ഫിലിപ്പീൻസിന് ബ്രഹ്മോസ്; ആഗോള ആയുധവിപണിയിൽ ഇന്ത്യയുടെ മുന്നേറ്റം

HIGHLIGHTS
  • തന്ത്രപ്രധാന ആയുധം കയറ്റുമതി ചെയ്യുന്നത് ഇതാദ്യം
brahmos-missile
ബ്രഹ്മോസ് ക്രൂസ് മിസൈൽ
SHARE

ന്യൂഡൽഹി ∙ ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് ക്രൂസ് മിസൈൽ വാങ്ങാനുള്ള ഫിലിപ്പീൻസ് തീരുമാനം ആഗോള ആയുധവിപണിയിൽ ഇന്ത്യയ്ക്കു മുന്നേറ്റമായി. 3 ബാറ്ററി ബ്രഹ്മോസ് മിസൈലുകളാണു ഫിലിപ്പീൻസ് ആവശ്യപ്പെട്ടതെന്നറിയുന്നു. ഒരു ബാറ്ററിയിൽ 4 മുതൽ 6 വരെ മിസൈലുകളാണുള്ളത്. 37.49 കോടി ഡോളറിന്റെ (ഏകദേശം 2774 കോടി രൂപ) ഇടപാടാണ്. ഫിലിപ്പീൻസിന്റെ തീരപ്രതിരോധ റെജിമെന്റാണു മിസൈൽ വിന്യസിക്കുക. ചൈനയാണു ഫിലിപ്പീൻസിനു പ്രധാന സുരക്ഷാഭീഷണി ഉയർത്തുന്നത്. വിയറ്റ്നാം, ചിലെ എന്നീ രാജ്യങ്ങളും ബ്രഹ്മോസ് വാങ്ങാൻ താൽപര്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.

ഇതാദ്യമായാണു തന്ത്രപരമായി വൻ മൂല്യമുള്ള ഒരായുധം ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. 42 രാജ്യങ്ങൾക്ക് ഇന്ത്യ ആയുധങ്ങൾ കയറ്റുമതി ചെയ്ത് 8500 കോടി രൂപയോളം കഴിഞ്ഞവർഷം നേടിയെങ്കിലും അവയെല്ലാം റൈഫിൾ, ടോർപിഡോ വെടിക്കോപ്പ്, ഷെല്ലുകൾ തുടങ്ങിയ ലഘു ആയുധങ്ങളും വൻ ആയുധങ്ങളുടെ സ്പെയർ പാർട്സും പാരഷൂട്ട് തുടങ്ങിയ സാമഗ്രികളുമാണ്. ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് വികസിപ്പിച്ച ധ്രുവ് ഹെലികോപ്റ്ററാണു നേരത്തേ നടത്തിയ ഒരു വൻ സൈനിക സാമഗ്രി കയറ്റുമതി.

റഷ്യയുടെ യൂക്കോസ് എന്ന മിസൈലിന്റെ അടിസ്ഥാന രൂപകൽപനയിൽ ഇന്ത്യയും റഷ്യയും ചേർന്ന് സമഗ്രവികസനം നടത്തിയാണു ബ്രഹ്മോസ് തയാറാക്കിയത്. ഇന്ത്യയുടെ മിസൈൽ ഉപജ്ഞാതാവായ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമാണ് ഈ സംയുക്ത സംരംഭത്തിന്റെ ആശയത്തിനു പിന്നിലെങ്കിലും ബ്രഹ്മോസിന്റെ പിതാവായി അറിയപ്പെടുന്നതു നാഗർകോവിൽ സ്വദേശിയും ബ്രഹ്മോസ് കോർപറേഷന്റെ ആദ്യ ചീഫ് എക്സിക്യൂട്ടീവും ഡിആർഡിഒയുടെ മുൻ ചീഫ് കൺട്രോളറുമായ ഡോ. എ.ശിവതാണുപിള്ളയാണ്. മിസൈലിന്റെ നിലവിലുള്ള മിക്ക പതിപ്പുകളും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് വികസിപ്പിച്ചെടുത്തത്. ബ്രഹ്മപുത്ര, മോസ്കോ എന്നീ നദികളുടെ പേരാണ് മിസൈലിനു നൽകിയിരിക്കുന്നത്. ഡോ. അബ്ദുൽ കലാമായിരുന്നു പേരു നിർദേശിച്ചത്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ വൻ കുതിപ്പാണിത്. ലോകത്തെ ഏറ്റവും മികച്ച ക്രൂസ് മിസൈലാണ് നാം വികസിപ്പിച്ചത്. ഇതോടെ സാമ്പത്തികനേട്ടം മാത്രമല്ല, നമുക്കു ശാക്തികരംഗത്ത് ഒരു പുതിയ പങ്കാളിയെ കൂടിയാണു ലഭിക്കുന്നത്

ഡോ. എ. ശിവതാണുപിള്ള

കരയിൽ നിന്ന് കരയിലേക്ക്, കരയിൽ നിന്ന് കടലിലേക്ക്, കപ്പലിൽ നിന്ന് കപ്പലിലേക്ക്, കപ്പലിൽ നിന്ന് കരയിലേക്ക്, വിമാനത്തിൽ നിന്ന് കരയിലേക്കും കടലിലേക്കും, മുങ്ങിക്കപ്പലിൽ നിന്ന് കരയിലേക്ക് എന്നിങ്ങനെ വിവിധ പതിപ്പുകൾ വികസിപ്പിച്ചിട്ടുണ്ട്. ഇവയിൽ കപ്പലിൽ നിന്നും മുങ്ങിക്കപ്പലിൽ നിന്നും വിമാനത്തിൽ നിന്നും തൊടുക്കുന്ന പതിപ്പുകൾ വികസിപ്പിച്ചതാണ് ഏറ്റവും വിഷമം പിടിച്ചതായി കണക്കാക്കപ്പെടുന്നത്. തൊടുത്തുവിടുന്ന പ്രതലം അനങ്ങിക്കൊണ്ടിരുന്നാൽ മിസൈലിനു ലക്ഷ്യം തെറ്റാൻ സാധ്യതയുള്ളതിനാലാണിത്. ഈ സാങ്കേതിക കടമ്പ മറികടന്നതാണു ബ്രഹ്മോസിന്റെ വികസനത്തിലെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കപ്പെടുന്നത്.

ഏറ്റവും വേഗം, ഏക സൂപ്പർസോണിക്

ലോകത്ത് ഇന്ന് നിലവിലുള്ളവയിൽ ഏറ്റവും വേഗമേറിയതെന്നു മാത്രമല്ല, ഏക സൂപ്പർസോണിക് ക്രൂസ് മിസൈലാണു ബ്രഹ്മോസ്. 290 കിലോമീറ്ററാണു നിലവിൽ ദൂരപരിധി. മിസൈൽ ടെക്നോളജി കൺട്രോൾ റെജിമിന്റെ നിബന്ധന അനുസരിച്ച് 300 കിലോമീറ്റർ കുടുതൽ ദൂരപരിധിയുള്ള മിസൈലുകൾ കൈമാറാൻ പാടില്ല. ഇന്ത്യ സ്വന്തം ആവശ്യത്തിനു കൂടുതൽ ദൂരപരിധിയുള്ള ബ്രഹ്മോസ് പതിപ്പുകൾ തയാറാക്കി വരുന്നു. ഒരാഴ്ച മുൻപാണു അതിലൊന്നിന്റെ പരീക്ഷണം നടന്നത്.

English Summary: India bags order from philippines for Brahmos missile

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA