ADVERTISEMENT

ന്യൂഡൽഹി ∙ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നു സമാപിക്കും. നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തേയാണിത്.  ക്രിമിനൽ നിയമ നടപടിക്രമ (തിരിച്ചറിയൽ) ബിൽ രാജ്യസഭയും പാസാക്കി. ലോക്സഭ നേരത്തേ പാസാക്കിയിരുന്നു.  

അറസ്റ്റിലാകുന്നവരുടെയും വിവിധ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെയും രക്ത സാംപിളുകൾ, ബയോമെട്രിക് രേഖകൾ എന്നിവയടക്കം ശേഖരിക്കാൻ പൊലീസിന് അധികാരം നൽകുന്ന ബില്ലാണിത്. വൻനാശം വിതയ്ക്കുന്ന ആയുധങ്ങൾക്ക് ധനസഹായം നിരോധിക്കുന്ന ബില്ലും ലോക്സഭ പാസാക്കി.

പ്രധാന ബില്ലുകൾ പാസാക്കിയതിനാലാണ് സമ്മേളനം നേരത്തേ അവസാനിപ്പിക്കുന്നത്. ഇതു സംബന്ധിച്ച് പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പ്രതിപക്ഷവുമായി ചർച്ച നടത്തി. 

രാജ്യസഭയിൽ ക്രിമിനൽ നടപടി ബില്ലിന്റെ ചർച്ചകൾക്കു മറുപടി പറഞ്ഞ ആഭ്യന്തര മന്ത്രി അമിത്ഷാ, രാഷ്ട്രീയസമരവുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റിലാകുന്നവരെ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുമെന്ന് ഉറപ്പു നൽകി. ഇരകളെ സംരക്ഷിക്കാനും കുറ്റവാളികളെ ശിക്ഷിക്കാനുമാണിതെന്ന് അദ്ദേഹം ആവർത്തിച്ചു. 

രാജ്യസഭയിൽ കേരളത്തിൽ നിന്നുള്ള പുതുമുഖം എം.പി.സന്തോഷ്കുമാറിന്റെ കന്നിപ്രസംഗവും ഇന്നലെ നടന്നു. ത്രിപുരയിലെ പട്ടികവർഗ ഭേദഗതിക്കുള്ള ബില്ലിന്റെ ചർച്ചയിലാണ് സന്തോഷ് പങ്കെടുത്തത്. ആദിവാസി വിഷയങ്ങളിൽ മുഖം മിനുക്കലല്ല, കാര്യമായ ഇടപെടലുകളും നടപടികളും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

English Summary: Parliament budget session to be over today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com