ADVERTISEMENT

കൊച്ചി ∙ വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടിയ ജനത്തിന് ഇരുട്ടടിയായി വീണ്ടും പാചകവാതക വിലവർധന. വീട്ടാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചതോടെ കേരളത്തിൽ ഗാർഹിക സിലിണ്ടർ വില 1000 രൂപയ്ക്കു മുകളിലെത്തി. 1006.50 രൂപയാണ് കൊച്ചിയിലെ പുതുക്കിയ നിരക്ക്. വാണിജ്യ സിലിണ്ടറിന് ഞായറാഴ്ച 103 രൂപ വർധിപ്പിച്ചതിനു പിന്നാലെ ഇന്നലെ 9.50 രൂപ കുറച്ചു. ഇതോടെ വില 2349.50 രൂപയിലെത്തി.

മാർച്ച് 22ന് ആണ് ഇതിനു മുൻപ് ഗാർഹിക സിലിണ്ടറിനു വില കൂട്ടിയത്. അന്നും 50 രൂപ വർധിപ്പിച്ചിരുന്നു. 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ച ശേഷമാണ് ഇന്ധന, പാചകവാതക വിലയിൽ വീണ്ടും വർധന തുടങ്ങിയത്. യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില കുതിച്ചുകയറിയതാണു കാരണമെന്നാണു വിശദീകരണം. 

രാജ്യാന്തര വിപണിയിൽ ക്രൂഡ് വില 110 ഡോളറിനു മുകളിലാണ്. മാർച്ച് 22 മുതൽ ഏപ്രിൽ 6 വരെ 16 ദിവസം കൊണ്ട് പെട്രോൾ ലീറ്ററിന് 10.02 രൂപയും ഡീസലിന് 9.68 രൂപയുമാണു വർധിപ്പിച്ചത്.

പാചകവാതകം ജിഎസ്ടി പരിധിയിൽ

ഇന്ത്യയിൽ ഇന്ധനവിലയ്ക്കുമേൽ എക്സൈസ്, കസ്റ്റംസ് നികുതിയാണു സർക്കാരുകൾ പിരിക്കുന്നതെങ്കിൽ പാചകവാതകം ജിഎസ്ടി പരിധിയിലാണ്. ഗാർഹിക സിലിണ്ടറിന് എറ്റവും കുറഞ്ഞ ജിഎസ്ടി പരിധിയായ 5% ആണ് ഈടാക്കുന്നത്. എന്നാൽ, വാണിജ്യ സിലിണ്ടറിന് 18% ആണ് ജിഎസ്ടി. ഇതു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുല്യമായാണ് (9% വീതം) ഈടാക്കുന്നത്.

സബ്സിഡി ഇല്ലാതെ 2 വർഷം

ക്രൂഡ് വില 110 ഡോളർ വരെ ഉയർന്ന 2013–14 ൽ ഗാർഹിക സിലിണ്ടർ വില 1241 രൂപ വരെ എത്തിയിട്ടുണ്ട്. എന്നാൽ സബ്സിഡി ഉണ്ടായിരുന്നതിനാൽ ഉപയോക്താവിന് ചെലവാക്കേണ്ടിയിരുന്നത് 414 രൂപ മാത്രമായിരുന്നു. യഥാർഥ വിലയുടെ പകുതിയിലധികം സബ്സിഡിയായി ലഭിച്ചിരുന്നു. എന്നാൽ 2 വർഷമായി സർക്കാർ സബ്സിഡി നൽകുന്നില്ല. 

എൽപിജി: കേന്ദ്രം സാധാരണക്കാരെ കൈവിട്ടെന്ന് രാഹുൽ

ന്യൂഡൽഹി ∙ പാചകവാതക വില വർധനയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. സാധാരണക്കാർക്കു വേണ്ടി മുൻപ് കോൺഗ്രസ് സ്ഥാപിച്ച സുരക്ഷാ കവചങ്ങളെല്ലാം കേന്ദ്രം പിൻവലിച്ചു. യുപിഎ സർക്കാരിന്റെ കാലത്ത് 827 രൂപ സബ്സിഡി നൽകിയിരുന്നതിനാൽ സിലിണ്ടറിന്റെ വില 414 രൂപയായിരുന്നു. നിലവിലെ കേന്ദ്ര സർക്കാർ സബ്സിഡി പിൻവലിച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയ്ക്കെതിരെ ലക്ഷക്കണക്കിനു കുടുംബങ്ങൾ മല്ലടിക്കുകയാണെന്നും രാഹുൽ പറഞ്ഞു.

English Summary: 50 rupees hiked in cooking gas rate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com