ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രിമാരുടെയും സാന്നിധ്യത്തിൽ, ഭരണസംവിധാനത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണയുടെ വിമർശനം. 

നിയമവും ഭരണഘടനയും അനുസരിക്കുകയാണു സദ്ഭരണത്തിലേക്കുള്ള താക്കോലെന്നും രാജ്യത്ത് ഇതു പലപ്പോഴും വിസ്മരിക്കപ്പെടുകയാണെന്നും പറഞ്ഞ ചീഫ് ജസ്റ്റിസ്, കാര്യങ്ങൾ നേരാംവണ്ണം നടന്നാൽ കോടതികൾ ഭരണകാര്യങ്ങളിൽ ഇടപെടേണ്ടിവരില്ലെന്നും ചൂണ്ടിക്കാട്ടി. സർക്കാരുകളും ജനപ്രതിനിധികളും കോടതികളും ചുമതലകൾ നിറവേറ്റുമ്പോൾ ‘ലക്ഷ്മണരേഖ’ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ഉത്തരവുകൾ നടപ്പാക്കുന്നതിൽ മനഃപൂർവമുള്ള സർക്കാർ അലംഭാവം ആരോഗ്യകരമായ ജനാധിപത്യത്തിനു നല്ലതല്ല. മതിയായ ചർച്ചയില്ലാതെ നിയമനിർമാണം നടത്തുന്ന പ്രവണതയും ഒഴിവാക്കേണ്ടതാണ്.

മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. 

കോടതികളുടെ ഭാരം കൂടാനുള്ള പ്രധാന കാരണം ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും നിയമനിർമാണങ്ങളിലെ അവ്യക്തതയും മൂലം ഉണ്ടാകുന്ന കേസുകളാണ്. 

അധികൃതർ ചുമതലകൾ നിയമാനുസൃതം നിർവഹിച്ചാൽ ആളുകൾക്കു കോടതിയെ സമീപിക്കേണ്ടി വരില്ല. എന്നാൽ, നിയമവും ഭരണഘടനയും പലഘട്ടത്തിലും വിസ്മരിക്കപ്പെടുന്നു. തീരുമാനം നടപ്പാക്കാനുള്ള വ്യഗ്രതയിൽ സർക്കാർ നിയമവകുപ്പിന്റെ അഭിപ്രായം പോലും തേടുന്നില്ല. കോടതി ഉത്തരവുകൾ യഥാസമയം നടപ്പിലാക്കുന്നതിൽ സർക്കാരുകൾ കാട്ടുന്ന വിമുഖതയാണു കോടതിയലക്ഷ്യ കേസുകൾ പെരുകാൻ കാരണം– ജസ്റ്റിസ് രമണ പറഞ്ഞു.

കോടതിയിൽ പ്രാദേശിക ഭാഷ വേണം: മോദി

കോടതികളിൽ പ്രാദേശിക ഭാഷ ഉപയോഗിക്കണമെന്നും നിയമങ്ങൾ ലളിതഭാഷയിൽ വിശദീകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇതു നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള ആത്മവിശ്വാസം കൂട്ടും. മോദിക്കു മുൻപേ പ്രസംഗിച്ച ചീഫ് ജസ്റ്റിസ് രമണയും കോടതിയിൽ പ്രാദേശികഭാഷകൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യം ഓർമിപ്പിച്ചിരുന്നു. നിയമങ്ങൾ രണ്ടുരീതിയിൽ രേഖപ്പെടുത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ഒന്ന്, നിയമഭാഷയിലും മറ്റൊന്നു സാധാരണക്കാർക്കു വേണ്ടിയുള്ള ലളിതഭാഷയിലും. ചില രാജ്യങ്ങളിൽ ഈ സംവിധാനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

English Summary: Chief justice ramana statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com