ADVERTISEMENT

ന്യൂഡൽഹി ∙ 124എ വകുപ്പിന്റെ നിലനിൽപ് ഒരിക്കൽ കൂടി സുപ്രീം കോടതി തന്നെ ചോദ്യം ചെയ്തെങ്കിലും അന്തിമ തീർപ്പ് കേന്ദ്ര സർക്കാരിന്റേതാകും. കോടതിയുടെ പരാമർശങ്ങളോ മരവിപ്പിക്കലോ നിയമം റദ്ദാക്കുന്നതിനു മതിയായ കാരണങ്ങളായി സർക്കാരിനു തോന്നണമെന്നില്ല. പകരം, സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു തയാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകാം നിയമത്തിന്റെ ഭാവി. മറ്റൊരു രൂപത്തിൽ നിയമം തുടരാനുള്ള സാധ്യത പ്രവചിക്കുന്ന നിയമവിദഗ്ധരും ഉണ്ട്. ഏതായാലും 124എ നിയമത്തിന്റെ പ്രയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണു തൽക്കാലം കോടതി മരവിപ്പിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പുനഃപരിശോധനയും തുടർ നടപടിയും വരുന്നതുവരെ 124എ നിലനിൽക്കുമെന്നർഥം. 

മറ്റു പല കേസുകളിലുമെന്ന പോലെ, രാജ്യദ്രോഹ വിഷയം വിശാല ബെഞ്ചിനു വിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിലും വാദം തുടങ്ങിവയ്ക്കാമെന്നതായിരുന്നു സുപ്രീം കോടതിക്കു മുന്നിലുണ്ടായിരുന്ന പ്രധാനവഴി. 124എയ്ക്കെതിരെ കടുത്ത നിലപാടുള്ള ചീഫ് ജസ്റ്റിസ് എൻ.വി.രമണ ഓഗസ്റ്റിൽ വിരമിക്കാനിരിക്കുന്നതും കോടതി വേനലവധിയിലേക്കു നീങ്ങുന്നതും ഹർജികളിലെ തീർപ്പ് അനന്തമായി വൈകിപ്പിക്കുമെന്നു കരുതിയിരിക്കെയാണ് കേന്ദ്ര സർക്കാർ തന്നെ നിലപാടു മാറ്റിയത്.

ഏതാനും സംഭവങ്ങളുടെ പേരിൽ നിയമം റദ്ദാക്കേണ്ട ആവശ്യമില്ലെന്നു പറഞ്ഞിരുന്ന കേന്ദ്ര സർക്കാർ, കോളനികാല നിയമം പുനഃപരിശോധിക്കാമെന്ന് അഭിപ്രായപ്പെട്ടതു കേസിൽ വഴിത്തിരിവായി. കേസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട തീർപ്പ് അനന്തമായി നീട്ടിക്കൊണ്ടുപോകാനായിരുന്നു ഈ മലക്കം മറിച്ചില്ലെന്നു പോലും ആക്ഷേപമുണ്ടായി. എന്നാൽ, തങ്ങളുടെ അഭിപ്രായത്തോട് കേന്ദ്രം തന്നെ യോജിച്ചിരിക്കെ കോടതിക്കു കാര്യങ്ങൾ എളുപ്പമായി. നടപടി മരവിപ്പിക്കുന്നതിനോടു സർക്കാർ യോജിച്ചില്ലെങ്കിലും കോടതിക്ക് ഇതു തടസ്സമായില്ല. 

കോടതിയുടെ ഇടപെടൽ, 124എയുടെ കാര്യത്തിൽ വേഗത്തിൽ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിനെ നിർബന്ധിതമാക്കുമെന്നു കരുതുന്നവരുണ്ട്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ദീർഘകാലമായി ജയിലിൽ കഴിയുന്നവർക്കും മറ്റും താൽക്കാലികമായെങ്കിലും ലഭിക്കുന്ന ആശ്വാസമാണ് മറ്റൊരു ഘടകം. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങൾക്ക് ആക്കം കുറയുമെന്നു വിലയിരുത്തുന്നവരും ഏറെ. 

Content Highlights: Sedition Law, Supreme Court, Government of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com