ADVERTISEMENT

ന്യൂഡൽഹി ∙ ദീർഘകാലം ഉത്തർപ്രദേശ് ഭരിച്ച കോൺഗ്രസ് സൃഷ്ടിച്ച വിടവിൽ വളർന്നു പന്തലിച്ച ബഹുജൻ സമാജ് പാർട്ടിയും (ബിഎസ്പി) മായാവതിയും കോൺഗ്രസിന്റെ അതേ വഴിയിലേക്കു നീങ്ങുന്നതിന്റെ സൂചനയാണു യുപി ഫലം. കഴിഞ്ഞ തവണ 19 സീറ്റ് നേടി ആശ്വസിച്ച പാർട്ടി ഇക്കുറി കോൺഗ്രസിനെക്കാൾ നിലംപരിചായി. 4 തവണ യുപി ഭരിച്ച ബഹൻജിക്ക് ഇനിയൊരു രാഷ്ട്രീയ അങ്കത്തിന് ബാല്യമുണ്ടോയെന്ന സംശയം ശരിവയ്ക്കുന്നതായിരുന്നു പ്രചാരണഘട്ടത്തിൽ പോലും അവരുടെ പ്രകടനം. പതിവ് ഉശിരില്ലാതെ സ്ഥാനാർഥി നിർണയം, വിരലില്ലെണ്ണാവുന്ന റാലികൾ, എതിരാളികളെ കടന്നാക്രമിക്കുന്ന രീതി കൈവിട്ട നിശ്ശബ്ദത...മായാവതി എന്തുകൊണ്ട് ഇങ്ങനെയെന്നു എതിർപാർട്ടിക്കാർ പോലും നെറ്റിചുളിച്ചു. ബിജെപിക്കു വേണ്ടി ഒത്തുകളിക്കുകയാണെന്നു വ്യാഖ്യാനവും വന്നു. 

സ്കൂൾ അധ്യാപികയിൽ നിന്നു ബിഎസ്പി അധ്യക്ഷയും പിന്നീടു രാജ്യത്തെ ആദ്യ വനിത ദലിത് മുഖ്യമന്ത്രിയുമായി മാറിയ ശേഷമുള്ള മായാവതിയുടെ ഏറ്റവും ദയനീയ പ്രകടനമാണിത്.  സീറ്റെണ്ണത്തിൽ പിന്നിൽപോയെങ്കിലും സംസ്ഥാനത്ത് ഇപ്പോഴും ഏറ്റവും കൂടുതൽ വോട്ടുള്ള മൂന്നാമത്തെ പാർട്ടി ബിഎസ്പിയാണ്. വോട്ടുവിഹിതം 12.7%.

1995, 97, 2002 എന്നീ വർഷങ്ങളിൽ സഖ്യസർക്കാരുകളിൽ ഹ്രസ്വകാലത്തേക്കു മുഖ്യമന്ത്രിയായ മായാവതി ഓരോ തവണയും പാർട്ടിയുടെ വോട്ടുവിഹിതം വർധിപ്പിച്ചിരുന്നു. 2007 ൽ കേവലഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമ്പോൾ 30.43% ആയിരുന്നു വോട്ട്. 2017 ൽ 22.33% വോട്ട്.

ഈ തിരഞ്ഞെടുപ്പു ഫലം ബാക്കിയാക്കുന്നത് 2 ചോദ്യങ്ങളാണ്:  വീണ്ടുമൊരു തോൽവി മായാവതിയെ കൂടുതൽ നിശ്ശബ്ദയാക്കുമോ? നിൽക്കക്കള്ളിയില്ലാതെ ബിജെപിയുമായി കൂടുതൽ അടുക്കുമോ?

English Summary: Uttar Pradesh Assembly election result: BSP Debacle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com