ADVERTISEMENT

ന്യൂഡൽഹി ∙ ഒരാളെയും നിർബന്ധപൂർവം കുത്തിവയ്പെടുപ്പിക്കാൻ കഴിയില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ജീവന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം ഉറപ്പു നൽകുന്ന ഭരണഘടനയുടെ 21–ാം വകുപ്പിൽ വാക്സീൻ നിഷേധിക്കാനുള്ള സ്വാതന്ത്ര്യവും ഉൾപ്പെടും. സർക്കാരിനു പൊതുജനതാൽപര്യാർഥം നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. എന്നാൽ, നിയന്ത്രണങ്ങൾ നിയമാനുസൃതമായിരിക്കണമെന്നും കോടതി വിധിച്ചു. 

വാക്സീൻ നിർബന്ധിതകമാക്കുന്നതുൾപ്പെടെ വിഷയങ്ങൾ ഉന്നയിച്ച് ദേശീയ പ്രതിരോധ കുത്തിവയ്പുമായി ബന്ധപ്പെട്ട വാക്സീൻ ഉപദേശക സമിതി മുൻ അംഗം ഡോ. ജേക്കബ് പുളിയേൽ നൽകിയ ഹർജിയിലാണു നടപടി.

വാക്സീൻ കുത്തിവയ്പു വഴിയുള്ള വിപരീതഫലങ്ങൾ ഓൺലൈനായി റജിസ്റ്റർ ചെയ്യാൻ വ്യക്തികൾക്കും ഡോക്ടർമാർക്കും അവസരം നൽകണമെന്നും ഇവ വ്യക്തികളുടെ സ്വകാര്യത സൂക്ഷിച്ചു കൊണ്ടു തന്നെ പൊതുജനങ്ങൾക്കു പരിശോധിക്കാൻ സൗകര്യം ഉണ്ടാക്കണമെന്നും കോടതി വ്യക്തമാക്കി.

കുട്ടികൾക്കു വാക്സീൻ നൽകാനുള്ള നയപരമായ തീരുമാനം കോടതി അംഗീകരിച്ചു. ഇക്കാര്യത്തിൽ വിവിധ ക്ലിനിക്കൽ ട്രയലുകളിൽ ലഭിച്ച വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കാനും നിർദേശിച്ചു. കോവിഡിനെതിരെ കോവാക്സിൻ, കോവിഷീൽഡ് എന്നീ വാക്സീനുകൾക്ക് അടിയന്തര ഉപയോഗാനുമതി നൽകുന്നതിൽ കേന്ദ്ര സർക്കാർ ധൃതി കാട്ടിയെന്ന വാദം കോടതി തള്ളി. കേന്ദ്ര സർക്കാരിന്റെ നയം ന്യായമായിരുന്നുവെന്ന് വിലയിരുത്തി.

ഇതിനിടെ, സ്പുട്നിക് V വാക്സീൻ എടുത്തവർക്കു മറ്റു വാക്സീനുകൾ ഉപയോഗിച്ചു വീണ്ടും കുത്തിവയ്പു നൽകണമെന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു ഹർജിയും കോടതി പരിഗണിച്ചു. ഇക്കാര്യം ആരോഗ്യമന്ത്രാലയത്തിനു നിവേദനമായി നൽകാൻ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

കുട്ടികളുടെ വാക്സീൻ: യോഗം ഇന്ന്

വിദേശയാത്രയ്ക്കു പോകുന്നവർക്കു കരുതൽ ഡോസ് (മൂന്നാം ഡോസ്) നേരത്തേ നൽകേണ്ടതുണ്ടോ, 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു വാക്സീൻ നൽകാമോ എന്നീ വിഷയങ്ങൾ ദേശീയ വിദഗ്ധോപദേശക സമിതി ഇന്നു ചർച്ച ചെയ്യും. നിലവിൽ രണ്ടാം ഡോസ് എടുത്ത് 9 മാസം പിന്നിട്ടവർക്കാണു മൂന്നാം ഡോസ് നൽകുന്നത്. എന്നാൽ, വിദേശത്തു പോകുന്നവർക്കായി 6 മാസം പിന്നിട്ടാൽ മൂന്നാം ഡോസ് നൽകാൻ കഴിയുമോ എന്നതാണു സമിതി പരിശോധിക്കുക.

കോവിഡ് മരണം 5.23 ലക്ഷം

ഏപ്രിൽ 28 വരെ ഇന്ത്യയിൽ 5.23 ലക്ഷം കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിൽ 40 ലക്ഷത്തോളം പേർ മരിച്ചെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുണ്ടെന്ന വാർത്തകൾക്കിടെയാണിത്. 2020 ൽ 1.48 ലക്ഷം പേരും 2021 ൽ 3.32 ലക്ഷം പേരും ഈ വർഷം 42,207 പേരുമാണ് മരിച്ചത്. ഇതിൽ 70% പേർക്കും മറ്റു ഗുരുതര രോഗങ്ങളും ഉണ്ടായിരുന്നു.

English Summary: No one should be forced to take covid vaccine says supreme court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com