ADVERTISEMENT

താ മങ്കേഷ്കർ ആരെന്നറിയും മുൻപേ ആ സ്വരത്തെയും പാട്ടുകളെയും ആരാധിച്ചു തുടങ്ങിയ ആളാണ് ഞാൻ. തോപ്പുംപടിയിലെ വീട്ടിൽ നിന്നു സെൻ്റ് സെബാസ്റ്റ്യൻസ് സ്കൂളിലേക്കു നടന്നു പോകുമ്പോൾ പട്ടേൽ ടാക്കീസിനു സമീപത്തെ  ചായക്കടയിൽ നിന്നാണ് ആ ശബ്ദം ആദ്യമായി ഒരു കാറ്റു പോലെ മനസിലേക്ക് ഒഴുകി കയറിയത്.

‘ചുപ് ഗയാ കോയിരേ ദൂർ സേ പുകാർ ഹേ...’– എന്തു രസമായിരുന്നു അതു കേൾക്കാൻ. ആ കടയിലെ ഗ്രാമഫോണിൽ ആ പാട്ട് തുടർച്ചയായി വയ്ക്കുമായിരുന്നു. ഞാനന്നു പത്താം ക്ലാസിലാണ്. സ്കൂളിലേക്കുള്ള യാത്രയിൽ അവിടെയെത്തുമ്പോൾ എന്നും ആ പാട്ട് കേൾക്കാം. എത്ര കേട്ടാലും മതിവരാത്ത ഗാനം. പലപ്പോഴും അതിന്റെ രസത്തിൽ മുഴുകി അവിടെ നിന്നു പോയിട്ടുണ്ട്. പിന്നെ ഓടി സ്കൂളിൽ എത്തുമ്പോൾ ബെല്ലടിച്ചിട്ടുണ്ടാകും. അതിന്റെ പേരിൽ മാഷിൻ്റെ അടിയും കിട്ടിയിട്ടുണ്ട്.

എന്റെ അമ്മയുടെ മൂത്ത സഹോദരിയുടെ മകൾ സ്റ്റെല്ല ചേച്ചി അക്കാലത്ത് ഏറെയും പാടി കേട്ടിരിരിക്കുന്നതും ലതാജിയുടെ പാട്ടുകളാണ്. ലതാജിയുടെ അതേ പ്രായമാണു ചേച്ചിക്കും. ‘തിരമാല’ സിനിമയിലൊക്കെ പാടിയിട്ടുണ്ട്. ചേച്ചി ഇഷ്ടത്തോടെ പാടി നടന്ന പാട്ടുകളിലൂടെയാണു ലതാ മങ്കേഷ്കറിനോടുള്ള എന്റെ ഇഷ്ടവും ഏറിയത്. പിൽക്കാലത്ത് ഒരു സ്വപ്നം പോലെ ആ വലിയ ഗായികയെ കാണാനും ഒപ്പം പാടാനുമെല്ലാം  നിയോഗം ഈശ്വരൻ എനിക്കായി കരുതിവച്ചിരുന്നു.

‍ഞാൻ സിനിമയിൽ പാടി തുടങ്ങി മൂന്നു വർഷം കഴിഞ്ഞപ്പോഴാണ് അപ്രതീക്ഷിതമായി ലതാജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിക്കുന്നത്.

ഹിന്ദിയിലെ തിരക്കേറിയ സംഗീത സംവിധായകനായിരുന്ന സലിൽ ചൗധരി ചെമ്മീനിലൂടെ മലയാളത്തിൽ സംഗീത സംവിധാനം നിർവഹിക്കാനെത്തിയതാണ് നിമിത്തമായത്. സലിൽദായും ലതാജിയുമായുള്ള അടുത്ത ബന്ധം അറിയാവുന്നതുകൊണ്ടാകും ചെമ്മീനിലെ ഒരു പാട്ട് ലതാജിയെക്കൊണ്ട് പാടിക്കാമെന്നു സംവിധായകൻ രാമു കാര്യാട്ട് നിർദേശിച്ചു. ലതാജിക്ക് പാടാൻ പാകത്തിലൊരു പാട്ട് സലിൽ ദ ഒരുക്കി. ഏഴുതിയതു വയലാർ; അതായിരുന്നു ‘കടലിനക്കരെ പോണോരെ...’

ലതാജിയെ നേരിട്ടു കണ്ട് തന്നെ പാട്ടിന്റെ കാര്യം സംസാരിക്കാൻ ഉറപ്പിച്ചു. ട്രാക്ക് എന്ന പോലെ എന്നെക്കൊണ്ട് ആ ഗാനം പാടിച്ചു റെക്കോർഡുമായാണ് മുംബൈയ്ക്കു പോയത്. പാട്ട് ലതാജിക്ക് പറഞ്ഞുകൊടുക്കുമ്പോൾ മലയാള ഉച്ചാരണമൊക്കെ ശരിയാക്കാൻ ഒരു സഹായിയായി എന്നെയും കൂട്ടി. എനിക്കതു സ്വപ്ന തുല്യമായിരുന്നു. ബോംബെയിലെ വീട്ടിലെ ആ കൂടിക്കാഴ്ച മറക്കാനാവാത്തതാണ്.

lata-narayanan
ലത മങ്കേഷ്കർക്കു ഭാരതരത്നം സമ്മാനിക്കുന്ന അന്നത്തെ രാഷ്ട്രപതി കെ.ആർ. നാരായണൻ (2002)

അമ്മയ്ക്കൊപ്പമാണ് ലതാജി താമസിച്ചിരുന്നത്. സഹോദരൻ ഹൃദയനാഥും അശാജി ഒഴികെയുള്ള സഹോദരിമാരുമെല്ലാം എന്നിവിടെ ഉണ്ടായിരുന്നു.

പാട്ടിന്റെ കാര്യം പറഞ്ഞു. വളരെ അടുപ്പമുണ്ടായിരുന്ന സലിൽദായും ലതാജിയും പല കാര്യങ്ങളും സംസാരിച്ചു. അതിനിടെ അദ്ദേഹം എന്നെ പരിചയപ്പെടുത്തി. ഹിന്ദിയിലായിരുന്നു സംസാരം. അധികമെന്തെങ്കിലും പറയാൻ എനിക്കും പരിമിതികളുണ്ടായിരുന്നു. ഞാൻ ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുള്ള കാര്യമൊക്കെ സലിൽദ പറഞ്ഞു. ഒരു കീർത്തനം പാടിക്കൊടുക്കാൻ നിർദേശിച്ചതും അദ്ദേഹമാണ്. ഹംസധ്വനി രാഗത്തിലെ ‘വാതാപി ഗണപതിം ഭജേഹം...’ എന്ന കീർത്തനമായിരുന്നു പാടിയത്. മുഴുവൻ പാടിക്കഴിഞ്ഞതും അവർ വലിയ സന്തോഷം പ്രകടിപ്പിച്ചു. അന്തരീക്ഷമാകെ മാറി. ‘ഹംസധ്വനി’ ലതാജിക്കും ഏറെ ഇഷ്ട രാഗമായിരുന്നു. രാഗങ്ങളിലും സംസ്കൃതതത്തിലും നല്ല ധാരണയുണ്ടായിരുന്നതിനാലും ഗണപതിയെക്കുറിച്ചുള്ള കീർത്തനമായിരുന്നതിനാലും പിന്നെ അതുമായി ബന്ധപ്പെട്ടായി സംസാരം.

കുറേ നേരം അവിടെ ചെലവഴിച്ച ശേഷമാണ് ഞങ്ങൾ മടങ്ങിയത്. പോയ കാര്യം സംബന്ധിച്ച് അന്നേരം തീരുമാനമൊന്നും ഉണ്ടായില്ല. പാടിക്കൊണ്ടു പോയ പാട്ടിന്റെ റെക്കോർ‍ഡ് പിന്നീടാണ് അവർ കേട്ടതെന്നു തോന്നുന്നു. അത് പാടാനുളള പ്രയാസവും പിന്നീട് സലിൽദായോടു പറയുകയായിരുന്നു എന്നാണ് മനസിലാക്കുന്നത്. ഒടുവിൽ ആ പാട്ട് പാടാനുള്ള നിയോഗം എനിക്കു തന്നെയായി. ലതാജിക്കു പാടാനായി റെക്കോർഡ് ചെയ്ത ട്രാക്ക് തന്നെ സിനിമയിൽ  ഉപയോഗിക്കുകയായിരുന്നു. പക്ഷേ ലതാജിയെ മലയാളത്തിൽ പാടിക്കുക എന്ന സ്വപ്നം ഒടുവിൽ സലിൽദ തന്നെയാണ് നെല്ലിലെ വിഖ്യാതമായ ഗാനത്തിലൂടെ യാഥാർഥ്യമാക്കിയത്. ചെങ്കദളി... എന്ന ആ പാട്ടെഴുതിയും വയലാർ ആയിരുന്നു.

1971ൽ ഞാൻ ഹിന്ദി സിനിമയിൽ പാടിത്തുടങ്ങിയെങ്കിലും ലതാജിയുമൊത്തു പാടാൻ അവസരം ലഭിച്ചത് വർഷങ്ങൾ കഴിഞ്ഞാണ്. തൃശൂലിൽ ഖയാം ഈണമിട്ട ‘ആപ് കി മെഹകി ഹുയീ...’ എന്ന ഗാനമായിരുന്നു ഞങ്ങൾ‌ ഒരുമിച്ചു പാടിയ ആദ്യ ഗാനം.

പാട്ട് പഠിച്ചു കഴിഞ്ഞ് റിഹേഴ്സലും റെക്കോർഡിങുമെല്ലാം ഒരുമിച്ചായിരുന്നു. ബോംബെ മെബമൂബ് സ്റ്റുഡിയോയിൽ സ്വപ്ന സുന്ദരമായ അനുഭവമായിരുന്നു അത്. ഇത്രയും വലിയൊരു ഗായികക്കൊപ്പം ഇരിക്കുമ്പോൾ തന്നെ വല്ലാത്തൊരു മാനസികാവസ്ഥയായിരുന്നു. നന്നായി റിഹേഴ്സലൊക്കെ നടത്തിയിരുന്നതിനാൽ വേഗം റെക്കോർ‍ഡ് ചെയ്യാനായി. എനിക്ക് ഏറെ പ്രിയപ്പെട്ടൊരു പാട്ടാണത്. ആ സിനിമയിൽ തന്നെ ലതാജിക്കും  കിഷോർ കുമാർജിക്കും ഒപ്പം ‘മൊഹബത് ബഡേ കാം ചീസ് ഹേ...’ എന്ന ഗാനം പാടാനായതും മറക്കാനാകാത്ത അനുഭവമാണ്. സലിൽദായുടെ സംഗീതത്തിൽ ഞങ്ങൾ ആദ്യം ഒരുമിച്ചു പാടിയ  ‘ഹം നഹി ദുഖ് സേ’ എന്ന പാട്ടും ഏറെ പ്രിയപ്പെട്ടതാണ്. പിന്നീട് ലതാജിയേയും എന്നെയും ബംഗാളിയിൽ പാടിച്ചതും ബംഗാളിയായ സലിൽദായാണ്. ചെമ്മീനിൽ ബംഗാളിയായ മന്നാഡെയെക്കൊണ്ട് പാടിച്ച ‘മാനസ മൈനേ വരൂ...’ എന്ന ഗാനത്തിന്റെ അതേ ഈണത്തിലുള്ള ‘നാമ് ശകുന്തോലത...’ എന്ന ബംഗാളി പാട്ടാണ് മലയാളിയായ എന്നെക്കൊണ്ട് പാടിച്ചത്.  സിന്തഗി മഹക് ജാതി ഹെ..., ദോനോം കേ ദിൽ ഹേ, സബ്കോ ഛുട്ടി മിലി, അബ് ചരാഗോ കാ..., ആപ് തോ ഐസേ ന തേ തുടങ്ങിയ പാട്ടുകളും ലതാജിക്കൊപ്പം പാടാൻ അവസരം ലഭിച്ചു.

ഹിന്ദിയിലെ തിരക്ക് വിട്ട് ഞാൻ മലയാളത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോഴും  ഇടയ്ക്ക് മുബൈയിൽ പോകുമ്പോൾ വീട്ടിൽ പോയി ലതാജിയെ കാണാറുണ്ടായിരുന്നു. എന്നോട് എന്നും വലിയ സ്നേഹമായിരുന്നു അവർക്ക്. നല്ല വാക്കുകൾ മാത്രമേ പറഞ്ഞിട്ടുള്ളൂ.

കോവിഡ് എസ്പിബിക്കു പിന്നാലെ ഈ മഹാ പ്രതിഭയെയും തട്ടിയെടുക്കുമ്പോൾ വലിയ സങ്കടമാണ്. ലതാജിക്ക് പകരം വയ്ക്കാൻ മറ്റൊരാളില്ല. ഭാവസാന്ദ്രമായ സ്വരവും ശ്രുതിശുദ്ധമായ ആലാപനവുമാണ് ലതാജിയെ ഇത്രകാലവും ഇത്രയേറെ ഹൃദയത്തിലേറ്റിയത്. സംഗീത ദേവതയായ സരസ്വതിയുടെ ഒരു ഭാവം തന്നെയായിരുന്നു അവർ.

പുണ്യം ചെയ്ത ആ ആത്മാവിന് നിത്യശാന്തി നേരുന്നു. പ്രണാമം.

 

English Summary: KJ Yesudas tribute to Lata Mangeshkar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com