ADVERTISEMENT

ന്യൂഡൽഹി ∙ ഇനിയൊരാളെയും ബിജെപിയിൽനിന്ന് എടുക്കുന്നില്ലെന്നു സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ പരിഹാസം. ആദ്യ പട്ടികയിൽ 63 സിറ്റിങ് എംഎൽഎമാർക്കും ബിജെപി സീറ്റ് നൽകിയതിനെക്കുറിച്ചാണ് അഖിലേഷിന്റെ പ്രതികരണം. ബിജെപിക്ക് ആവശ്യമെങ്കിൽ ഏത് എംഎൽഎയ്ക്കും സീറ്റ് നിഷേധിക്കാമെന്നും സീറ്റ് നിഷേധിച്ചാൽ അവർ തന്റെ പാർട്ടിയിലേക്കു വരുമെന്ന ഭയം വേണ്ടെന്നും അഖിലേഷ് പറഞ്ഞു.

പല സീറ്റുകളിലേക്കും പറഞ്ഞുകേട്ട യോഗി ആദിത്യനാഥിനെ ഗോരഖ്പുരിൽ മത്സരിപ്പിക്കാനുള്ള തീരുമാനത്തെയും അഖിലേഷ് പരിഹസിച്ചു: ‘‘നേരത്തെ ബിജെപി പറഞ്ഞത് അദ്ദേഹം അയോധ്യയിൽ മത്സരിക്കും, മഥുരയിൽ മത്സരിക്കും, പ്രയാഗ്‍രാജിൽ മത്സരിക്കും എന്നൊക്കെയാണ്. ഇപ്പോൾ നോക്കു. മുഖ്യമന്ത്രിയെ ബിജെപി ഇപ്പോഴേ ഗോരഖ്പുരിലേക്ക് അയച്ചു. ഇനി അവിടെ തന്നെ താമസിച്ചോളൂ. അവിടെ നിന്ന് ഇവിടേക്കു വരേണ്ട കാര്യം ഇനിയുണ്ടാകില്ല’’. 

എസ്പി – ഭീം ആർമി ചർച്ച അലസി

സമാജ്‍വാദി പാർട്ടിയും ഭീം ആർമിയും തമ്മിലുള്ള സീറ്റ് ചർച്ച അലസിപ്പിരിഞ്ഞു. ഭീം ആർമി 10 സീറ്റ് ആവശ്യപ്പെട്ടപ്പോൾ എസ്പി 2 സീറ്റാണു വാഗ്ദാനം ചെയ്തത്. മത്സരിക്കുമെന്നു തന്നോടു പറഞ്ഞ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ചർച്ചയ്ക്കിടെ ആരോടോ ഫോണിൽ സംസാരിച്ച ശേഷം നിലപാടു മാറ്റുകയായിരുന്നുവെന്നു അഖിലേഷ് യാദവ് ആരോപിച്ചു. ആരാണ് ഗൂഢാലോചന നടത്തിയതെന്ന് അഖിലേഷ് ചോദിച്ചു. 

PTI12_15_2021_000101A
അഖിലേഷ് യാദവ്

എന്നാൽ, അഖിലേഷ് അപമാനിക്കുകയാണ് ചെയ്തെന്ന് ചന്ദ്രശേഖർ ആസാദ് പ്രതികരിച്ചു. അഖിലേഷിന് ദലിത് വോട്ടിൽ മാത്രമേ കണ്ണുള്ളൂവെന്നും അധികാരത്തിലെത്തിയാൽ അദ്ദേഹം ദലിതരുടെ പ്രശ്നങ്ങൾ കേൾക്കാൻ പോലും തയാറായേക്കില്ലെന്നും ആസാദ് പറഞ്ഞു. സഖ്യ സാധ്യത അവസാനിച്ച സാഹചര്യത്തിൽ എസ്പി ഒഴികെയുള്ള വിവിധ പ്രതിപക്ഷ പാർട്ടികളെ ചേർത്ത് വിശാല മൂന്നാം മുന്നണിക്കുള്ള ആലോചനകൾ നടക്കുകയാണെന്നു ആസാദ് അറിയിച്ചു. 

ബിഎസ്പി 53 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ആദ്യഘട്ട തിരഞ്ഞെടുപ്പു നടക്കുന്ന 58 സീറ്റുകളിൽ 53 ഇടത്തേക്കും ബിഎസ്പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ശേഷിക്കുന്ന 5 സീറ്റുകളിൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് പാർട്ടി അധ്യക്ഷ മായാവതി പറഞ്ഞു. പാർട്ടി വീണ്ടും അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച മായാവതി, ബിഎസ്പിയുടെ മുൻ സർക്കാരുകൾ നടത്തിയ പ്രവർത്തനങ്ങൾക്കു തുടർച്ചയുണ്ടാക്കുമെന്നും പറഞ്ഞു. ബിജെപി തൂത്തുവാരിയ 2017 ലെ തിരഞ്ഞെടുപ്പിൽ ബിഎസ്പിക്ക് 19 സീറ്റുകളാണ് ലഭിച്ചത്. 

English Summary: "Stay There, Don't Come Back": Akhilesh Yadav's Swipe At Yogi Adityanath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com