ഗാർഹിക പീഡനക്കേസ്: പെയ്സ് കുറ്റക്കാരൻ; മുൻ പങ്കാളി റിയ പിള്ളയ്ക്ക് ജീവനാംശം നൽകണം
Mail This Article
മുംബൈ ∙ മുൻ ജീവിതപങ്കാളിയായ നടി റിയ പിള്ള നൽകിയ ഗാർഹിക പീഡനക്കേസിൽ ടെന്നിസ് താരം ലിയാൻഡർ പെയ്സ് കുറ്റക്കാരനാണെന്നു കോടതി വിധിച്ചു. പ്രതിമാസം ജീവനാംശമായി ഒരു ലക്ഷം രൂപ, വീട്ടുവാടക ഇനത്തിൽ 50,000 രൂപ എന്നിവ റിയയ്ക്കു നൽകണമെന്നും മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു.
മകളുടെ വിദ്യാഭ്യാസച്ചെലവിന്റെ പങ്ക് വഹിക്കാനും നിർദേശമുണ്ട്. എന്നാൽ, ഇരുവരും ഒരുമിച്ചു താമസിച്ചിരുന്ന വീട്ടിൽ റിയ താമസം തുടർന്നാൽ, സാമ്പത്തിക സഹായം ലഭിക്കില്ലെന്നും വ്യക്തമാക്കി.
‘കരിയർ അവസാനിക്കാറായ സാഹചര്യത്തിൽ മറ്റൊരു വീട്ടിലേക്കു മാറുകയും ജീവനാംശം കൊടുക്കുകയും ഒരുമിച്ചു ചെയ്യാൻ പെയ്സിനോട് ആവശ്യപ്പെടാനാകില്ല,’ കോടതി പറഞ്ഞു. മുൻകാല പ്രാബല്യത്തോടെ ജീവനാംശം നൽകണമെന്ന റിയയുടെ ആവശ്യം തള്ളി.
8 വർഷമായി വിവാഹത്തിനു തുല്യമായ ലിവിങ് ടുഗദർ ബന്ധത്തിലാണെന്നും പെയ്സും അദ്ദേഹത്തിന്റെ പിതാവും തന്നെ വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും പീഡിപ്പിക്കുകയാണെന്നും ആരോപിച്ച് 2014ലാണു റിയ കോടതിയെ സമീപിച്ചത്. മറ്റു സ്ത്രീകളുമായി ബന്ധം പുലർത്തുന്ന പെയ്സ് മകളോടു പിതാവെന്ന നിലയിലുള്ള ചുമതലകൾ നിറവേറ്റുന്നില്ലെന്നും ഹർജിയിലുണ്ട്.
Content Highlight: Leander Paes, Rhea Pillai