പി)യിലേക്കു നീങ്ങുകയാണെന്നു പ്രഖ്യാപിച്ചു.

ഇതോടെ, 3 ദിവസത്തിനിടെ രാജിവച്ച എംഎൽഎമാരുടെ എണ്ണം ഒൻപതായി, 3 മന്ത്രിമാരടക്കം. ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം ഇന്നു വരാനിരിക്കെ കനത്ത തിരിച്ചടിയാണു ബിജെപി നേരിടുന്നത്. സ്വാമി പ്രസാദ് മൗര്യ, ദാരാ സിങ് ചൗഹാൻ എന്നിവരാണ് മുൻദിവസങ്ങളിൽ രാജിവച്ച മന്ത്രിമാർ.

സ്വാമി പ്രസാദ് മൗര്യയോടു കൂറു പ്രഖ്യാപിച്ചും യോഗി സർക്കാർ ദലിത്, ഇതര പിന്നാക്ക വിഭാഗങ്ങളെ അവഗണിക്കുന്നു എന്നാരോപിച്ചുമാണ് മിക്കവരുടെയും രാജി. ഇതിനിടെ, സഖ്യകക്ഷിയായ അപ്നാ ദളിന്റെ 2 എംഎൽഎമാർ ഇന്നലെ രാജിവച്ചതും ഫലത്തിൽ ബിജെപിക്ക് ക്ഷീണമായി. അപ്നാ ദൾ നേതാവും കേന്ദ്ര സഹമന്ത്രിയുമായ അനുപ്രിയ പട്ടേൽ, സമാജ്‌വാദി നേതാവ് അഖിലേഷ് യാദവുമായി ചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് എംഎൽഎമാരുടെ രാജി.

mukeshvermabjp
മുകേഷ് വർമ.

ഈ മാസം 20വരെ, ഒരു ദിവസം ഒരു മന്ത്രി, ഒരു എംഎൽഎ എന്ന തോതിൽ യുപി ബിജെപിയിൽനിന്നു ദിവസവും രാജിയുണ്ടാകുമെന്ന് ധരം സിങ് സയ്നി പറഞ്ഞു. എന്നാൽ, ഇത്തവണ ടിക്കറ്റ് കിട്ടില്ലെന്നുറപ്പുള്ളവരാണ് പാർട്ടി വിടുന്നതെന്നാണ് ബിജെപിയുടെ പരസ്യ നിലപാട്. സംസ്ഥാനത്ത് അടുത്ത മാസം 10നു നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിനാണ് ഇന്നു വിജ്ഞാപനമിറങ്ങുന്നത്. ഈ പശ്ചാത്തലത്തിൽ, പ്രധാന കക്ഷികളെല്ലാം സ്ഥാനാർഥിനിർണയ നടപടികൾ ഊർജിതമാക്കി. 

കോൺഗ്രസ് 125 പേരുടെ പട്ടിക പുറത്തിറക്കി. എസ്പി – ആർഎൽഡി സഖ്യം 29 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി 172 മണ്ഡലങ്ങളിലേക്കുള്ള പേരുകൾ ചർച്ച ചെയ്തെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.

കോൺഗ്രസ് പട്ടികയിൽ ഉന്നാവ് പെൺകുട്ടിയുടെ അമ്മയും

ന്യൂഡൽഹി ∙ കോ‍ൺഗ്രസ് ഇന്നലെ പ്രഖ്യാപിച്ച യുപിയിലെ 125  സ്ഥാനാർഥികളിൽ, 2017 ൽ ബിജെപി എംഎൽഎ പീഡിപ്പിച്ച ഉന്നാവ് പെ‍ൺകുട്ടിയുടെ അമ്മയും ഉൾപ്പെടുന്നു. ആശാ വർക്കർമാരുടെ വേതനത്തിനുവേണ്ടി സമരം ചെയ്ത പൂനം പാണ്ഡെ, പൗരത്വ നിയമത്തിനെതിരെയുള്ള സമരത്തിന്റെ പേരിൽ ജയിലിൽ കിടന്ന സദാഫ് ജഫാർ, സോൻഭദ്രയിൽ ആദിവാസികളെ കൂട്ടക്കൊല ചെയ്തതിനെതിരെ സമരം നയിച്ച യുവനേതാവ് രാംരാജ് ഗോണ്ഡ് തുടങ്ങിയവരും കോൺഗ്രസ് സ്ഥാനാർഥികളാണ്.

വനിതകൾക്കും യുവജനങ്ങൾക്കും 40% വീതം പ്രാതിനിധ്യമുണ്ട്. പീഡനവും അടിച്ചമർത്തലും നേരിടുന്നവരെ സഹായിക്കാൻ കോൺഗ്രസ് മാത്രമേയുള്ളൂവെന്ന സന്ദേശമാണ് പട്ടിക നൽകുന്നതെന്നു എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.

English Summary: Dharam Singh Saini, third minister to quit BJP government in Uttar Pradesh in 3 days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com