ബിജെപിയെ അകറ്റാൻ യുപിയിൽ ആർക്കും പിന്തുണ: കോൺഗ്രസ്

Priyanka-Gandhi-7
SHARE

ന്യൂഡൽഹി ∙ ഉത്തർപ്രദേശിൽ ബിജെപിയെ ഭരണത്തിൽനിന്ന് അകറ്റിനിർത്താൻ കോൺഗ്രസ് ആരെയും പിന്തുണയ്ക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പിനുശേഷവും താൻ യുപിയിൽ പ്രവർത്തനം തുടരും. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് പ്രിയങ്ക മറുപടി നൽകിയില്ല. പ്രതിപക്ഷകക്ഷികൾ ഒന്നിച്ചുനിന്നു ബിജെപിയെ നേരിടണമെന്ന് ആവശ്യമുയരുന്നതിനിടെയാണ് 30% സീറ്റിലേക്കു കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. 

കോൺഗ്രസ് സ്ഥാനാർഥികളിൽ 40% സ്ത്രീകളായിരിക്കുമെന്ന് കഴിഞ്ഞ ഒക്ടോബറിൽ പ്രിയങ്ക പറഞ്ഞത് ആദ്യ പട്ടികയിൽ പാലിച്ചിട്ടുണ്ട്. ‘ഞാൻ പെണ്ണാണ്, എനിക്കു പൊരുതാനാകും’ എന്ന മുദ്രാവാക്യവുമായി സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിനാണ് യുപിയിൽ പ്രിയങ്ക ഊന്നൽ നൽകുന്നത്. താൻ ഈ സമീപനം സ്വീകരിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും സമാജ്‌വാദി നേതാവ് അഖിലേഷ് യാദവും ബിഎസ്പി നേതാവ് മായാവതിയും ഉൾപ്പെടെയുള്ളവർ സ്ത്രീകളെക്കുറിച്ചു സംസാരിക്കാൻ തുടങ്ങിയെന്ന് പ്രിയങ്ക പറഞ്ഞു. 

ആശ സിങ് ഉന്നാവിൽ

ഉന്നാവ് മണ്ഡലത്തിൽതന്നെയാണ് ഉന്നാവ് പെൺകുട്ടിയുടെ അമ്മ ആശ സിങ് മത്സരിക്കുന്നത്. പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവ് കുൽദീപ് സിങ് സെൻഗർ ജയിലിലാണ്. സെൻഗറിനെ പൊലീസ് അറസ്റ്റ് ചെയ്തതുപോലും അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായശേഷമാണ്. പ്രതിയും ഭരണകൂടവും ഒത്തുകളിക്കുന്നുവെന്ന് കോടതിയുടെ വിമർശനമുണ്ടായി. സെൻഗറിനെതിരെ കേസെടുക്കാൻ പോലും പൊലീസ് ആദ്യം തയാറായിരുന്നില്ല. 

ബിജെപിയിൽനിന്ന് അനീതി നേരിട്ട മകളുടെ അമ്മ നീതിയുടെ മുഖമായി മാറുകയാണെന്നും അവർ പോരാടി ജയിക്കുമെന്നും ആശ സിങ്ങിന്റെ സ്ഥാനാർഥിത്വത്തെക്കുറിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. 

എൻസിപി – എസ്പി സഖ്യം; ശിവസേന ഒറ്റയ്ക്ക്

സമാജ്‌വാദി പാർട്ടിയുമായി ധാരണയുണ്ടാകുമെന്ന് എൻസിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക് പറഞ്ഞു. ആരുമായും സഖ്യമില്ലാതെ 50 – 100 സീറ്റിൽ മത്സരിക്കാൻ ശിവസേന ആലോചിക്കുന്നുവെന്നു പാർട്ടി നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. എസ്പി – ആൽഎൽഡി സഖ്യം 29 സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിൽ 19 സീറ്റ് ആൽഎൽഡിക്കും 10 എണ്ണം എസ്പിക്കുമാണ്. 

English Summary: Uttar Pradesh Assembly elections 2022: Congress releases 1st list of candidates, 40% tickets for women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA