ADVERTISEMENT

ന്യൂഡൽഹി ∙ യുപി നിയമസഭാ തിരഞ്ഞെടുപ്പിനു 3 ആഴ്ച ബാക്കി നിൽക്കെ, സമാജ്‍വാദി പാർട്ടി നേതാവ് മുലായംസിങ് യാദവിന്റെ മരുമകളും കഴി‍ഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയുമായിരുന്ന അപർണ യാദവ് ബിജെപിയിൽ ചേർന്നു. മുലായത്തിന്റെ രണ്ടാം ഭാര്യയിലെ മകൻ പ്രതീക് യാദവിന്റെ ഭാര്യയാണ് അപർണ. ആദ്യ ഭാര്യയിലെ മകനായ പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മുന്നിൽനിന്നു നയിക്കുന്ന തിരഞ്ഞെടുപ്പിൽ അപർണയ്ക്ക് സീറ്റില്ലെന്ന് ഉറപ്പായതോടെയാണ് കൂടുമാറ്റം. കഴിഞ്ഞ തവണ മത്സരിച്ചു പരാജയപ്പെട്ട ലക്നൗ കന്റോൺമെന്റ് സീറ്റിനു വേണ്ടി അപർണ വീണ്ടും ശ്രമിച്ചിരുന്നു. 

അർധസഹോദരന്റെ ഭാര്യ പാർട്ടി വിടുന്ന സ്ഥിതി ഒഴിവാക്കാൻ അഖിലേഷ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മുലായം തന്നെ അപർണയോടു സംസാരിച്ചതാണെന്നും സീറ്റ് നൽകിയത് സർവേ ഉൾപ്പെടെ പല ഘടകങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും അഖിലേഷ് പറഞ്ഞു. അതേസമയം, 3 മന്ത്രിമാർ കൂറുമാറിയതിന്റെ ഞെട്ടലിൽ നിൽക്കെ ഇതു നേട്ടമായി അവതരിപ്പിക്കാൻ ഡൽഹിയിൽ പാർട്ടി ആസ്ഥാനത്തു വച്ചാണ് അപർണയ്ക്കു ബിജെപി അംഗത്വം നൽകിയത്. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, പാർട്ടി യുപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ് എന്നിവർ ചേർന്നു പാർട്ടിയിലേക്കു സ്വീകരിച്ചു. നരേന്ദ്ര മോദിയെ പ്രകീർത്തിച്ച അപർണ, രാജ്യതാൽപര്യം മുൻനിർത്തിയാണ് മാറ്റമെന്നു പറഞ്ഞു. 

അതേസമയം, അപർണയെ ലക്നൗ കന്റോൺമെന്റ് സീറ്റിൽ മത്സരിപ്പിക്കേണ്ടി വരുമെന്നതു ബിജെപിയിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കും. ബിജെപി എംപി റീത്ത ബഹുഗുണ ജോഷി മകൻ മായങ്കിനു വേണ്ടി ഇതേ സീറ്റിൽ അവകാശവാദം ഉന്നയിച്ചിരിക്കെയാണ് അപർണയുടെ പാർട്ടി പ്രവേശം. 2017 ൽ ലക്നൗ കന്റോൺമെന്റിൽ റീത്തയ്ക്കെതിരെ സമാജ്‍വാദി പാർട്ടി സ്ഥാനാർഥിയായിരുന്നു അപർണ. 

ബിജെപിക്ക് നന്ദി: ‌അഖിലേഷ്

അർധ സഹോദരന്റെ ഭാര്യ തന്നെ പാർട്ടി വിട്ടതിനോടു തമാശ കലർത്തിയായിരുന്നു അഖിലേഷിന്റെ പ്രതികരണം. എസ്‍പിക്കു സ്ഥാനാർഥിത്വം നൽകാൻ കഴിയാതിരുന്നവർക്കു സീറ്റ് നൽകുന്നതിന് ബിജെപിക്കു നന്ദി പറയുന്നു. അപർണയിലൂടെ പാർട്ടിയുടെ ആശയങ്ങൾ ബിജെപിയിലെത്തുമെന്നും അവിടെ ജനാധിപത്യം വ്യാപിക്കുമെന്നു കരുതുന്നതായും അഖിലേഷ് പറഞ്ഞു.

aparna-yadav-mulayam-singh-yadav-1
അപർണ യാദവ്, മുലായം സിങ് യാദവ് (ഫയൽ ചിത്രം)

English Summary: Aparna Yadav, Akhilesh Yadav's Sister-In-Law, Joins BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com