ADVERTISEMENT

മുംബൈ ∙ ഐഎൻഎസ് രൺവീർ യുദ്ധക്കപ്പലിൽ മൂന്നു നാവികസേനാംഗങ്ങൾ മരിച്ച സ്ഫോടനത്തിനു കാരണം എസി സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന വാതകം ചോർന്നതാണെന്ന് സൂചന. വാതകത്തിന്റെ ഗുണനിലവാരം കുറഞ്ഞാലും സ്ഫോടനത്തിനു സാധ്യതയുണ്ട്. നാവികസേന അന്വേഷണം ആരംഭിച്ചു. 

കൃഷൻ കുമാർ, സുരിന്ദർ കുമാർ, എ.കെ.സിങ്
കൃഷൻ കുമാർ, സുരിന്ദർ കുമാർ, എ.കെ.സിങ്

മാസ്റ്റർ ചീഫ് പെറ്റി ഓഫിസർമാരായ കൃഷൻ കുമാർ, സുരിന്ദർ കുമാർ, എ.കെ. സിങ് എന്നിവരാണു മരിച്ചത്. ഇവർ കപ്പലിലെ എസി കംപാർട്ട്മെന്റിൽ ഉറക്കത്തിലായിരിക്കെയാണ് സ്ഫോടനം. പിന്നാലെ പുക പടർന്നു. ‘‘എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാകാതെ പലരും സുരക്ഷിത സ്ഥാനത്തേക്ക് രക്ഷപ്പെടാൻ ശ്രമം നടത്തി. പലർക്കും കപ്പലിന്റെ ഭിത്തിയിൽ ഇടിച്ചു പരുക്കുണ്ട്. പൊള്ളലേറ്റും ശ്വാസതടസ്സത്തെത്തുടർന്നുമാണു ചിലർ ആശുപത്രിയിലുള്ളത്’’– അപകടമരണത്തിനു പ്രത്യേക കേസെടുത്ത പൊലീസ് പറഞ്ഞു. 

ഹരിയാന, ബിഹാർ, ഹിമാചൽപ്രദേശ് സ്വദേശികളാണ് മരിച്ച നാവികർ. പരുക്കേറ്റ് കൊളാബയിലെ നാവികസേന ആശുപത്രിയിൽ ചികിത്സയിലുളള 11 പേരുടെ നില മെച്ചപ്പെടുന്നതായും ആരുടെയും പരുക്ക് ഗുരുതരമല്ലെന്നും നാവിക സേന അറിയിച്ചു. 

മുംബൈയിലെ നാവിക ആസ്ഥാനത്ത് കപ്പലിലെ എസി കംപാർട്മെന്റിൽ ചൊവ്വാഴ്ച വൈകിട്ടാണ് പൊട്ടിത്തെറി ഉണ്ടായത്. വിശാഖപട്ടണത്തു നിന്നു മുംബൈ ആസ്ഥാനമായ പശ്ചിമ നാവിക കമാൻഡ് മേഖലയിൽ നവംബറിൽ പരിശീലനത്തിന് എത്തിയ ഐഎൻഎസ് രൺവീർ മടങ്ങാനിരിക്കെയാണ് അപകടം. രൺവീർ ഉൾപ്പെടുന്ന കപ്പൽ വിഭാഗത്തിലെ ഐഎൻഎസ് രൺവിജയ് എന്ന യുദ്ധക്കപ്പലിലും മൂന്നു മാസം മുൻപ് തീപിടിത്തമുണ്ടായിരുന്നു. 

മരിച്ചവരുടെ കുടുംബാംഗങ്ങളെ നാവിക സേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ അനുശോചനം അറിയിച്ചു. നേരത്തെ, ഇൗ കപ്പലിലെ കമാൻഡിങ് ഓഫിസറായിരുന്നു അദ്ദേഹം. 

Content Highlight: INS Ranvir explosion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com