ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്ത് ഒരു ദിവസം 20,000 കോടി രൂപയുടെ ഇടപാടുകൾ ഡിജിറ്റൽ രീതിയിൽ നടക്കുന്നതായും സൗകര്യത്തിനു പുറമെ സുതാര്യതയും ഇതുമൂലം ഉണ്ടായതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മൻ കീ ബാത്ത് പ്രക്ഷേപണത്തിലാണ് ഡിജിറ്റൽ സമ്പദ് വ്യവസ്ഥ വളർന്നതിനെപ്പറ്റിയുള്ള പ്രധാനമന്ത്രിയുടെ പരാമർശം. ഡിജിറ്റൽ ഇടപാടിനുള്ള സൗകര്യങ്ങളെയും സ്റ്റാർട്അപ്പുകളെയും പറ്റിയുള്ള പുതിയ വിവരങ്ങൾ പരസ്പരം പങ്കുവയ്ക്കണമെന്നും അദ്ദേഹം പറ‍ഞ്ഞു. യുപിഐ (യുണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ്) വഴിയുള്ള ഇടപാട് മാർച്ചിൽ 10 ലക്ഷം കോടി രൂപയായി. സാങ്കേതികവിദ്യ പാവപ്പെട്ടവരുടെ ജീവിതത്തെ മാറ്റിമറിക്കാൻ പോന്ന ശക്തിയുള്ളതാണ്.

ഈദുൽ ഫിത്ർ  , അക്ഷയ ത്രിതീയ അടക്കം ഉത്സവാഘോഷങ്ങൾ വരാനുള്ളതിനാൽ കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ പാലിക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. കൈകൾ വൃത്തിയാക്കുകയും മാസ്ക് ധരിക്കുകയും വേണം.

രാജ്യത്ത് ജലസംരക്ഷണ പ്രവർത്തനങ്ങളുടെ വേഗം വർധിപ്പിക്കും. 75–ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായുള്ള ‘ആസാദി കാ അമൃത് മഹോത്സവ്’ പദ്ധതിയിൽ രാജ്യത്തെ എല്ലാ ജില്ലകളിലും 75 അമൃത് സരോവറുകൾ നിർമിക്കും. ഏതു രാജ്യത്തിന്റെയും പുരോഗതിയുടെ വേഗം നിർണയിക്കുന്നതിൽ ജലലഭ്യതയ്ക്കു പ്രധാനപങ്കുണ്ട്.

വിദ്യാർഥികളുമായി നടത്തുന്ന പരീക്ഷാ പേ ചർച്ചയിൽ ഗണിതശാസ്ത്ര വിഷയത്തിൽ ചില വിദ്യാർഥികൾ പ്രകടിപ്പിച്ച ബുദ്ധിമുട്ടിനെപ്പറ്റി പരാമർശിക്കവേ ഇന്ത്യാക്കാർക്ക് ഒരുകാലത്തും ഗണിതം ബുദ്ധിമുട്ടുള്ള വിഷയമായിരുന്നില്ല എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏറ്റവും ബുദ്ധിമുട്ടുള്ള കണക്കുകൂട്ടലുകൾക്കു പോലും വേദഗണിതം സഹായകമായി. ഇന്ത്യയ്ക്ക് ഗണിതശാസ്ത്രത്തിലുണ്ടായിരുന്ന മേധാവിത്വത്തെയും പ്രധാനമന്ത്രി പരാമർശിച്ചു.

English Summary: Mann ki Baat: Modi on digital transactions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com