ADVERTISEMENT

ന്യൂഡൽഹി ∙ ലോകത്ത് ഏറ്റവുമധികം ആളുകൾ കോവിഡ് ബാധിച്ചു മരിച്ചത് ഇന്ത്യയിലാണെന്നു വ്യക്തമാക്കുന്ന പഠനറിപ്പോർട്ട് ലോകാരോഗ്യ സംഘടന പുറത്തുവിട്ടു. ഇതുപ്രകാരം, 2020, 2021 വർഷങ്ങളിൽ 47 ലക്ഷത്തോളം പേർ രാജ്യത്തു കോവിഡ് ബാധിതരായി മരിച്ചെന്നാണു വിലയിരുത്തൽ. കേന്ദ്രസർക്കാരിന്റെ കണക്കുമായുള്ള (2021 വരെ 4.81 ലക്ഷം) താരതമ്യത്തിൽ, പത്തിരട്ടിയോളമാണിത്. പിന്നാലെ, മരണസംഖ്യ തിട്ടപ്പെടുത്താൻ ഉപയോഗിച്ച രീതി (മാത്തമാറ്റിക്കൽ മോഡലിങ്) ശരിയല്ലെന്ന വാദവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തെത്തി.

ലോകത്തുണ്ടായ കോവിഡ് മരണങ്ങളുടെ മൂന്നിലൊന്നും ഇന്ത്യയിലായിരുന്നു. ഇന്ത്യ ഉൾപ്പെടെ ലോകജനസംഖ്യയുടെ 50% ഉൾക്കൊള്ളുന്ന 20 രാജ്യങ്ങളിലാണ് ആകെ മരണത്തിന്റെ 80%. സർക്കാരുകൾ നൽകിയ കണക്കു പരിശോധിച്ചാൽ, പാക്കിസ്ഥാനിൽ അതിന്റെ 8 ഇരട്ടിയും റഷ്യയിൽ 3.5 ഇരട്ടിയും മരണമുണ്ടായി. യുഎസിൽ 8.2 ലക്ഷമായിരുന്നു 2021 വരെ ഔദ്യോഗിക മരണ കണക്ക്. എന്നാൽ, 9.3 ലക്ഷം പേർ കൂടി മരിച്ചിട്ടുണ്ടാകും– റിപ്പോർട്ട് വ്യക്തമാക്കുന്നു. ലോകാരോഗ്യസംഘടനയുടെ കണക്കുകളോടു ചേർന്നുപോകുന്ന കണ്ടെത്തലുകളും പഠനങ്ങളും നേരത്തെയും പുറത്തുവന്നിരുന്നെങ്കിലും കേന്ദ്രം തള്ളിയിരുന്നു.

കണക്കിൽപ്പെടാതെ ലോകത്ത് 1.49 കോടി

2020, 2021 വർഷങ്ങളിൽ ലോകത്തുണ്ടായ ആകെ കോവിഡ് മരണം 60 ലക്ഷം എന്നായിരുന്നു കണക്ക്. എന്നാൽ, 1.49 കോടിയാളുകൾ കൂടി മരിച്ചിരിക്കാമെന്നു പുതിയ റിപ്പോർട്ട് പറയുന്നു. നേരിട്ടുള്ളതും കോവിഡ് ബാധയെ തുടർന്നുള്ളതുമായ മരണം ഇതിൽപെടും. ദക്ഷിണപൂർവേഷ്യ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലാണ് ഏറ്റവുമധികം. വിഷയം ഗൗരവമുള്ളതെന്നു പ്രതികരിച്ച ലോകാരോഗ്യസംഘടനയുടെ മേധാവി ട്രെഡോസ് അദാനം ഭാവിയിലേക്കു കൂടുതൽ മെച്ചപ്പെട്ട നടപടികൾക്കു നിർദേശിച്ചു.

ചൈന ഒളിച്ചുവച്ചു, ഇന്ത്യ അവഗണിച്ചു

യഥാർഥ കണക്കുകൾ നൽകിയില്ലെന്നു മാത്രമല്ല, കൃത്യമായ കോവിഡ് മരണ റിപ്പോർട്ടിങ്ങിൽ തന്നെ ഇന്ത്യ പരാജയപ്പെട്ടെന്ന സൂചനയാണ് ലോകാരോഗ്യ സംഘടനയുടെ പത്രസമ്മേളനത്തിൽ വിദഗ്ധർ പങ്കുവച്ചത്. യുഎസിന്റെയും റഷ്യയുടെയും മരണ റജിസ്ട്രേഷൻ പൂർണവും സ്ഥിരസ്വഭാവമുള്ളതുമായിരുന്നു. ചൈനയാവട്ടെ പലതും ഒളിച്ചുവച്ചു. എങ്കിലും ചൈന പതിവായി പ്രസിദ്ധീകരിക്കുന്ന വാർഷിക കണക്കുകളിൽ കൂടുതൽ വ്യക്തത ലഭിച്ചു. പാക്കിസ്ഥാനും കണക്കുകൾ നൽകിയില്ല.

നേരത്തെ പുറത്തുവിട്ട കണക്കിനും ഇന്ത്യ ഫലപ്രദമായി കോവിഡിനെ തോൽപ്പിച്ചെന്ന വാദത്തിനും എതിരാകുമെന്നതിനാൽ യഥാർഥകണക്ക് ഇപ്പോൾ ലഭ്യമായാൽ പോലും പരസ്യപ്പെടുത്താൻ ഇന്ത്യ മടിച്ചേക്കുമെന്ന് ആശങ്കയുണ്ട്.

ഇന്ത്യയിലെ കണക്കെടുപ്പ് ദുഷ്കരം

ആകെ കോവിഡ് മരണങ്ങളിൽ പകുതിയും വീടുകളിലായിരുന്നു. വിശേഷിച്ചും ഗ്രാമങ്ങളിൽ. യുപിയും ബിഹാറും പോലുള്ള സ്ഥലങ്ങളിൽ മരണ റജിസ്ട്രേഷൻ നിരക്കിൽ കാര്യമായ കുറവുണ്ട്. കൃത്യമായ മരണക്കണക്ക് പുറത്തുവരാത്തതു മൂലം കോവിഡ് വാക്സീനുകളുടെ യഥാർഥ ഫലപ്രാപ്തി വ്യക്തമാകാനും തടസ്സങ്ങളുണ്ടെന്നാണ് വിലയിരുത്തൽ.

നിഷേധിച്ച് ഇന്ത്യ, വിയോജിപ്പ് പരിഗണിക്കുമെന്ന് മറുപടി

ന്യൂഡൽഹി ∙ ഇന്ത്യയിൽ വ്യാപകമായി കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെടാതെ പോയെന്ന ലോകാരോഗ്യസംഘടന റിപ്പോർട്ട് ആരോഗ്യമന്ത്രാലയം തള്ളി. കണക്കുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. ഇതു കണക്കാക്കാൻ ഉപയോഗിച്ച രീതി തന്നെ തെറ്റാണ്. റിപ്പോർട്ട് ചെയ്യപ്പെടാതെ പോയ മരണം വളരെ കുറച്ചു മാത്രമേയുള്ളു. ഈ രീതിയിൽ മരണം തിട്ടപ്പെടുത്തുന്നതിനെ ഇന്ത്യ ആദ്യം തന്നെ എതിർത്തതാണ്. –ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

നേരത്തെ ഇന്ത്യ പുറത്തിറക്കിയ സിവിൽ റജിസ്ട്രേഷൻ റിപ്പോർട്ട് പ്രകാരം, ആകെ 81 ലക്ഷം പേരാണ് 2020 ൽ ഇന്ത്യയിൽ മരിച്ചത്. മുൻവർഷത്തെക്കാൾ അധികമായുണ്ടായ 4.74 ലക്ഷം മരണവും കോവിഡ് മൂലമാണെന്നു പറയാൻ കഴിയില്ലെന്നും ഔദ്യോഗിക കണക്കുപ്രകാരം, 2020 ൽ 1.49 ലക്ഷം പേർ മാത്രമാണ് മരിച്ചതെന്നുമാണ് ആരോഗ്യമന്ത്രാലയം വിശദീകരിക്കുന്നത്. മേയ് 3 വരെയുള്ള ഔദ്യോഗിക കണക്കിൽ ഇന്ത്യയിൽ 5.22 ലക്ഷം പേർ മാത്രമാണ് കോവിഡ് മൂലം മരിച്ചത്. 

ഇന്ത്യൻ അധികൃതരുമായി ചർച്ച നടത്തിയ ശേഷം ആവശ്യമെങ്കിൽ നിഷേധക്കുറിപ്പും റിപ്പോർട്ടിന്റെ ഭാഗമാക്കുമെന്ന് ലോകാരോഗ്യ സംഘടന പ്രതികരിച്ചു.

 

English Summary: Covid death toll India: WHO report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com