ADVERTISEMENT

ന്യൂഡൽഹി ∙ ബിജെപിയെ ഞെട്ടിച്ചുകൊണ്ട് 2 ദിവസത്തിനിടെ രണ്ടാമത്തെ മന്ത്രിയും യോഗി ആദിത്യനാഥ് സർക്കാരിൽനിന്നു രാജിവച്ച് സമാജ്‍വാദി പാർട്ടിയിലേക്കുള്ള വഴി തേടി. പിന്നാക്ക നേതാവും വനം, പരിസ്ഥിതി മന്ത്രിയുമായ ദാരാ സിങ് ചൗഹാനാണ് ഇന്നലെ രാജിവച്ചത്. മന്ത്രിസഭയിലെ മുതിർന്ന അംഗം സ്വാമി പ്രസാദ് മൗര്യയും അനുയായികളായ 3 എംഎൽഎമാരും ചൊവ്വാഴ്ച രാജിവച്ചിരുന്നു.

മൗര്യയെപ്പോലെതന്നെ മുൻപ് ബിഎസ്പി എംപിയായിട്ടുള്ള ദാരാ സിങ് 2015 ലാണ് ബിജെപിയിൽ ചേർന്നത്. ബിജെപി ഒബിസി മോർച്ച അധ്യക്ഷനായിരുന്നു. ദലിത്, ഒബിസി വിഭാഗങ്ങൾക്കും തൊഴിൽരഹിതകർക്കും ബിജെപി സർക്കാരിൽനിന്നു നീതി ലഭിച്ചില്ലെന്നാണ് ദാരാ സിങ്ങിന്റെ ആരോപണം.

മൗര്യ എസ്പിയിൽ ചേരുമെന്നാണു കരുതുന്നതെങ്കിലും ഇതുവരെ പ്രഖ്യാപനമുണ്ടായിട്ടില്ല. ദാരാ സിങ്ങും സമാജ്‌വാദി പാർട്ടിയിൽ(എസ്പി) ചേരുമെന്നാണു കരുതുന്നത്. ഇരുവരെയും എസ്പി നേതാവ് അഖിലേഷ് യാദവ് സ്വാഗതം ചെയ്തു.

പ്രമുഖരായ 2 പിന്നാക്ക നേതാക്കളെ നഷ്ടപ്പെട്ടത് ബിജെപിക്കു വൻ തിരിച്ചടിയാണ്. ഇരുവരും എത്തുന്നത് യാദവേതര ഒബിസി വിഭാഗങ്ങൾക്കിടയിൽ എസ്പിക്കു നേട്ടമുണ്ടാക്കും. യുപി നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഉജ്വലവിജയം നേടാൻ ബിജെപിയെ സഹായിച്ച പ്രധാന ഘടകങ്ങളിലൊന്ന് ഒബിസി വിഭാഗങ്ങളുടെ പിന്തുണയായിരുന്നു. ദേശീയ അധ്യക്ഷനായിരിക്കെ, മറ്റു പാർട്ടികളിൽനിന്നുള്ള പിന്നാക്ക, ഒബിസി നേതാക്കളെ ബിജെപിയിലെത്തിച്ച അമിത് ഷായുടെ തന്ത്രം വിജയം കണ്ടിരുന്നു. 

ഇതിനിടെ, കൂടുതൽ പേർ യോഗി മന്ത്രിസഭയിൽനിന്നു രാജിവയ്ക്കുമെന്ന എസ്പിയുടെ സഖ്യകക്ഷിയായ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടിയുടെ നേതാവ് ഓംപ്രകാശ് രാജ്ബറുടെ വെളിപ്പെടുത്തൽ ബിജെപിയുടെ നെഞ്ചിടിപ്പു കൂട്ടുന്നതാണ്. 

20 –ാം തീയതിക്കുള്ളിൽ 18 മന്ത്രിമാർ രാജിവയ്ക്കുമെന്നാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. അപ്നാദൾ നേതാവും കേന്ദ്രസഹമന്ത്രിയുമായ അനുപ്രിയ പട്ടേൽ അഖിലേഷ് യാദവുമായി ചർച്ച നടത്തിയെന്നും ചില ബിജെപി നേതാക്കളും മന്ത്രിമാരും രഹസ്യമായി അഖിലേഷിനെ കാണാൻ വരുന്നുണ്ടെന്നും കഴിഞ്ഞ ദിവസം രാജ്ബർ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് 2 മന്ത്രിമാരുടെ രാജിയുണ്ടായത്.

English Summary: Dara Singh Chauhan, OBC Leader, Quits As UP Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com