ന്യൂഡൽഹി ∙ കൃഷി നിയമങ്ങളും ലഖിംപുർഖേരിയും യുപി തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കാമെന്ന ബിജെപിയുടെ കണക്കുകൂട്ടലിനു തെളിവായി താരപ്രചാരകരുടെ പട്ടിക. ലഖിംപുർ ഖേരി കർഷക കൂട്ടക്കൊലയിൽ പ്രതിസ്ഥാനത്തുള്ള ആശിഷ് മിശ്രയുടെ പിതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്രയെ പട്ടികയിൽ നിന്നൊഴിവാക്കി. കൃഷി നിയമങ്ങളുടെ പേരിൽ ബിജെപിയെ നിരന്തരം വിമർശിക്കുന്ന പിലിബിത്ത് എംപി വരുൺ ഗാന്ധിയും സുൽത്താൻപുർ എംപിയായ അമ്മ മേനക ഗാന്ധിയും പാർട്ടിയുടെ താരപ്രചാരകരിലില്ല.
പടിഞ്ഞാറൻ യുപിയിലെ 58 മണ്ഡലങ്ങളിൽ ഫെബ്രുവരി 10നു നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, സഹമന്ത്രി വി.കെ. സിങ്, മന്ത്രി സ്മൃതി ഇറാനി, നടിയും എംപിയുമായ ഹേമ മാലിനി തുടങ്ങിയ 30 നേതാക്കളാണ് താരപ്രചാരകർ.
അജയ് മിശ്രയ്ക്കെതിരെ നടപടി വേണമെന്ന് കർഷകർ ഇപ്പോഴും ആവശ്യപ്പെടുന്നുണ്ട്. കർഷക നേതാവ് രാകേഷ് ടിക്കായത്താണ് ആദ്യം ഈ ആവശ്യമുന്നയിച്ചത്. പടിഞ്ഞാറൻ യുപിയിൽ ടിക്കായത്തിന്റെ കൂടി പിന്തുണയോടെ സമാജ്‌വാദി പാർട്ടി–ആർഎൽഡി സഖ്യത്തെ കർഷകർ പിന്തുണയ്ക്കുമെന്നാണ് സൂചനകൾ. വരുണും മേനകയും പ്രതിനിധീകരിക്കുന്ന തേരായ് മേഖല സിഖ് സമുദായത്തിനു പ്രാമുഖ്യമുള്ളതാണ്. ലഖിംപുർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകർ സിഖുകാരായിരുന്നു.
English Summary: Ajay Mishra not to be bjp star campaigner in Uttar Pradesh Assembly Elections 2022