ADVERTISEMENT

ന്യൂഡൽഹി ∙ പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ സംവിധാനത്തിലുണ്ടായ പാളിച്ചയെക്കുറിച്ച് സുപ്രീം കോടതി മുൻ ജഡ്ജി ഇന്ദു മൽഹോത്ര അധ്യക്ഷയായ 5 അംഗ സമിതി അന്വേഷിക്കും. ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ 3 അംഗ സുപ്രീം കോടതി ബെഞ്ചാണു പൊതുതാൽപര്യ ഹർജിയുടെ അടിസ്ഥാനത്തിൽ സമിതി രൂപീകരിച്ചത്. 

എൻഐഎ ഡയറക്ടർ ജനറൽ, ചണ്ഡിഗഡ് പൊലീസ് മേധാവി, പഞ്ചാബിലെ സുരക്ഷാ ചുമതലയുള്ള എഡിജിപി, പഞ്ചാബ് – ഹരിയാന റജിസ്ട്രാർ ജനറൽ എന്നിവരും ഉൾപ്പെട്ടതാണു സമിതി. അന്വേഷണത്തിനു സമയപരിധിയില്ല. സമഗ്ര റിപ്പോർട്ട് എത്രയും വേഗം നൽകണമെന്നാണു നിർദേശം. റിപ്പോർട്ട് ലഭിച്ചശേഷം കേസ് വീണ്ടും പരിഗണിക്കും. 

സുരക്ഷാപ്പിഴവിന്റെ കാരണങ്ങൾ, ഉത്തരവാദികൾ ആരൊക്കെ, അവരുടെ പങ്ക്, സുരക്ഷാ സംവിധാനം കുറ്റമറ്റതാക്കാനുള്ള നടപടികൾ, ഭരണഘടനാപദവികളിലുള്ളവരുടെ സുരക്ഷയ്ക്കുള്ള ശുപാർശകൾ, വിഷയവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ എന്നിവയാണ് പരിഗണനാ വിഷയങ്ങൾ. 

അന്വേഷണത്തിനു കേന്ദ്രവും സംസ്ഥാനവും വെവ്വേറെ സമിതികളെ നിയോഗിച്ചിരുന്നു. ജസ്റ്റിസ് ഇന്ദു സമിതിയുടെ നടപടികൾ പൂർത്തിയാകുംവരെ ഈ സമിതികളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ കോടതി നിർദേശിച്ചു. സംഭവവുമായി ബന്ധപ്പെട്ട രേഖകളെല്ലാം ശേഖരിച്ചു സൂക്ഷിക്കാൻ കഴിഞ്ഞ 7നു കോടതി പഞ്ചാബ് – ഹരിയാന ഹൈക്കോടതി റജിസ്ട്രാർക്കു നിർദേശം നൽകിയിരുന്നു. 

കഴിഞ്ഞ 5ന് ഫിറോസ്പുരിലേക്കു യാത്ര ചെയ്യുമ്പോഴാണ് മോദിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം വഴിയിൽ കുടുങ്ങിയത്. സമരക്കാർ വഴിതടഞ്ഞതായിരുന്നു കാരണം. ലോയേഴ്സ് വോയ്സ് എന്ന സംഘടന നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്. 

വാക്പോര് പ്രശ്നം തീർക്കില്ല: കോടതി

ഉന്നയിക്കപ്പെട്ടിരിക്കുന്ന പ്രശ്നങ്ങൾ ഏകപക്ഷീയ അന്വേഷണങ്ങളിലൂടെ പരിഹരിക്കാവുന്നവയല്ലെന്നു കോടതി പറഞ്ഞു. ജുഡീഷ്യൽ പരിശീലനം നേടിയ സ്വതന്ത്ര മനസ്സുള്ള വ്യക്തി, സുരക്ഷാകാര്യങ്ങളിൽ പ്രാവീണ്യമുള്ളവരുടെ സഹായത്തോടെ നടത്തുന്ന അന്വേഷണമാണു നല്ലത്. ആരുടെ പിഴവെന്നതു സംബന്ധിച്ച വാക്പോര് പ്രശ്നത്തിനു പരിഹാരമുണ്ടാക്കില്ലെന്നു മാത്രമല്ല, സുരക്ഷാ സംവിധാനം കുറ്റമറ്റതാക്കുന്നതിനു തടസ്സവുമാകാമെന്നും കോടതി അഭിപ്രായപ്പെട്ടു. 

English Summary: PM Security Lapse: Supreme Court Appoints Former SC Judge Justice Indu Malhotra To Head Probe Committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com