ADVERTISEMENT

ലണ്ടൻ ∙ സ്വിസ് ബാങ്കായ യുബിഎസിനുള്ള വായ്പക്കുടിശിക അടച്ചുതീർക്കാത്ത മദ്യവ്യവസായി വിജയ് മല്യയ്ക്ക് ലണ്ടനിലെ കണ്ണായ സ്ഥലത്തെ ആഡംബരി വസതിയും കൈവിട്ടു പോകുന്നു. ബാങ്ക് കൊടുത്ത കേസിൽ ബ്രിട്ടിഷ് കോടതിയാണ് മണിമാളിക ജപ്തി ചെയ്യാൻ അനുമതി കൊടുത്തിരിക്കുന്നത്. മല്യയുടെ 95 വയസ്സുള്ള അമ്മ ലളിതയാണ് ഈ വീട്ടിൽ താമസിക്കുന്നത്. കഴിഞ്ഞ 5 വർഷമായി ബ്രിട്ടനിലുള്ള മല്യ വിവിധയിടങ്ങളിലുള്ള വീടുകളിൽ മാറി മാറി താമസിക്കുന്നു. 

സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടു നട്ടംതിരിയുന്ന മല്യയ്ക്ക്, 2 കോടി പൗണ്ടിന്റെ (204.96 കോടി രൂപ) വായ്പ തിരിച്ചടയ്ക്കാൻ ഇനിയും സാവകാശം നൽകുന്നതിൽ അർഥമില്ലെന്നാണു ഹൈക്കോടതി ചാൻസറി ഡിവിഷൻ വിധി. കേസിൽ നേരത്തെയും ബാങ്കിന് അനുകൂല വിധിയായിരുന്നെങ്കിലും കോവിഡ് മൂലം ജപ്തി നടപടി വൈകി. 

മനോഹരമായ റീജന്റ്സ് പാർക്കിലേക്കു ജാലകങ്ങൾ തുറക്കുന്ന ‘18 /19 കോൺവാൾ ടെറസ്’ ആഡംബര സൗധത്തിന് കോടിക്കണക്കിനു പൗണ്ട് വിലമതിക്കുമെന്നല്ലാതെ കൃത്യമായി എത്രയെന്ന് കോടതി വിധിയിലും വ്യക്തമാക്കിയിട്ടില്ല. മല്യയുടെ നിന്നുപോയ കിങ്ഫിഷർ വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട് 9000 കോടിയുടെ വായ്പത്തട്ടിപ്പു കേസ് ഇന്ത്യയിൽ വേറെയുണ്ട്.

‘പാപ്പരാണ്, അഭയം തരണം’

എസ്ബിഐ ഉൾപ്പെടെ 13 ഇന്ത്യൻ ബാങ്കുകളിൽനിന്ന് ആകെ 9000 കോടി രൂപ വായ്പയെടുത്ത ശേഷം തുക തിരിച്ചടയ്ക്കാതെ സ്ഥലം വിട്ടതാണു വിജയ് മല്യ. ബ്രിട്ടനിൽ മൂന്നു വർഷത്തെ കോടതി നടപടികൾക്കു ശേഷം, തുടർനടപടികൾക്കായി ഇന്ത്യയിലേക്കു നാടുകടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. ഇപ്പോൾ ജാമ്യത്തിലാണ്. 

മല്യയെ പാപ്പരായി കോടതി പ്രഖ്യാപിച്ചത് കഴിഞ്ഞവർഷമാണ്. ഇതിനിടെ അദ്ദേഹം ബ്രിട്ടനിൽ അഭയം ചോദിച്ചിട്ടുമുണ്ട്. ഈ അപേക്ഷ ബ്രിട്ടിഷ് സർക്കാരിന്റെ പരിഗണനയിലാണ്. 

English Summary: Vijay Mallya, fugitive businessman, faces eviction from luxury home in London

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com