ADVERTISEMENT

സ്വതന്ത്രഗോവയുടെ ചരിത്രത്തോളം പഴക്കമുണ്ട് റാണെ കുടുംബവും രാഷ്ട്രീയവുമായുള്ള ബന്ധത്തിന്. 11 വട്ടം നിയമസഭയിലെത്തി, എംഎൽഎയായി 50 വർഷം തികച്ച, 6 വട്ടം മുഖ്യമന്ത്രിയായ പ്രതാപ് സിങ് റാണെ ഗോവയിലെ ഏറ്റവും തലമുതിർന്ന നേതാവാണ്. റാണെയുടെ കഥ ഗോവയിൽ കോൺഗ്രസിന്റെ കൂടി ചരിത്രമാണ്. എന്നാൽ, മകൻ വിശ്വജിത്ത് റാണെ ബിജെപിയുടെ കൊടിക്കീഴിലേക്ക് മാറി നടത്തിയ രാഷ്ട്രീയനീക്കങ്ങളിൽ കാരണവർക്ക് കാലിടറി. 

ഒട്ടും മോശമല്ല, വിശ്വജിത്തിന്റെ ‘ട്രാക്ക് റെക്കോർഡും’. 4 വട്ടം കോൺഗ്രസിന്റെ എംഎൽഎ ആയി. 2017 ൽ 17 അംഗങ്ങളെ കിട്ടിയിട്ടും സർക്കാരുണ്ടാക്കാനാകതെ പകച്ചു നിന്ന കോൺഗ്രസിന്റെ നിഷ്ക്രിയത്വത്തിൽ പ്രതിഷേധിച്ച് നിയമസഭാംഗത്വവും കോൺഗ്രസ് അംഗത്വവും രാജിവച്ച് ബിജെപിയിൽ ചേർന്നു മന്ത്രിയാകുകയും ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചെത്തുകയും ചെയ്തു.17 ൽ 15 പേരും കൂടാരം വിട്ടപ്പോഴും കോൺഗ്രസിന്റെ പാളയത്തിൽ ഉറച്ചു നിന്ന 2 പേരിൽ ഒരാളാണ് പിതാവ് പ്രതാപ് സിങ് റാണെ. 

മഹാരാഷ്ട്രാ ഗോമന്തക് പാർട്ടിയുടെ എംഎൽഎയായി 1972 ൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട റാണെ 5 വർഷത്തിനു ശേഷം കോൺഗ്രസിൽ ചേർന്നു. 45 വർഷമായി കോൺഗ്രസിന്റെ നേതൃനിരയിലുണ്ട്. 1980 ൽ ആദ്യം മുഖ്യമന്ത്രിയായി. തുടർന്ന് 5 വട്ടം മുഖ്യമന്ത്രിയും 2 തവണ സ്പീക്കറുമായി. ഗോവൻ രാഷ്ട്രീയത്തിൽ ഏറ്റവും ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമായതിനാലാണ് 83 വയസ്സായിട്ടും അദ്ദേഹത്തെ വീണ്ടും കളത്തിലിറക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. അപ്പോഴാണ് മകൻ ഇടങ്കോലിട്ടത്. 

അച്ഛൻ മാന്യമായി റിട്ടയർ ചെയ്യണമെന്നും ഇനി മത്സരിച്ചാൽ അദ്ദേഹത്തിനെതിരെ മത്സരിക്കുമെന്നും വിശ്വജിത് പ്രഖ്യാപിച്ചു. പരാജയമറിയാത്ത അച്ഛൻ ഇതോടെ സംഘർഷത്തിലായി. തീരുമാനമെടുക്കാനാകാതെ കുഴങ്ങി. വിശ്വജിത്തിന്റെ ഭാര്യ ദിവ്യയെ തന്റെ മണ്ഡലമായ പോരീമിൽ ബിജെപി സ്ഥാനാർഥിയാക്കിയതോടെ പ്രതാപ് സിങ് പിന്മാറി. ഇതോടെ കോൺഗ്രസിന് തിരക്കിട്ട് വേറെ സ്ഥാനാർഥിയെ കണ്ടെത്തേണ്ടിവന്നു. 2019 ൽ പാർട്ടിയിൽ ചേർന്ന സാമൂഹിക പ്രവർത്തകനായ രഞ്ജിത് റാണെയാണ് ദൗത്യം ഏറ്റെടുത്തത്. 

വിശ്വജിത്തിന്റെ കഥയും രസമാണ്. 2007 ൽ രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ച വിശ്വജിത്തിന് കുടുംബാധിപത്യമൊഴിവാക്കാനെന്ന പേരിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചു. പക്ഷേ, വാൽപോയിയിൽ സ്വതന്ത്രനായി വിജയിച്ച വിശ്വജിത്ത് കോൺഗ്രസിന്റെ കൂട്ടുകക്ഷി സർക്കാരിൽ മന്ത്രിയായി. 3 വർഷത്തിനു ശേഷം എംഎൽഎ സ്ഥാനം രാജിവച്ച് കോൺഗ്രസ് ടിക്കറ്റിൽ വീണ്ടും മത്സരിച്ച് ജയിച്ചു. 

ഒരുപക്ഷേ ഗോവയെ നയിക്കാനുള്ള അധികാരം റാണെ കുടുംബത്തിലേക്കു തന്നെ എത്തിയേക്കും. ഇക്കുറി മറ്റൊരു കൊടിക്കീഴിലാവും എന്നു മാത്രം. മുഖ്യമന്ത്രി പ്രമോദ് സാവന്തിനെതിരെ ശക്തമായ ജനവികാരമുണ്ട്. അതിനാൽ ബിജെപിക്കു സർക്കാർ രൂപീകരിക്കാനായാൽ മുഖ്യമന്ത്രിയായി വിശ്വജിത്ത് റാണെയെ പരിഗണിച്ചേക്കും. 

English Summary: Goa politics and Pratap Singh Rane family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com