ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗികബന്ധം: ജഡ്ജിയുടെ പരാമർശം വിവാദമായി

pocso-court
SHARE

ന്യൂഡൽഹി ∙ വിവാഹജീവിതത്തിൽ ബലം പ്രയോഗിച്ചുള്ള ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന ഹർജിയിൽ, ഭാര്യയുടെ സമ്മതത്തെ ലൈംഗികത്തൊഴിൽ ചെയ്യുന്നവരുടേതുമായി താരതമ്യപ്പെടുത്തിയതു വിവാദമായി. ഇത്തരം സാഹചര്യത്തിൽ ഭാര്യയ്ക്ക് ‘അരുത്’ എന്നു പറയാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നും ലൈംഗികത്തൊഴിലാളിയുടെ അത്ര പോലും ശാക്തീകരണം ഇല്ലാത്തയാളാണോ ഭാര്യയെന്നും ഡൽഹി ഹൈക്കോടതി ജസ്റ്റിസ് രാജീവ് ശക്ധർ ചോദിച്ചിരുന്നു. 

ലൈംഗികത്തൊഴിലാളിയെ പോലും പീഡിപ്പിക്കുന്നതിനു നിയമത്തിൽ ഇളവില്ല. ഏതു ഘട്ടത്തിലും വിസമ്മതിക്കാൻ അവർക്ക് അവകാശമുണ്ട്. അതിനെക്കാൾ താഴ്ന്ന നിലയിലാണോ ഭാര്യയെന്നാണ് ജസ്റ്റിസ് ശക്ധർ ചോദിച്ചത്. 

ഈ താരതമ്യത്തോട് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഹരിശങ്കർ അപ്പോൾത്തന്നെ വിയോജിച്ചിരുന്നു. വിവാഹജീവിതത്തിലെ ലൈംഗികതയും ലൈംഗികത്തൊഴിലാളിയുടേതും ഒന്നല്ലെന്ന് അദ്ദേഹം പറഞ്ഞു. കേസിലെ വാദം മറ്റു കാര്യങ്ങളിലേക്കു പോകാതെ നിയമപ്രശ്നങ്ങളിലേക്കു ശ്രദ്ധ നൽകാനും ജസ്റ്റിസ് ഹരിശങ്കർ ആവശ്യപ്പെട്ടു. കോടതി നടത്തിയതു വിചിത്രമായ താരതമ്യമാണെന്നു ബിജെപി നേതാവ് ആഭ സിങ് പറഞ്ഞു. 

ഈ വിഷയത്തിൽ നിയമം വിവേചനപരമാണെന്ന് അമിക്കസ് ക്യൂറി രാജ് ശേഖർ റാവു ചൂണ്ടിക്കാട്ടി. വിവാഹിതയായതു കൊണ്ടു മാത്രം സ്ത്രീയെ വേർതിരിച്ചു കാണുന്നതാണു നിയമമെന്നും ഇതിനു മാറ്റം വരേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. വിവാഹജീവിതത്തിൽ പോലും സമ്മതം നൽകേണ്ടതുണ്ടെന്ന് ഹർജിക്കാർക്കു വേണ്ടി ഋഷഭ് അഗർവാൾ പറഞ്ഞു.

ഇതിനിടെ, വിശദ ചർച്ച പൂർത്തിയാക്കുന്നതു വരെ വിവാഹജീവിതത്തിലെ ബലമായ ലൈംഗിക പീഡനത്തെ ക്രിമിനൽ കുറ്റമാക്കാൻ കഴിയില്ലെന്നു കേന്ദ്ര സർക്കാർ ബോധിപ്പിച്ചു. വിഷയത്തിൽ സമഗ്ര മാറ്റത്തിനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി.

English Summary: Judge statement in controversy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA