മുലായത്തിന്റെ സഹോദരീഭർത്താവും ബിജെപിയിൽ; വീണ്ടും നന്ദി അറിയിച്ച് അഖിലേഷ്

HIGHLIGHTS
  • സോണിയ ഗാന്ധിയുടെ മണ്ഡലത്തിൽപെട്ട എംഎൽഎ അദിതി സിങ് കോൺഗ്രസ് വിട്ടു
mulayam-sp
പ്രതാപ് സിങ് (ഇടത്)
SHARE

ന്യൂഡൽഹി ∙ ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പിനു മുൻപുള്ള നേതാക്കളുടെ പാർട്ടി മാറ്റം തുടരുന്നു. 

ഇന്നലെ ബിജെപിയിൽ ചേർന്നവർ: 

1. മുലായംസിങ് യാദവിന്റെ സഹോദരീ ഭർത്താവും സമാജ്‌വാദി പാർട്ടി (എസ്പി) നേതാവുമായ പ്രതാപ് സിങ്. 

2. കോൺഗ്രസിന്റെ ‘പോസ്റ്റർ ഗേളും’ മഹിള കോൺഗ്രസ് ഉപാധ്യക്ഷയുമായ പ്രിയങ്ക മൗര്യ. ഇതിനു പുറമേ, 2 മാസം മുൻപ് ബിജെപിയിൽ ചേർന്ന ബറേലി കോൺഗ്രസ് എംഎൽഎ അദിതി സിങ് ഇന്നലെ എംഎൽഎ സ്ഥാനം രാജിവച്ചു. സോണിയ ഗാന്ധി പ്രതിനിധീകരിക്കുന്ന റായ്ബറേലി ലോക്സഭാ മണ്ഡലത്തിലാണ് ബറേലി. 

എസ്പിയും നേതാവ് അഖിലേഷ് യാദവും മാഫിയകളുടെ പിടിയിലാണെന്നു പ്രതാപ് സിങ് ആരോപിച്ചു. മുലായം സിങ്ങിന്റെ മരുമകൾ അപർണ യാദവ് കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നിരുന്നു. 

പ്രിയങ്ക ഗാന്ധിയുടെ ‘ലഡ്കി ഹും ലഡ് സക്തി ഹും’ മാരത്തണിന്റെ പോസ്റ്ററിൽ പ്രിയങ്ക മൗര്യയുടെ ചിത്രമായിരുന്നു ഉണ്ടായിരുന്നത്. സരോജിനി നഗറിൽ കോൺഗ്രസ് സീറ്റു നൽകാതിരുന്നതിൽ അവർ അസ്വസ്ഥയായിരുന്നു. 

കോൺഗ്രസിലെ റിബൽ എംഎൽഎ ആയിരുന്ന അദിതി സിങ് കഴിഞ്ഞ നവംബറിൽ ബിജെപിയിൽ ചേർന്നിരുന്നു. ഇന്നലെ അവർ കോൺഗ്രസിൽനിന്നു രാജിവച്ചു. എംഎൽഎ സ്ഥാനവും ഒഴിഞ്ഞു. 5 തവണ കോൺഗ്രസ് എംഎൽഎയായ അഖിലേഷ് സിങ്ങിന്റെ മകളാണ് അദിതി. 

ബിജെപിക്കു വീണ്ടും നന്ദി: അഖിലേഷ്

24 മണിക്കൂറിനുള്ളിൽ കുടുംബത്തിൽ നിന്ന് രണ്ടാമതൊരാൾ കൂടി ബിജെപിയിലേക്കെത്തിയതിന് വീണ്ടും നന്ദി പറഞ്ഞ് അഖിലേഷ് യാദവ്. ‘കുടുംബാധിപത്യമാണ് ഞങ്ങളുടെ പാർട്ടിയിലെന്നാണ് ബിജെപി കുറ്റപ്പെടുത്തുന്നത്. അതിന് ഇതോടെ ഒരു തീരുമാനമാകും’ – അഖിലേഷ് പറഞ്ഞു. 

അതിനിടെ, അഖിലേഷ് യാദവ് മെയിൻപുരി ജില്ലയിലെ കർഹാൽ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുയർന്നിട്ടുണ്ട്. ഇപ്പോൾ എംപിയായ അസംഗഡിലെ ജനങ്ങളുടെ അനുവാദത്തോടെ മാത്രമേ മത്സരിക്കൂവെന്ന് അഖിലേഷ് വ്യക്തമാക്കിയിരുന്നു. മുലായം സിങ്ങിന്റെ തട്ടകമായ ഇറ്റാവയ്ക്കടുത്താണ് കർഹാൽ മണ്ഡലം. എസ്പി നേതാവായ ശോഭരൻ സിങ് യാദവാണ് 2002 മുതൽ പ്രതിനിധീകരിക്കുന്നത്. 

കോൺഗ്രസ് രണ്ടാം പട്ടികയിൽ 16 വനിതകൾ; ഷൂട്ടിങ് താര പൂനം പണ്ഡിറ്റും സ്ഥാനാർഥി

കോൺഗ്രസ് രണ്ടാം സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചു. 41 സ്ഥാനാർഥികളിൽ 16 വനിതകൾ. 40% വനിതകളായിരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയിരുന്നു. പുതിയ പട്ടികയിൽ രാജ്യാന്തര ഷൂട്ടിങ് താരം പൂനം പണ്ഡിറ്റും ഇടംപിടിച്ചു. കർഷക സമരത്തിലെ ഇടപെടലുകളുടെ പേരിൽ ശ്രദ്ധേയയായിരുന്ന പൂനം സ്യാന മണ്ഡലത്തിലാണ് മത്സരിക്കുക. അഖില ഭാരതീയ വാത്മീകി മഹാ‌സഭയുടെ ജില്ല പ്രസിഡന്റ് സിക്കന്ദർ വാത്മീകി ആഗ്ര കന്റോൺമെന്റിൽ കോൺഗ്രസ് സ്ഥാനാർഥിയാകും. ആകെ 166 സീറ്റുകളിലേക്കാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ആദ്യ 125 അംഗ പട്ടികയിൽ 50 പേർ സ്ത്രീകളായിരുന്നു. 

ഗോരഖ്പുരിൽ യോഗിക്കെതിരെ ചന്ദ്രശേഖർ ആസാദ്

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കന്നി മത്സരത്തിനിറങ്ങുന്ന ഗോരഖ്പുർ അർബൻ മണ്ഡലത്തിൽ മത്സരിക്കുമെന്നു ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് പ്രഖ്യാപിച്ചു. ആസാദ് സമാജ് പാർട്ടിയുടെ പേരിലായിരിക്കും മത്സരിക്കുക. ഇവിടെ കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ സ്ഥാനാർഥിയെ നിർത്തില്ലെന്നാണ് ഭീം ആർമിയുടെ പ്രതീക്ഷ. അതേസമയം, ചന്ദ്രശേഖർ‌ ആസാദ് എത്തിയാലും യോഗിക്ക് പ്രശ്നമാകില്ലെന്നു ബിജെപി വിശ്വസിക്കുന്നു. കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിലും രാധാമോഹൻ അഗർവാൾ മികച്ച വിജയം നേടിയിരുന്നു. കഴിഞ്ഞതവണ 60,730 വോട്ട് ആയിരുന്നു ഭൂരിപക്ഷം. 

Content Highlight: Uttar Pradesh Assembly Elections 2022

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA