വാനമ്പാടി, ഇനി മാന്ത്രികനാദം, മായിക ഭാവം

lata-nehru
1963 ലെ റിപ്പബ്ലിക് ദിനത്തിനു പിറ്റേന്ന് സൈനികർക്കുവേണ്ടി നടത്തിയ ഗാനാഞ്ജലിയിൽ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനൊപ്പം
SHARE

കാലം: 1963 ലെ റിപ്പബ്ലിക് ദിനത്തിനു പിറ്റേന്ന് 

വേദി: ന്യൂഡൽഹി നാഷനൽ സ്റ്റേഡിയം.

സൈനികർക്കുവേണ്ടിയുള്ള ഗാനാഞ്ജലിയിൽ കവി പ്രദീപിന്റെ വരികൾക്ക് സി.രാമചന്ദ്ര ചിട്ടപ്പെടുത്തിയ ഈണം മതിമറന്ന് ആലപിക്കുകയാണ് വാനമ്പാടി. 

ഏ മേരെ വത്തൻ കി ലോഗോം, 

തും ഖൂബ് ലഗാലോ നാരാ, 

യേ ശുഭ് ദിൻ ഹേ ഹം സബ്കാ, 

ലെഹരാ ലോ തിരംഗാ പ്യാരാ 

(പ്രിയ ദേശവാസികളേ, ആവുന്നത്ര ഉറക്കെ മുദ്രാവാക്യങ്ങൾ വിളിച്ചോളൂ, ഇന്നൊരു ശുഭദിനമാണ്, ത്രിവർണപതാക ഉയർത്തേണ്ട ദിനം.) 

പാട്ടിൽ ലയിച്ച് വേദിയിൽ കണ്ണടച്ചിരുന്ന പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു പൊടുന്നനെ വിതുമ്പി. അപൂർവ നിമിഷത്തെ ഹൃദയത്തിൽ ഏറ്റുവാങ്ങിയ സദസ്സും കണ്ണുതുടച്ചു. 

അതെ. ലതാമങ്കേഷ്കറിന്റെ സ്വരത്തിന് ഹൃദയത്തെ അലിയിപ്പിക്കാനുള്ള ശേഷിയുണ്ട്. കർഷകനായാലും പ്രധാനമന്ത്രിയായാലും അതിനു മാറ്റമില്ല. പ്രണയമായാലും വിരഹമായാലും അത് നേരേ ആസ്വാദകന്റെ ഹൃദയത്തിലേക്കു തുളച്ചുകയറും. ‘പരഖ്’ എന്ന ചിത്രത്തിൽ സലിൽ ചൗധരി ചിട്ടപ്പെടുത്തി ലത പാടിയ ‘ഓ സജ്നാ’ എന്ന ഗാനം ഓർക്കുക. 

‘മേരാ സായാ’യിലെ ‘നൈനോം മേ ബദ്രാ ഛായ’, ‘വോ കോൻ ധി’യിലെ ‘നൈനാ ബർസെ രിംജിം ജിം’, ‘അസ്ലി നഖ്‌ലി’യിലെ ‘തേരാ മേരാ പ്യാർ അമർ’, ‘മേരെ മെഹബൂബി’ലെ ‘മേരേ മെഹബൂബ് തുച്ഛേ’ തുടങ്ങിയ ഗാനങ്ങൾ ലതയുടെ ആലാപനമാധുരി പ്രകടമാക്കുന്നവയാണ്. ഇക്കൂട്ടത്തിൽ വേറിട്ടു നിൽക്കുന്ന മറ്റൊരു ഗാനമാണ് ‘ഗൈഡ്’ എന്ന സിനിമയിലെ ‘പിയാ തോസെ’ എന്ന ഗാനം. ശിവകുമാർ ശർമയുടെ സന്തൂറും ഹരിപ്രസാദ് ചൗരസ്യയുടെ ബാംസുരിയും ബജി ലോർഡിന്റെ സൈലോഫോണും ലതാമങ്കേഷ്കറുടെ അലൗകികമായ ആലാപനവും ഒന്നിക്കുന്ന അതിമനോഹരമായ ജുഗൽ ബന്ദിയായിരുന്നു ആ ഗാനം 

ലതയുടെ സ്വരമാധുരിയുടെ തണലിൽ സിനിമയുടെ പടവുകൾ കയറിയ നായികമാർ എത്രയെത്ര! മുനവർ സുൽത്താനമുതൽ റാണി മുഖർജിവരെയും മധുബാല മുതൽ മാധുരി ദീക്ഷിത് വരെയും കാമിനി കൗശൽ മുതൽ കാജോൾ വരെയും അതു നീളുന്നു. ഹൃദ്രോഗിയായ തനിക്ക് പ്രതിസന്ധിയോടു പൊരുതാൻ കരുത്തു നൽകിയത് ലതയുടെ പാട്ടുകളാണ് എന്നു പറഞ്ഞിട്ടുണ്ട് നടി മധുബാല. കോൾഷീറ്റ് നൽകുമ്പോൾ തനിക്കുവേണ്ടി പാടാൻ ലതാജി തന്നെ വേണം എന്ന് അവർ നിർബന്ധം പിടിച്ചിരുന്നു. ഇരുവരുടെയും ജീവിതത്തിൽ വഴിത്തിരിവായ ‘മഹൽ’ (1949) എന്ന ചിത്രത്തിലെ ‘ആയേഗാ ആനേവാല’ എന്ന സൂപ്പർഹിറ്റ് ഗാനംതൊട്ടു തുടങ്ങിയ ശീലം.  ‘മുഗളേ ആസം’ എന്ന ചിത്രത്തിലെ ‘പ്യാർ കിയാ തോ ഡർനാ ക്യാ’, ‘മൊഹബ്ബത് കി ജൂട്ടി മോഹെ പൻഘട്ട്’  എന്നീ ഗാനങ്ങളിലും മധുബാല–ലത കൂട്ടുകെട്ടിന്റെ മായാജാലം തൊട്ടറിഞ്ഞു. അവസാന സിനിമയായ ‘ജ്യോതി’യിലും മധുബാല പാടിയത് ലതയുടെ ശബ്ദത്തിൽത്തന്നെ. തുളവീണ ഹൃദയവുമായി വർഷങ്ങളോളം അഭിനയിച്ച് മുപ്പത്തിയാറാം വയസ്സിൽ മരിക്കുന്നതുവരെ മധുബാല ലതയുടെ പാട്ടുകളെ സ്നേഹിച്ചു. 

സ്വന്തം പാട്ടുകളുടെ ചലച്ചിത്രാവിഷ്കാരങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതായി ലത എടുത്തുപറയുന്നത് ‘സീമ’യിൽ നൂതൻ പാടി അഭിനയിച്ച ‘മൻമോഹനാ ബഡേ ഛൂട്ടേ’ എന്ന ശാസ്ത്രീയ ഗാനംതന്നെ. നൂതനുവേണ്ടി പാടുന്നതിനുമുൻപ് നൂതന്റെ അമ്മ ശോഭന സമർഥിനുവേണ്ടി പാടിയ ലത പിൽക്കാലത്ത് നൂതന്റെ സഹോദരി തനൂജയ്ക്കുവേണ്ടിയും അവരുടെ മകൾ കജോളിനുവേണ്ടിയും പാടി. 

തന്റെ ശബ്ദത്തിൽ പാടി അഭിനയിച്ച സുന്ദരികളായ നായികമാർ പലരും മൺമറഞ്ഞെന്ന സത്യം ഉൾക്കൊള്ളാൻ പ്രയാസമായതിനാൽ മീനകുമാരിയെ പോലുള്ളവരുടെ സിനിമ കണ്ടിരിക്കാനാവില്ലെന്ന് ലത ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ‘ബൈജു ബാവ്‌ര’യിലെ ‘ബച്പൻ കി മൊഹബ്ബത് കോ, ‘ദിൽ അപ്പാ ഔർ പ്രീത് പരായി’യിലെ ‘അജീബ് ദാസ്താ ഹേയേ’ , ‘അകേലി മത് ജായിയോ’യിലെ ‘വോ ജോ മിൽതേ ഥേ കഭി’...എന്നീ ഗാനങ്ങൾ സിനിമയിലെ മീനാകുമാരിക്കുവേണ്ടി ലത പാടിയതാണ്. 

ശ്രുതിശുദ്ധമായ സ്വരമാണ് ലതയുടെ പ്രത്യേകത. ഒരു ചെറിയ മൂളൽകൊണ്ടുപോലും വികാരപ്രപഞ്ചം സൃഷ്ടിക്കാൻ കഴിവുള്ള ആലാപനം. കാലത്തിന് തെല്ലും പരുക്കേൽപ്പിക്കാൻ കഴിഞ്ഞില്ല ആ ശബ്ദത്തെ. 1952ൽ ‘അൽബേലാ’ എന്ന ചിത്രത്തിനുവേണ്ടി പാടിയ ‘ധീരേ സേ ആജാ രേ അംഖിയാം മേം’ എന്ന പാട്ടിലും നാലു പതിറ്റാണ്ടിനുശേഷം 1997ൽ ‘ദിൽസേ’യ്ക്കുവേണ്ടി പാടിയ ‘കോയി ലഡ് കാ ഹെ, സബ്‌കോ ഭാത്താഹേ’ എന്ന ഗാനത്തിലും ആ സ്വരം ഒരേപോലെ മധുരിച്ചു. ശാസ്ത്രീയസംഗീതത്തിന്റെ പിൻബലമുള്ള ഗാനങ്ങളിൽ ലതയുടെ ആലാപനം വേറിട്ട ഭാവം കൈക്കൊണ്ടു.‘സുനോ സജന’ (ആയേ ദിൻ ബഹാർ കേ’) ‘ഹായ് രേ വോദിൻ ക്യോംന ആയേ’ (അനുരാധ) എന്നീ ഗാനങ്ങൾ ഉദാഹരണം. 

English Summary: Tribute to Lata Mangeshkar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS