‘ബിജെപിയല്ലാതെ ബദലില്ല’, ചിതറി പ്രതിപക്ഷ വോട്ടുകൾ; യുപിയിൽ വീണ്ടും ‘രാജയോഗി’

INDIA-POLITICS-VOTE-BJP-YOGI
SHARE

ന്യൂഡൽഹി ∙ ഭരണവിരുദ്ധ വികാരമെന്ന പ്രചാരണത്തിന്റെ മുനയൊടിച്ചാണ് ബിജെപി യുപിയിൽ വീണ്ടും അധികാരത്തിലെത്തുന്നത്. സീറ്റു കുറഞ്ഞെങ്കിലും വോട്ടുശതമാനം കൂടിയത് പാർട്ടിക്ക് കൂടുതൽ ആഹ്ലാദം പകരുന്നു. കഴിഞ്ഞ തവണ 39.67% വോട്ട് ലഭിച്ചത് ഇത്തവണ 44.6% ആയി വർധിച്ചതായാണു പ്രാഥമിക കണക്കുകൾ. കർഷക പ്രക്ഷോഭവും തൊഴിലില്ലായ്മയും വിലക്കയറ്റവും കൂട്ടത്തിൽ ജാതിയും പറഞ്ഞ് ബിജെപിയെ മറികടക്കാനുള്ള സമാജ്‌വാദി പാർട്ടിയുടെയും പ്രതിപക്ഷത്തിന്റെയും ശ്രമങ്ങളെ സമർഥമായ ജാതി–മത സമവാക്യങ്ങളിലൂടെയും ഉറച്ചഭരണ നിർവഹണത്തിന്റെ മികവിലൂടെയുമാണു മറികടന്നത്. 

കോവിഡ് പ്രതിസന്ധിക്കാലത്ത് അന്നംതന്ന സർക്കാർ എന്ന പ്രചാരണം ജനങ്ങൾ ഏറ്റെടുത്തുവെന്നതു വ്യക്തം. അതിനെ മറികടക്കാൻ പ്രതിപക്ഷ പ്രചാരണത്തിനു കഴിഞ്ഞില്ല. വികസനം തുടരാൻ വീണ്ടും യോഗി സർക്കാർ എന്ന മുദ്രാവാക്യം ഫലിച്ചു. ബിജെപിയല്ലാതെ ബദലില്ല എന്ന തോന്നൽ സൃഷ്ടിക്കാൻ ഈ പ്രചാരണത്തിനു കഴിഞ്ഞുവെന്ന് പടിഞ്ഞാറൻ ലഖിംപുർഖേരിയിലും ഹാത്രസിലും ഉന്നാവുവിലുമൊക്കെയുണ്ടായ നേട്ടം തെളിയിക്കുന്നു. കഴിഞ്ഞ 5 വർഷം ബിജെപി വിരുദ്ധ മുന്നേറ്റത്തിന്റെ വിളഭൂമിയായിരുന്ന സ്ഥലങ്ങളാണിവ.

ബ്രാഹ്മണർക്കും യാദവ, ജാതവ സമുദായങ്ങൾക്കും ബിജെപിയോടുണ്ടായിരുന്ന അമർഷം വോട്ടാക്കി മാറ്റാനായിരുന്നു സമാജ്‌വാദി പാർട്ടിയുടെ ശ്രമം. ചെറുപ്പക്കാർക്കിടയിൽ തൊഴിലില്ലായ്മ വിഷയമാക്കാനും ശ്രമിച്ചു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസും ആവുംപോലെ ശ്രമിച്ചപ്പോൾ തണുത്ത നിലപാടിലായിരുന്നു ബിഎസ്പി. പ്രതിപക്ഷ വോട്ടുകൾ ചിതറിയത് ബിജെപിക്കു ഗുണം ചെയ്തു. കോൺഗ്രസിന് പലയിടത്തും ഒരു ശതമാനത്തിൽത്താഴെ വോട്ടാണു ലഭിച്ചത്.  

7 ഘട്ടമായി നടന്ന വോട്ടെടുപ്പിൽ ആദ്യ 3 ഘട്ടങ്ങളിൽ പ്രചാരണം നടക്കുമ്പോൾ ഭരണവിരുദ്ധ വികാരത്തിന് ചെറിയ മുൻതൂക്കമുണ്ടായിരുന്നു. ജാട്ട് ഭൂരിപക്ഷ മേഖലകളായിരുന്നു അതിൽ അധികവും. ജാട്ട് വോട്ടുകൾ കൈവിട്ടു പോകാതിരിക്കാൻ കേന്ദ്രനേതൃത്വം ശ്രമിച്ചതോടൊപ്പം ജാട്ട് വിരുദ്ധ ഒബിസി സമുദായങ്ങളെ ഒരുമിപ്പിച്ചു കൂടെ നിർത്താൻ യോഗി ആദിത്യനാഥ് ശ്രമിച്ചു. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഒബിസി നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിട്ടുപോയതിന്റെ ക്ഷീണം അതുവഴി നികത്തി. 

ജാട്ടുകൾക്ക് വേണ്ടതെല്ലാം നൽകാമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ തന്നെ പ്രത്യേക യോഗം വിളിച്ചു വാഗ്ദാനം നൽകി. ജാട്ട് വോട്ടുകൾ മുതലെടുക്കാൻ എസ്പി–ആർഎൽഡി സഖ്യം നടത്തിയ സ്ഥാനാർഥി നിർണയം ബിഎസ്പിയും അസദുദ്ദീൻ ഉവൈസിയുടെ എഐഎംഎഐഎമ്മും മുസ്‌ലിം സ്ഥാനാർഥികളെ വച്ച് പൊളിച്ചതും ബിജെപിക്കു തുണയായി. മുസ്‌ലിംവോട്ടുകൾ ഒറ്റക്കെട്ടായി സമാജ്‌വാദി പാർട്ടിക്കു പോകുന്നതിന് ഇതു തടയിട്ടു. അഖിലേഷ് യാദവിനെ നിശിതമായി വിമർശിക്കുമ്പോഴും ജാട്ട് നേതാവായ ജയന്ത് ചൗധരിയോടു മൃദുസമീപനം പുലർത്തി ജാട്ട് രോഷം തണുപ്പിക്കാനും ശ്രമിച്ചു.

വിവിധ സമുദായങ്ങളെ ഉൾപ്പെടുത്തി പട്ടിക വിഭാഗപ്പട്ടിക പുതുക്കൽ, കേന്ദ്രമന്ത്രിസഭയിലടക്കം ഒബിസി വിഭാഗത്തിനു നൽകിയ പ്രാമുഖ്യം എന്നിവ ഗുണം ചെയ്തു. വോട്ടുബാങ്കുകളായ കുർമികളെയും മത്സ്യത്തൊഴിലാളികളെയും കൂട്ടിയിണക്കുന്ന വിധം അപ്നാദളിനെയും നിഷാദ് പാർട്ടിയെയും കൂടെക്കൂട്ടിയതും ലക്ഷ്യം കണ്ടു. കോവിഡ് കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിലും ജനങ്ങൾക്കിടയിലുമുണ്ടായ അസ്വസ്ഥതകൾ മയപ്പെടുത്താൻ ആർഎസ്എസ് ദേശീയ നേതൃത്വത്തിന്റെ നിർദേശ പ്രകാരം പ്രചാരണ പ്രവർത്തനങ്ങളും തിരുത്തൽ നടപടികളുമെടുത്തു. സൗജന്യ വാക്സീൻ എല്ലാവർക്കുമെത്തിക്കാനും കോവിഡ് പ്രതിരോധത്തിൽ ഊർജിതമായി ഇടപെടാനും നടപടികളെടുത്തു. 

ക്രമസമാധാന പാലനം മുഖ്യവിഷയമാക്കിയ പാർട്ടി എതിരാളികളായ സമാജ്‌വാദി പാർട്ടി ഗുണ്ടകളുടെ പാർട്ടിയാണെന്ന പ്രചാരണത്തിന് ഊന്നൽ കൊടുത്തു. സമാജ്‌വാദി പാർട്ടിയിലെ പല നേതാക്കളും ഗുണ്ടാനിയമ പ്രകാരം അകത്തായത് അവരെ പ്രതിരോധത്തിലാക്കുകയും ചെയ്തു. എസ്പി തിരിച്ചുവന്നാൽ വീണ്ടും മാഫിയാ ഭരണം വരുമെന്ന പ്രചാരണം അവരെ പിന്തുണയ്ക്കുന്നവരിൽപ്പോലും ചലനമുണ്ടാക്കി. 

വികസനത്തിൽ പുരട്ടിയ ഹിന്ദുത്വ രാഷ്ട്രീയമാണ് ഇത്തവണ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ പയറ്റിയത്. വിലക്കയറ്റവും തൊഴിലില്ലായ്മയുമൊക്കെ ജനജീവിതത്തെ ബാധിച്ചിട്ടുണ്ടെങ്കിലും രാമക്ഷേത്ര നിർമാണവും കാശി ധാം പുനരുദ്ധാരണവും വരാനിരിക്കുന്ന മഥുര ക്ഷേത്രത്തിന്റെ വികസനവുമൊക്കെ അവരെ സ്വാധീനിച്ചു. 

റായ്ബറേലി, അമേഠി: തകർച്ച പൂർണം 

ലക്നൗ ∙ റായ്ബറേലിയിൽ ബിജെപിയുടെ അദിതി സിങ് ജയിച്ചപ്പോൾ രണ്ടാം സ്ഥാനത്തെത്തിയത് എസ്‌പിയുടെ രാംപ്രതാപ് യാദവ്. കോൺഗ്രസിന്റെ മനീഷ് ചൗഹാനു ലഭിച്ചത് 7% വോട്ടു മാത്രം. അമേഠിയിലാകട്ടെ ജയം കണ്ടത് എസ്‌പിയുടെ മഹാരാജി പ്രജാപതി. പിന്നിൽ ബിജെപിയുടെ സഞ്ജയ് സിങ്. മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസിന്റെ ആശിഷ് ശുക്ലയ്ക്ക് 8 ശതമാനത്തിനടുത്ത് വോട്ടു മാത്രം. 

പാട്ടുംപാടി ബിജെപി 

ലക്നൗ ∙ വിവാദം കത്തിപ്പടർന്ന മണ്ഡലങ്ങളിലെല്ലാം ബിജെപി നില ഭദ്രമാക്കി. ഹത്രസിൽ വൻവിജയമാണു നേടിയത്. അൻജുല സിങ് മഹൗർ 60 ശതമാനത്തിലധികം വോട്ടു നേടി. ഉന്നാവിൽ ബിജെപിയുടെ പങ്കജ് ഗുപ്ത മികച്ച ജയത്തോടെ എംഎൽഎ സ്ഥാനം നിലനിർത്തി. ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ഉന്നാവ് പെൺകുട്ടിയുടെ അമ്മയ്ക്ക് രണ്ടായിരത്തിൽ താഴെ വോട്ടു നേടാനേ കഴിഞ്ഞുള്ളൂ. ലഖിംപുരിൽ ബിജെപിയുടെ യോഗേഷ് വർമ ഒന്നാമതെത്തിയപ്പോൾ എസ്‌പിയാണു രണ്ടാമത്. 

English Summary: BJP Victory in UP 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS