ADVERTISEMENT

ന്യൂഡൽഹി ∙ ജർമൻ ചാൻസലർ ഒലാഫ് ഷോൾസിന്റെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ബർലിനിലെത്തും. ജർമനിയും ഡെൻമാർക്കും ഫ്രാൻസും സന്ദർശിക്കുന്ന തിരക്കിട്ട ത്രിദിന യാത്രാപരിപാടിയാണ് മോദിയുടേത്. 65 മണിക്കൂർ ദൈർഘ്യമുള്ള ത്രിദിന സന്ദർശനത്തിൽ ആകെ 25 കൂടിക്കാഴ്ചകളിലാണ് മോദി പങ്കെടുക്കുന്നത്. 

യൂറോപ്പ് വലിയ പ്രതിസന്ധികളിൽ പെട്ടിരിക്കുന്ന വേളയി‍ൽ ഇന്ത്യയുടെ സുഹൃദ്‌രാഷ്ട്രങ്ങളുമായി സഹകരണം ഊട്ടിയുറപ്പിക്കുകയാണു യാത്രയുടെ ല‌ക്ഷ്യമെന്നു പ്രധാനമന്ത്രി ഇന്നലെ പ്രസ്താവനയിൽ പറഞ്ഞു. നിർണായക കൂടിക്കാഴ്ചകൾ ഉൾപ്പെടുന്ന സുപ്രധാന യൂറോപ്യൻ യാത്രയാണിതെന്ന് പ്രത്യേക മാധ്യമസമ്മേളനത്തിൽ വിദേശകാര്യമന്ത്രാലയം അറിയിച്ചു. മൂന്നു രാജ്യങ്ങളിലെയും ഇന്ത്യൻ പ്രവാസി സമൂഹവുമായും മോദി സംവദിക്കുന്നുണ്ട്. 

വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ധനമന്ത്രി നിർമല സീതാരാമനും ഉൾപ്പെടെ മന്ത്രിമാർ യാത്രയിൽ മോദിക്കൊപ്പമുണ്ട്. ഇന്നു ബർലിനിൽ ഇന്ത്യ–ജർമനി ഇന്റർ ഗവൺമെന്റൽ കൺസൽറ്റേഷൻസ് (ഐസിജി) മോദിയും ഷോൾസും ചേർന്നു നയിക്കും. പ്രമുഖ സിഇഒമാരുമായും ഇരുവരും കൂടിക്കാഴ്ച നടത്തും. വൈകുന്നേരം ഷോൾസ് ആതിഥ്യമരുളുന്ന വിരുന്നിൽ മോദി പങ്കെടുക്കും. 

ജർമൻ സന്ദർശനം പൂർത്തിയാക്കി നാളെ ഡെൻമാർക്കിലെ കോപ്പൻഹേഗനിലേക്കു പോകുന്ന മോദി, പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണുമായി ചർച്ചകൾക്കു ശേഷം രണ്ടാം ഇന്ത്യ–നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കും. ഡെൻമാർക്ക്, ഐസ്‌ലൻഡ്, ഫിൻലൻഡ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരാണു മോദിക്കൊപ്പം ചർച്ചകളിൽ പങ്കെടുക്കുന്നത്. 2018ലായിരുന്നു ആദ്യത്തെ ഉച്ചകോടി. ഇന്ത്യ കൂടാതെ യുഎസുമായി മാത്രമാണ് നോർഡിക് രാഷ്ട്രങ്ങൾ ഇത്തരത്തിൽ ഉച്ചകോടി നടത്താറുള്ളതെന്നു വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഡെൻമാർക്കിലെ മാർഗരറ്റ് രാജ്ഞി ആതിഥ്യമരുളുന്ന ഔദ്യോഗിക വിരുന്നിലും മോദി പങ്കെടുക്കും. 

ഡെൻമാർക്കിൽനിന്നു മടങ്ങുംവഴി മറ്റന്നാൾ ഫ്രാൻസിലെ പാരിസിൽ ഇറങ്ങും. ‘രണ്ടാം തവണയും തിരഞ്ഞെടുപ്പു ജയിച്ച എന്റെ സുഹൃത്ത് പ്രസിഡന്റ് മക്രോയെ നേരിട്ടു കണ്ട് അഭിനന്ദനം അറിയിക്കാനുള്ള അവസരം കൂടിയാകും പാരിസ് സന്ദർശനം’– മോദി പ്രസ്താവനയിൽ പറഞ്ഞു. 

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായി ചർച്ചകൾക്കു ശേഷം നാലിനു രാത്രി തന്നെ ഇന്ത്യയിലേക്കു തിരിക്കും. പ്രധാനമന്ത്രിയുടെ ഈ വർഷത്തെ ആദ്യ വിദേശയാത്രയാണ്. ആദ്യത്തെ ഡെൻമാർക്ക് സന്ദർശനവുമാണ്.

English Summary: Narendra Modi to visit berlin today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com