ADVERTISEMENT

ന്യൂഡൽഹി ∙ താൻ കൊല്ലപ്പെടുമെന്ന തോന്നൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കുണ്ടായിരുന്നുവെന്നു വെളിപ്പെടുത്തൽ. മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ റഷീദ് കിദ്വായി രചിച്ച ‘ലീഡേഴ്സ്, പൊളിറ്റിഷൻസ്, സിറ്റിസൻസ്’ എന്ന പുസ്തകത്തിലാണ് ഗാന്ധികുടുംബാംഗങ്ങളടക്കം 50 പ്രമുഖരുടെ ജീവിതത്തിലെ സംഭവങ്ങൾ വിവരിക്കുന്നത്. 

അംഗരക്ഷകരുടെ വെടിയേറ്റു വീഴുംമുൻപ് ഇന്ദിര കൊച്ചുമക്കളായ രാഹുലിനെയും പ്രിയങ്കയെയും കെട്ടിപ്പിടിച്ചു ചുംബിച്ചു. സ്കൂളിലേക്കു പോകാനിറങ്ങിയ ഇരുവരെയും പതിവിലും കൂടുതൽ നേരം ഇന്ദിര ചേർത്തുപിടിച്ചു. താൻ മരിച്ചാൽ കരയരുതെന്നും ചുമതലകൾ ഏറ്റെടുക്കണമെന്നും പറഞ്ഞാണു രാഹുലിനെ ഇന്ദിര യാത്രയാക്കിയത്. താൻ ജീവിതം പൂർണമായി ജീവിച്ചുതീർത്തുവെന്ന് ഏതാനും ദിവസം മുൻപ് ഇന്ദിര രാഹുലിനോടു പറഞ്ഞിരുന്നു. സംസ്കാരച്ചടങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്ന് ഇന്ദിര രാഹുലുമായി പങ്കുവച്ചു. 

indira-gandhi-cremation

വെടിയേറ്റ ഇന്ദിരയെ എയിംസ് ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. ആശുപത്രിവരാന്തയിൽ സോണിയ ഗാന്ധി അലമുറയിട്ടു കരഞ്ഞു. രാഹുലും പ്രിയങ്കയും ആക്രമിക്കപ്പെടുമെന്നു സോണിയ ഭയപ്പെട്ടു. അവിടെയെത്തിയ കുടുംബാംഗം അരുൺ നെഹ്റു, രാഹുലിനെയും പ്രിയങ്കയെയും അമിതാഭ് ബച്ചന്റെ അമ്മ തേജി ബച്ചന്റെ വസതിയിലേക്കു കൊണ്ടുപോയി. 

രാജീവും ബച്ചനും

രാജീവ് ഗാന്ധിയും അമിതാഭ് ബച്ചനും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളായിരുന്നു. ബച്ചനു 4 വയസ്സുള്ളപ്പോഴാണ് ഇരുവരും ആദ്യമായി കാണുന്നത്. അന്ന് രാജീവിനു 2 വയസ്സ്. യുപിയിലെ അലഹാബാദിൽ ബച്ചന്റെ വസതിയിൽ കുട്ടികൾക്കായി സംഘടിപ്പിച്ച പ്രഛന്നവേഷ മത്സരത്തിൽ രാജീവും പങ്കെടുത്തു. സ്വാതന്ത്ര്യസമരസേനാനിയുടെ വേഷമാണ് അവതരിപ്പിച്ചത്. പിന്നീട് ബച്ചൻ ചലച്ചിത്രനടനായപ്പോൾ കാണാൻ സെറ്റുകളിൽ രാജീവ് എത്തുമായിരുന്നു. 1982 ൽ ഗുരുതര പരുക്കേറ്റ ബച്ചനെ കാണാൻ മുംബൈയിലേക്ക് ആദ്യമെത്തിയവരിൽ ഇന്ദിരയും രാജീവുമുണ്ടായിരുന്നു. രാജീവുമായുള്ള വിവാഹത്തിന് ഇന്ത്യയിലെത്തിയ സോണിയ താമസിച്ചത് ബച്ചന്റെ ഡൽഹിയിലെ വീട്ടിലാണ്. തേജി ബച്ചനാണ് ആചാരങ്ങൾ സോണിയയെ പഠിപ്പിച്ചത്.

രാഹുൽ കരുത്തൻ

കൗമാരത്തിൽത്തന്നെ രാഹുൽ ഗാന്ധിക്കു മനക്കരുത്തും നിശ്ചയദാർഢ്യവുമുള്ളതായി ഇന്ദിര മനസ്സിലാക്കിയിരുന്നുവെന്നും രാജീവിനോടും സോണിയയോടും പോലും പങ്കുവയ്ക്കാതിരുന്ന പല കാര്യങ്ങളും രാഹുലുമായി അവർ ചർച്ച ചെയ്തിരുന്നുവെന്നും റഷീദ് കിദ്വായിയുടെ പുസ്തകത്തിലുണ്ട്. 

English Summary: Indira Gandhi foresaw her death says Rashid Kidwai in his Book

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com