ADVERTISEMENT

ന്യൂഡൽഹി ∙ വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയെങ്കിലും കോവിഡും യുദ്ധവും മൂലം ഇന്റേൺഷിപ് ചെയ്യാതെ മടങ്ങിയെത്തിയവർക്കായി ദേശീയ മെഡിക്കൽ കമ്മിഷന്റെ ആശ്വാസ നടപടി. ഫീസീടാക്കാതെ ഇവർക്ക് ഇന്ത്യയിൽ ഇന്റേൺഷിപ് പൂർത്തിയാക്കാൻ അവസരം നൽകും. ഓരോ കോളജിലും നിലവിലുള്ളതിന്റെ 7.5% അധിക സീറ്റ് വിദേശ മെഡിക്കൽ വിദ്യാർഥികളുടെ ഇന്റേൺഷിപ്പിനായി അനുവദിക്കാം. കമ്മിഷൻ അംഗീകരിച്ച കോളജുകളായിരിക്കണമെന്നു മാത്രം. സ്റ്റൈപൻഡ് ഉൾപ്പെടെ മറ്റു വിദ്യാർഥികൾക്കു ലഭിക്കുന്ന ആനുകൂല്യങ്ങളും ഇവർക്കു നൽകും. 

യുക്രെയ്നിൽനിന്നു മടങ്ങിയെത്തിയ അവസാന വർഷ എംബിബിഎസ് വിദ്യാർഥികൾക്കും നേരത്തെ കോവിഡ് മൂലം ചൈനയിൽനിന്നെത്തി തിരികെ പോകാൻ കഴിയാതിരുന്ന അവസാന വർഷ വിദ്യാർഥികൾക്കുമാകും ഇതിന്റെ പ്രയോജനം.നിലവിലെ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് നിയന്ത്രണ ചട്ടം അനുസരിച്ചു വിദേശത്തു മെഡിക്കൽ പഠനം നടത്തുന്ന ഒരാൾ അതതു സ്ഥാപനത്തിൽ തന്നെ ഇന്റേൺഷിപ്പും പൂർത്തിയാക്കണം.

അനുമതിക്ക് 3 മാനദണ്ഡം

∙ എംബിബിഎസിനു പഠിച്ച രാജ്യത്തു തന്നെ പ്രാക്ടിസ് ചെയ്യാൻ അനുമതിയുണ്ടെന്ന കാര്യം ഉറപ്പാക്കിയിരിക്കണം. ആ രാജ്യത്തെ പൗരന്മാർക്കു മെഡിക്കൽ റജിസ്ട്രേഷൻ അനുവദിക്കുന്നതിനു തുല്യമായ പരിഗണന അവിടെ എംബിബിഎസ് പഠിച്ച വിദേശികൾക്കും ലഭിക്കുന്നുണ്ടെന്നാണ് ഉറപ്പാക്കേണ്ടത്.

∙ എംബിബിഎസ് പഠനകാലയളവിൽ നേരിട്ടുള്ള പരിശീലനമോ ഇന്റേൺഷിപ്പോ നേടിയിട്ടുണ്ടെന്നതിനു രേഖാമൂലമുള്ള തെളിവു ഹാജരാക്കണം.

∙ എഫ്എംജി പരീക്ഷ പാസായിരിക്കണം.

English Summary: National Medical Commission to arrange internship for students who studied mbbs abroad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com