ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്രമോദി 3 ദിവസത്തെ യൂറോപ്പ് സന്ദർശനത്തിനായി മേയ് 2നു പുറപ്പെടും. ജർമനി, ഡെന്മാർക്ക്, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് സന്ദർശിക്കുന്നത്. പ്രധാനമന്ത്രിയുടെ ഈ വർഷത്തെ ആദ്യ വിദേശ സന്ദർശനമാണിത്. യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിനോട് യൂറോപ്യൻ രാജ്യങ്ങൾക്ക് വിയോജിപ്പുള്ള സാഹചര്യത്തിലാണ് സന്ദർശനം ശ്രദ്ധേയമാകുന്നത്.

ബെർലിനിൽ ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യ– ജർമനി സർക്കാർതല ചർച്ചകളിൽ ഇരുവരും അധ്യക്ഷത പങ്കിടും. ചാൻസലർ ഷോൾസുമായി മോദിയുടെ പ്രഥമ കൂടിക്കാഴ്ചയാണിത്. ഒരു വാണിജ്യ ചടങ്ങിലും ഇരു നേതാക്കളും പങ്കെടുക്കുന്നുണ്ട്. ഇന്ത്യൻ സമൂഹവുമായും മോദി സംവദിക്കും. 

ജർമനിയിൽ നിന്നു ഡെന്മാർക്കിലെ കോപ്പൻഹേഗനിലെത്തുന്ന മോദി പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സനുമായി ചർച്ച നടത്തും. ഡാനിഷ് രാജ്ഞി മാർഗരറ്റുമായും കൂടിക്കാഴ്ച നടത്തും. ഇന്ത്യ–നോർഡിക് സമ്മേളനത്തിൽ പങ്കെടുക്കുന്ന മോദി,  ഇന്ത്യ– ഡെന്മാർക്ക് ബിസിനസ് ഫോറം, ഇന്ത്യൻ സമൂഹം എന്നിവരുമായും സംവദിക്കും. 

ഇന്ത്യ–നോർഡിക് ഉച്ചകോടിയിൽ ഐസ്‌ലൻഡ് പ്രധാനമന്ത്രി കാതറീൻ യാക്കോബ്സ്ഡോട്ടിർ, നോർവേ പ്രധാനമന്ത്രി ജോനാസ് ഗർ സ്റ്റോർ, സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലെന ആൻഡേഴ്സൻ, ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മാരിൻ എന്നിവരുമായും പ്രധാനമന്ത്രി ചർച്ച നടത്തും. കോവിഡാനന്തര സാമ്പത്തിക മുന്നേറ്റം, കാലാവസ്ഥാ വ്യതിയാനം, നൂതനസംരംഭങ്ങളും സാങ്കേതിക വിദ്യയും, ഹരിതോർജം തുടങ്ങിയവയാണ് നോർഡിക് ഉച്ചകോടിയിലെ വിഷയങ്ങൾ. 2018 നു ശേഷം രണ്ടാമത്തെ ഉച്ചകോടിയാണിത്. 

മടക്കയാത്രയിൽ മേയ് 4 ന് പാരിസിൽ ഹ്രസ്വ സന്ദർശനം നടത്തുന്ന മോദി പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായി കൂടിക്കാഴ്ച നടത്തും.

English Summary: Narendra Modi to Visit Europe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com